ടി വി ഇബ്രാഹിം സഭയിൽ പറഞ്ഞത് സത്യമല്ല; ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ എം എൽ എ

ടി.വി ഇബ്രാഹിമിന്റെ തെറ്റായ പ്രസ്താവനയുടെ വാസ്തവം പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. ബഡ്ജറ്റിൻ്റെ ധനാഭ്യർത്ഥന ചർച്ചക്കിടെ നിയമസഭയിൽ കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളേജുകളിൽ കോഴ്സുകൾ അനുവദിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല ടി.വി ഇബ്രാഹിം പറഞ്ഞതിനെതിരെയാണ് ജലീൽ പങ്കുവെച്ച പോസ്റ്റ്.

അദ്ദേഹം പറഞ്ഞ് സത്യമല്ല എന്നും താൻ മൂന്നുവർഷം കൊണ്ട് ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്നും ആണ് കെ ടി ജലീൽ എം എൽ എ പങ്കുവെച്ചത്.

ALSO READ: യാത്രക്കാരുടെ വർദ്ധനവ്; അധിക സർവ്വീസുമായി കൊച്ചി മെട്രോ
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

ടി.വി ഇബ്രാഹിം കളവ് പറയും എന്നെനിക്ക് അഭിപ്രായമില്ല: പക്ഷെ അദ്ദേഹം സഭയിൽ പറഞ്ഞത് സത്യമല്ല!
കഴിഞ്ഞ ആഴ്ച എൻ്റെ ഉറ്റ സുഹൃത്തും കൊണ്ടോട്ടി എം.എൽ.എയുമായ ശ്രീ ടി.വി ഇബ്രാഹിം തെറ്റായ ഒരു പ്രസ്താവന ബഡ്ജറ്റിൻ്റെ ധനാഭ്യർത്ഥന ചർച്ചക്കിടെ നിയമസഭയിൽ നടത്തിയിരുന്നു. ഞാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളേജുകളിൽ കോഴ്സുകൾ അനുവദിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം ആക്ഷേപിച്ചത്. എൻ്റെ സ്നേഹിതൻ കളവ് പറയും എന്നെനിക്ക് അഭിപ്രായമില്ല: പക്ഷെ അദ്ദേഹം ആ പറഞ്ഞ് സത്യമല്ല! അതിൻ്റെ നിജസ്ഥിതി സഭയിൽ പറയണമെന്നാണ് കരുതിയിരുന്നത്. സഭാസമ്മേളനം വെട്ടിച്ചുരുക്കിയത് കൊണ്ട് അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് മുഖപുസ്തകത്തിലൂടെ യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാമെന്ന് കരുതിയത്. ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ ഏതാണ്ട് മൂന്നുവർഷം (2018-21) ചെയ്ത കാര്യങ്ങൾ മാത്രമാണ് നമ്പറിട്ട് ചുവടെ ചേർത്തിരിക്കുന്നത്.
