പണ്ഡിതൻമാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യർത്ഥനകളുമായി കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പള്ളിക്കാടുകൾ നന്നായി കാടുകൾ വെട്ടിത്തെളിയിച്ച് നല്ല ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നെങ്കിൽ അതൊരു വലിയ സേവനമാകുമെന്നും ഖബർസ്ഥാനുകൾ എന്ന് കേൾക്കുമ്പോൾ ആളുകൾക്കുള്ള ഭയവും മാറിക്കിട്ടുമെന്നും ജലീൽ കുറിച്ചു.
also read: “കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി; ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി”; മന്ത്രി പി രാജീവ്
കൂടാതെ സ്ത്രീകൾ ഉൾപ്പടെ കുടുംബ സമേതം അവരവരുടെ ബന്ധുമിത്രാദികൾക്ക് പള്ളിപ്പറമ്പിൽ വന്ന് ഉറ്റവരുടെയും ഉടയവരുടെയും ഖബറുകൾ സന്ദർശിച്ച് പ്രാർത്ഥിക്കാൻ അസരമുണ്ടാക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ യാതൊരു തെറ്റും ഉണ്ടാകാനിടയില്ല എന്നും ജലീൽ പറഞ്ഞു. ഈ രണ്ട് കാര്യങ്ങളിലും അനുകൂലമായ ഒരു തീരുമാനം പണ്ഡിതൻമാരിൽ നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും ജലീൽ വ്യക്തമാക്കി.
also read: രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍; നിരക്ക് വർധിപ്പിച്ചത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവർ
കെ ടി ജലീലിന്റെ പോസ്റ്റ്
പണ്ഡിതൻമാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യർത്ഥനകൾ!
1) മസ്ജിദുകളോട് ചേർന്നാണ് കേരളത്തിൽ ഖബർസ്ഥാനുകൾ സ്ഥിതി ചെയ്യുന്നത്. ഒരു മഹല്ലിൽ (ഇടവക, കരയോഗം) അംഗത്വമുള്ളവർ, അവരുടെ ബന്ധുമിത്രാദികൾ മരണപ്പെട്ടാൽ മറവ് ചെയ്യുന്നത് പള്ളികളോട് അനുബന്ധിച്ച ശ്മശാനങ്ങളിലാണ്. ഉദാരമതികൾ വഖഫായി (ദൈവമാർഗ്ഗത്തിൽ) സംഭാവന ചെയ്ത ഭൂമിയും ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികൾ പിരിവെടുത്ത് പണം നൽകി വാങ്ങിയ ഭൂമിയുമാണ് ഒട്ടുമിക്ക സ്ഥലത്തും ഇതിനായി പ്രയോജനപ്പെടുത്തുന്നത്. പൊതുവെ ഖബർസ്ഥാനുകൾ (ശ്മശാനങ്ങൾ) അറിയപ്പെടുന്നത് പള്ളിക്കാടുകൾ എന്നാണ്. പല മഹല്ല് കമ്മിറ്റികളും തെറ്റിദ്ധരിച്ചിരിക്കുന്നത് ഖബർസ്ഥാനുകൾ കാടുപിടിച്ചു കിടക്കുന്നതാണ് ഉത്തമം എന്നാണ്. ഈ ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പള്ളിക്കാടുകൾ നന്നായി കാടുകൾ വെട്ടിത്തെളിയിച്ച് നല്ല ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നെങ്കിൽ അതൊരു വലിയ സേവനമാകും. നമ്മുടെ ഉറ്റവരും ഉടയവരും അന്തിയുറങ്ങുന്ന സ്ഥലത്തിൻ്റെ മുകൾഭാഗം പൂക്കൾ നിറഞ്ഞ് നിൽക്കുന്നത് കാണാൻ എത്ര മനോഹരമായിരിക്കും? ഖബർസ്ഥാനുകൾ എന്ന് കേൾക്കുമ്പോൾ അളുകൾക്കുള്ള ഭയവും അതോടെ മാറിക്കിട്ടും. ഓരോരുത്തരുത്തരും അവരവരുടെ വേണ്ടപ്പെട്ടവർ അടക്കം ചെയ്യപ്പെട്ട സ്ഥലത്തിൻ്റെ മുകൾഭാഗത്തുള്ള കളകൾ പറിച്ച് വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയാൽ മരണപ്പെട്ടവരോട് കാണിക്കുന്ന വലിയ ആദരവാകും അത്.