1) ഇരുനൂറോളം എയ്ഡഡ് ന്യൂജെൻ കോഴ്സുകൾ സംസ്ഥാനത്തെ വിവിധ ഗവ: കോളേജുകളിലും എയ്ഡഡ് കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അനുവദിച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത്രയധികം കോഴ്സുകൾ വ്യാപകമായി നൽകുന്നത്. എല്ലാ ഗവ: കോളേജുകളിലും ഏതാണ്ട് എല്ലാ എയ്ഡഡ് കോളേജുകളിലും ഓരോ കോഴ്‌സുകൾ വീതമാണ് നൽകിയത്. നാക്കിൻ്റെ A+ അക്രഡിറ്റേഷൻ ലഭിച്ച എല്ലാ കോളേജുകൾക്കും രണ്ട് കോഴ്സുകൾ വീതം കൊടുത്തു. ഹയർ എജ്യുക്കേഷൻ വകുപ്പിന് കീഴിലുള്ള മുഴുവൻ യൂണിവേഴ്സിറ്റികളിലും മൂന്ന് കോഴ്സുകൾ അനുവദിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ഉർദു ഡിപ്പാർട്ട്മെൻ്റ് ഇക്കാലമത്രയും ഉണ്ടായിരുന്നില്ല. അവിടെ എം.എ ഉർദു ഉൾപ്പടെ മൂന്ന് പി.ജി പ്രോഗ്രാമുകൾക്ക് തുടക്കമിട്ടു. കോഴ്സുകൾ അനുവദിച്ചപ്പോൾ എല്ലാവരോടും നീതി കാണിച്ചു. ആരെയും ബോധപൂർവ്വം ഒഴിവാക്കിയില്ല. മൂന്ന് എയ്ഡഡ് അറബിക് കോളേജുകളും എയ്ഡഡ് കോഴ്സുകൾ നൽകിയ കൂട്ടത്തിൽ പെടും. യൂണിവേഴ്സിറ്റികളിൽ മാത്രമുണ്ടായിരുന്ന അഞ്ചുവർഷ ഇൻ്റെഗ്രേറ്റഡ് കേഴ്സുകൾ ആദ്യമായി ആർട്സ് & സയൻസ് കോളേജുകളിൽ തുടങ്ങാനായത് ഒരു ചെറിയ കാര്യമല്ല. അതിൻ്റെ ഭാഗമായായാണ് വളാഞ്ചേരി എം.ഇ.എസ് കോളേജിലും (പ്ലാൻ്റ് സയൻസ്) തവനൂർ ഗവ: കോളേജിലും (പൊളിറ്റിക്കൽ സയൻസ്) പഞ്ചവൽസര കോഴ്‌സ് ആരംഭിച്ചത്. നാല് കോഴ്സുകൾ വീതമുള്ള അൻപത് പുതിയ കോളേജുകൾ തുടങ്ങുന്നതിന് തുല്യമാണ് കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകൾക്കും പുതിയ കോഴ്സുകൾ നൽകിയ നടപടി. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ കാട്ടിലങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ വനിതാ എയ്ഡഡ് കോളേജിനു പോലും കോഴ്‌സ് അനുവദിച്ചിരുന്നു. കൊണ്ടോട്ടി ഗവ: കോളേജിലും, EMEA കോളേജിലും കോഴ്സുകൾ അനുവദിച്ചത് ഇബ്രാഹീമിന് ഓർമ്മയില്ലേ?
2) സംസ്ഥാനത്ത് അപേക്ഷിച്ച മുഴുവൻ സ്വാശ്രയ കോളേജുകൾക്കും രണ്ട് അദ്ധ്യായന വർഷങ്ങളിലായി മൂന്ന് കോഴ്സുകൾ വീതമാണ് കൊടുത്തത്. ആയിരത്തോളം സ്വാശ്രയ കോളേജുകളാണ് കേരളത്തിൽ ഉള്ളത്. ഉദ്ദേശം ആയിരത്തോളം കോഴ്സുകളാണ് പുതുതായി രണ്ട് വർഷത്തിനിടയിൽ സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിൽ ആരംഭിച്ചത്.
3) സംസ്ഥാനത്തെ പ്രഥമ ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലത്ത് സ്ഥാപിച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് അനൗപചാരിക വിദ്യാഭ്യസത്തിലൂടെ ഗ്രാജ്വേഷനും പോസ്റ്റ് ഗ്രാജ്വേഷനും പഠിക്കാൻ സാഹചര്യമൊരുങ്ങി. പ്രസ്തുത സർവ്വകലാശാലക്ക് ശ്രീനാരായണ ഗുരുവിൻ്റെ പേര് നിർദ്ദേശിച്ചത് താങ്കളുടെ സഹപാഠിയായ അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ്.
4) മൂന്ന് എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഒട്ടോണമസ് പദവി കൊടുത്തു. (രാജഗിരി, മാർഇവാനിയോസ്, സെൻ്റ് ഗിറ്റ്സ്) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒട്ടോണമസ് പദവി സംസ്ഥാനത്ത് ആദ്യമായാണ് നൽകിയത്.
5) കേരളത്തിലെ ഐ.ടി.ഐകളിൽ പഠിച്ച കുട്ടികളുടെ പഠനം രണ്ട് വർഷത്തിൽ പരിമിതപ്പെട്ട് കിടക്കുകയായിരുന്നു. നിരവധി ഐ.ടി.ഐ കഴിഞ്ഞ കുട്ടികൾ ഉപരിപഠനത്തിന് സാദ്ധ്യതകൾ ഇല്ലാതെ വിഷമിക്കുന്ന സാഹചര്യമാണ് നില നിന്നിരുന്നത്. കേരളത്തിൽ പ്രഥമമായി ഐ.ടി.ഐ കഴിഞ്ഞ കുട്ടികൾക്ക് ലേറ്ററൽ എൻട്രിയിലൂടെ പോളീടെക്നിക്കുകളിൽ രണ്ടാം വർഷം ചേർന്നു പഠിക്കാൻ അവസരം ഒരുക്കി ഉത്തരവിട്ടു. പോളി കഴിയുന്ന അത്തരം കുട്ടികൾക്ക് എഞ്ചിനീയറിംഗ് കോളേജുകളിലും ലേറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടി എഞ്ചിനിയറിംഗ് ഡിഗ്രി കരസ്ഥമാക്കാൻ സാധിക്കുന്ന സാഹചര്യം അതിലൂടെ സംജാതമായി.
6) ഗവ: ലോ കോളേജുകളിൽ അഞ്ച് പുതിയ ബാച്ചുകൾ ആരംഭിച്ചു.
7) ഗവ: എഞ്ചിനീയറിംഗ് കോളേജുകളിൽ ആർട്ടിഫിഷ്യൽ എഞ്ചിനീയറിംഗിലും റൊബോട്ടിക്കിലും എം.ടെക് തുടങ്ങി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ അർട്ടിഫിഷ്യൽ എഞ്ചിനീയറിംഗ്, റൊബോട്ടിക്ക്, ഡിസൈൻ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ് എന്നിവയിൽ ബി.ടെക് ആരംഭിച്ചു.
😎 ഗവ: കോളേജുകളിൽ 1064 അദ്ധ്യാപക-അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് പോസ്റ്റിംഗ് നടത്തി. വർഷങ്ങളായി തടസ്സപ്പെട്ട് കിടന്ന നിയമനക്കുരുക്കാണ് അതോടെ അഴിഞ്ഞത്.
9) സർവകലാശാലകളി ൽ 319 അദ്ധ്യാപക-അനദ്ധ്യാപക പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി.
10) എയ്ഡഡ് കോളേജുകളിൽ 865 അദ്ധ്യാപക-അനദ്ധ്യാപക പോസ്റ്റുകൾ പുതുതായി സൃഷ്ടിച്ചു.
11) എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ശമ്പള ബില്ല് ഒപ്പിട്ട് നേരിട്ട് ട്രഷറിയിൽ സമർപ്പിച്ച് സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം വാങ്ങി നൽകാൻ അധികാരമുണ്ടായിരുന്നില്ല. കേരളത്തിൽ ആദ്യമായി എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാരെ ഡ്രോയിംഗ് & ഡിസ്പേഴ്സിംഗ് ഓഫീസർമാരാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.
12) യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പ്രൊഫസർഷിപ്പ് ഗവൺമെൻ്റ്, എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകർക്കു കൂടി ബാധകമാക്കി ഉത്തരവിറക്കി.
13) സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ നിശ്ചയിച്ചും നിയമന രീതികൾ വ്യക്തമാക്കിയും യോഗ്യത നിർണ്ണയിച്ചും സമഗ്രമായ നിയമം സഭയിൽ കൊണ്ടു വന്ന് പാസ്സാക്കി.
14) മലയാളം സർവകലാശാലക്കുള്ള ഭൂമി ഏറ്റെടുപ്പ് പൂർത്തിയാക്കി.
15) കേരള സാങ്കേതിക സർവകലാശാലയുടെ ഭൂമി ഏറ്റെടുപ്പിന് തുടക്കമിട്ടു.
16) കോളേജുകൾ ഇല്ലാത്ത സാമൂഹ്യമായി വളരെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കടക്കം പുതിയ ഒൻപത് ആർട്സ് & സയൻസ് കോളേജുകൾ സർക്കാർ, എയ്ഡഡ് മേഖലകളിൽ ആരംഭിച്ചു.
17) യുജിസി, AICTE വിഭാഗത്തിലെ അധ്യാപകരുടെ 7-ാം ശമ്പളപരിഷ്കരണ ഉത്തരവ് പുറത്തിറക്കി.
18) എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ വർഷങ്ങളായി മുടങ്ങിക്കിടന്ന പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ പ്രൊമോഷൻ നടപ്പിലാക്കി.
19) എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ആദ്യ സ്റ്റാറ്റ്യൂട്ട് പുറത്തിറക്കി.
20) എയ്ഡഡ് മേഖലയിലെ അധ്യാപകർക്കും ജീവനക്കാർക്കും ബാധകമാകുന്ന ആശ്രിത നിയമനം നടപ്പാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
21) ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ PTA യുടെ ഘടനയും പ്രവർത്തനരീതിയും നിർദേശിക്കുന്ന വിജ്ഞാപനം സംസ്ഥാനത്ത് ആദ്യമായി ഇറക്കി..
22) ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വിശദമായ മാർഗരേഖ പ്രസിദ്ധപ്പെടുത്തി.
23) സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും സംസ്ഥാന തല യോഗം പ്രഥമമായി തൃശൂരിൽ വിളിച്ച് കൂട്ടി. അവരുടെ പ്രശ്നങ്ങൾ കേട്ടു. സർക്കാർ തലത്തിൽ ഇത്രയും വർഷത്തിനിടയിൽ അവർക്ക് ലഭിച്ച പ്രഥമ അംഗീകാരമായിരുന്നു അത്. തുടർന്ന് കോളേജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ മീറ്റിംഗുകളിൽ സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരെയും പങ്കെടുപ്പിച്ചു.
24) അംഗീകൃത കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ നേതാക്കളെ നാലു മേഖലയിലായി വിളിച്ചു ചേർത്ത് ”സ്റ്റുഡൻ്റ് ലീഡേഴ്സ് കോൺക്ലേവ്” സംഘടിപ്പിച്ചു. അവർക്ക് മുഖ്യമന്ത്രിയുമായി സംവദിക്കാൻ ആദ്യമായി വേദിയൊരുക്കി.
25) അലീഗഡ് മുസ്ലിം സർവകലാശാലയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് അലീഗഡ് വി.സിയെ നേരിൽ പോയി കണ്ടു. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രിയുമായി പെരിന്തൽമണ്ണ ഓഫ്കാമ്പസിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ബി.ജെ.പി സർക്കാർ പൂർണ്ണമായും നിസ്സഹകരിച്ചു.
26) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമുൾകൊള്ളുന്ന 230 കോടി റൂസ ഫണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുത്ത 113 ഗവൺമെൻ്റ്, എയ്ഡഡ് കോളേജുകൾക്ക് പശ്ചാതല സൗകര്യമൊരുക്കാൻ നൽകി. UGC യുടെ മാനദണ്ഡങ്ങൾ പാലിച്ച് ഇത്രയധികം കോളേജുകൾക്ക് മറ്റൊരു സംസ്ഥാനത്തും റൂസ ഫണ്ട് ലഭിച്ചില്ല. ഏറ്റവും അധികം തുക കേരളമാണ് നേടിയെടുത്തത്.
27) നേഷണൽ സർവീസ് സ്കീം സ്വാശ്രയ കോളേജുകളിലും ആരംഭിക്കാൻ തീരുമാനിച്ചു.
28) യോഗ്യരായ അപേക്ഷകർക്ക് സ്വാശ്രയ പോളിടെക്നിക്കുകൾ ആരംഭിക്കാൻ അനുമതി നൽകി. അതോടെ പത്തോളം സ്വാശ്രയ പോളികളാണ് യാഥാർത്ഥ്യമായത്.
29) നിലവിലുള്ള സ്വാശ്രയ ലോകോളേജുകളിൽ അധിക ബാച്ചുകളും പോസ്റ്റ് ഗ്രാജ്വേഷനും നൽകി.
30) എല്ലാ സർവകലാശാലകളിലെ ഭരണസമിതികളിലും എസ്.സി-എസ്.ടി-വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തി നിയമങ്ങൾ ഭേദഗതി ചെയ്തു.
31) കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ഡി.ഗ്രി, പി.ജി അഡ്മിഷനുകളും പരീക്ഷാ കലണ്ടറുകളും ഫലപ്രഖ്യാപനവും ഏകീകരിച്ചു. ഇതിലൂടെ ഓരോ സെമസ്റ്ററിലും 90 പ്രവൃത്തി ദിവസങ്ങൾ ഉറപ്പാക്കി. അങ്ങിനെ ഡിഗ്രി കഴിഞ്ഞ ഏതൊരു കുട്ടിക്കും കേരളത്തിലെ ഏത് സർവകലാശാലക്ക് കീഴിലെ കോളേജുകളിലും പി.ജിക്ക് ചേരാൻ കഴിയുന്ന സാഹചര്യമുണ്ടായി.
32) എൻ.സി.സി വകുപ്പിൽ പീരുമേട് മഞ്ചുമലയിൽ 12 ഏക്കർ സ്ഥലത്ത് 12 കോടി ചെലവിൽ എയർസ്ട്രിപ്പും ആയിരം കുട്ടികൾക്കുള്ള പരിശീലന സൗകര്യവും ഹോസ്റ്റൽ സൗകര്യവും സജ്ജമാക്കി.
33) 18 കോടി ചെലവിൽ കോഴിക്കോട് സർവകലാശാലാ ക്യാമ്പസിൽ എൻ.സി.സി പരിശീലന കേന്ദ്രം ഒരുക്കി. 600 കേഡറ്റുകൾക്ക് ഒരേസമയത്ത് ഇവിടെ പരിശീലനം നേടാനാകും.
34) കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രവേശനത്തിന് ഡിഗ്രി യോഗ്യതയാക്കി നിശ്ചയിച്ച് പി.ജി ഡിപ്ലോമ തുടങ്ങി. സ്ഥാപനത്തിന് സ്വയംഭരണ പദവിയും നൽകി.
35) എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് 4% സംവരണം നിർബന്ധമാക്കി.
36) ഭിന്നലിംഗക്കാരായ അപേക്ഷകർക്ക് ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തി.
36) 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പ്രതിമാസം ഒരുലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചു.
37) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ ആരംഭിച്ചു.
38) മലപ്പുറം ജില്ലയിലെ തവനൂരിൽ 18 കോടി ചെലവിട്ട് ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ആരംഭിച്ചു.
39) കോളേജ് അദ്ധ്യാപകർക്ക് ഏഴാം UGC/AICTE ശമ്പള പരിഷ്കരണം നടപ്പിലാക്കി.
40) പോളിടെക്നിക് അദ്ധ്യാപകർക്ക് AlCTE ചട്ടങ്ങൾ പ്രകാരമുള്ള കരിയർ അഡ്വാൻസ്മെൻ്റ് സ്കീം യാഥാർത്ഥ്യമാക്കി.
41) മലയാള സർവകലാശാലക്ക് സ്റ്റാറ്റ്യൂട്ട് അഥവാ ചട്ടങ്ങൾ തയ്യാറാക്കി.
42) സ്വയംഭരണ കോളേജുകൾക്ക് അക്കാദമിക സ്വാതന്ത്ര്യവും, സർവകലാശാലകൾക്ക് അവയുടെ അക്കാദമിക നിലവാരവും ഉറപ്പാക്കുന്നതിനായി 2018-ലെ UGC വ്യവസ്ഥകൾക്ക് അനുസൃതമായി സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ട് വന്നു.
43) സർവകലാശാലകളുമായി ബന്ധപ്പെട്ട അഫിലിയേറ്റഡ് കോളേജുകൾ, വിദ്യാർത്ഥികൾ, എന്നിവരുടെ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ എല്ലാ സർവകലാശാലകൾക്കും ബാധകമായ ട്രിബ്യൂണൽ സ്ഥാപിച്ച് ഓർഡിനൻസ് പുറത്തിറക്കി.
44) കേരളത്തിലെ വിവിധ സർവകലാശാലകളും ദേശീയ സർവകലാശാലകളും നൽകിയിരുന്ന ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തു.
45) സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി പോസ്റ്റുകളുടെ (റജിസ്ട്രാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻ, ഫിനാൻസ് ഓഫീസർ) കാലാവധി രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികൾക്ക് സമാനമായി 4 വർഷമാക്കി നിജപ്പെടുത്തി. വി.സിക്കും പി.വി.സിക്കും മാത്രമേ നിർണ്ണിത കാലാവധി ഉണ്ടായിരുന്നുള്ളൂ.
46) മാത്തമാറ്റിക്സ് വിഷയമെടുത്ത് +2 പാസ്സാകുന്ന കുട്ടികൾക്ക് പോളീടെക്നിക്കുകളിൽ രണ്ടാം വർഷ ലേറ്ററൽ എൻട്രി നടപ്പിലാക്കി.
47) “ലീഡ്” പദ്ധതി പ്രകാരം സർവകലാശാല-സർക്കാർ കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻമാർക്ക് ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽ ലീഡർഷിപ്പ് ട്രൈനിംഗിന് അവസരമൊരുക്കി. ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കി വന്നു.
48) കോളേജ് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് “ജീവനി” സ്കീം ആർട്സ് & സയൻസ് കോളേജുകളിൽ നടപ്പിലാക്കി.
49) ആർട്സ് & സയൻസ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി കൈക്കൊണ്ടു. ആദ്യഘട്ടമായി 30 സർക്കാർ കോളേജുകളിൽ വിശ്രമ കേന്ദ്രങ്ങളുടെ പണി പൂർത്തിയാക്കി.
50) വിവിധ സർവകലാശാലകൾക്കു കീഴിലെ ഗവൺമെൻ്റ്-എയ്ഡഡ്- സ്വാശ്രയ കോളേജുകളിലെ ഡിഗ്രി പി.ജി കോഴ്സുകളുടെ ഇൻടേക്ക് (പ്രവേശനം നൽകുന്ന കുട്ടികളുടെ എണ്ണം) വർധിപ്പിച്ച് ഏകീകരിച്ചു. ഇതിലൂടെ പതിനായിരത്തോളം സീറ്റുകളുടെ വർധനവാണ് കോളേജ് തലങ്ങളിൽ സംസ്ഥാനത്ത് ഉണ്ടായത്.
51) മൂന്നു വർഷം (2018-2021) കൊണ്ട് ഇരുപതിനായിരത്തിലധികം സീറ്റുകളുടെ വർധനവ് വിവിധ ഡിഗ്രി, പി.ജി തലങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കാനായി.
തൻ്റെ സ്നേഹിതൻ ഇത്രയധികം കാര്യങ്ങൾ സി.എച്ച് ഇരുന്ന കസേരയിൽ ഇരുന്ന് ചെയ്തു എന്ന കാര്യത്തിൽ ടി.വി ഇബ്രാഹിം MLA ക്ക് സന്തോഷിക്കാം. മേൽപറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും നുണകൾ ഉണ്ടെങ്കിൽ അടുത്ത സഭാസമ്മേളനത്തിൽ പരസ്യമായി നമുക്ക് വാക്കുകൾ കൊണ്ട് മാന്യമായി ഏറ്റുമുട്ടാം. അതുകഴിഞ്ഞാലും പതിവുപോലെ നമുക്കൊരുമിച്ച് ചായ കുടിക്കാൻ പോകാം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെയും സ്വഹൃദത്തെയും രണ്ടായിത്തന്നെ നമുക്ക് കാണണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News