രണ്ടടി വീതിയിൽ നടപ്പാതകൾ ഇട്ട് ഖബറുകൾ ഒരുക്കുകയും ആ ഒറ്റയടിപ്പാതകൾ നിർഭയവും അനായാസവുമായി നടക്കാൻ സൗകര്യപ്പെടുമാറ് സംവിധാനങ്ങൾ തീർക്കുകയും ചെയ്താൽ ഖബർ സന്ദർശനത്തിനത്തിന് എത്തുന്ന ബന്ധുമിത്രാദികൾക്ക് വലിയ സൗകര്യമാകും. അതിന് വരുന്ന സാമ്പത്തിക ബാദ്ധ്യത കൂട്ടായി വഹിച്ചാൽ മതിയാകും. ഏതാനും ആളുകൾ ഓരോ മഹല്ലിലും ഇതിനായി മുന്നിട്ടിറങ്ങിയാൽ എല്ലാവരും ആ പാത പിന്തുടരും. നമ്മൾ താമസിക്കുന്ന വീടും പരിസരവും കാടുമൂടി ഭീതിതമായി കിടക്കുന്നത് നമ്മളിലാരെങ്കിലും ഇഷ്ടപ്പെടുമോ? അതുപോലെത്തന്നെയല്ലേ നമ്മുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ഖബറിടങ്ങൾ?
2) രണ്ടാമത്തെ കാര്യം സ്ത്രീകൾ ഉൾപ്പടെ കുടുംബ സമേതം അവരവരുടെ ബന്ധുമിത്രാദികൾക്ക് പള്ളിപ്പറമ്പിൽ വന്ന് ഉറ്റവരുടെയും ഉടയവവരുടെയും ഖബറുകൾ സന്ദർശിച്ച് പ്രാർത്ഥിക്കാൻ അസരമുണ്ടാക്കുന്നതിനെ സംബന്ധിച്ചാണ്. സ്വന്തം ഭർത്താവിൻ്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഖബറിടങ്ങൾ വന്നു കാണുന്നതിനും പ്രാർത്ഥിക്കുന്നതിനും നമ്മുടെ സഹോദരിമാർക്ക് നിലവിൽ അവസരം ലഭിക്കുന്നില്ല. ഈയ്യടുത്ത് ഒരു ചിത്രം കാണാനിടയായി. അകാലത്തിൽ പൊലിഞ്ഞ തൻ്റെ മകൻ്റെ ഖബറിടം സന്ദർശിക്കാനാകാതെ പള്ളിപ്പറമ്പിൻ്റെ ചുറ്റുമതിലിന് പുറത്തു നിന്ന് ഒരു ഉമ്മ പ്രാർത്ഥിക്കുന്ന രംഗം. വല്ലാത്ത ഹൃദയവേദന തോന്നിയ നിമിഷമാണത്. മഹാൻമാരുടെ ദർഗ്ഗകൾ സന്ദർശിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ടെങ്കിലും സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ യാതൊരു തെറ്റും ഉണ്ടാകാനിടയില്ല.
കുടുംബ ബന്ധം മനസ്സിൽ രൂഢമൂലമാകാനും കുടുംബ സ്നേഹം അറ്റുപോകാതെ സൂക്ഷിക്കാനും ഇത് തീർച്ചയായും ഉപകരിക്കും. പെൺമക്കൾ മാത്രമുള്ള രക്ഷിതാക്കൾക്ക് ഇതൊരു വലിയ ആശ്വാസമാകും. പെൺകുട്ടികൾ മാത്രമുള്ള ഒരു പിതാവ് തൻ്റെ പെൺകുട്ടികളുടെ ആവശ്യപ്രകാരം സ്വന്തം സ്ഥലത്ത് തൻ്റെ മയ്യിത്ത് (മൃതദേഹം) സംസ്കരിക്കാൻ വസിയ്യത്ത് നൽകി. അദ്ദേഹം മരണപ്പെട്ടപ്പോൾ ബന്ധുക്കൾ പരേതൻ്റെ ആഗ്രഹം നിറവേറ്റി. പള്ളിപ്പറമ്പിൽ സംസ്കരിച്ചാൽ ഭാര്യക്കും പെൺമക്കൾക്കും തൻ്റെ ഖബർ (കുഴിമാടം) സന്ദർശിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് അങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടത്.
ഈ രണ്ട് കാര്യങ്ങളിലും അനുകൂലമായ ഒരു തീരുമാനം പണ്ഡിതൻമാരിൽ നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. മഹല്ല് ഖാളിമാരും കമ്മിറ്റികളും മേൽ സൂചിപ്പിച്ച രണ്ടു വിഷയങ്ങളിലും അനുകൂലമായി പ്രതികരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമുദായത്തിനകത്തെ നല്ല മനുഷ്യർ തീർത്തും ന്യായമായതും വിശ്വാസ വിരുദ്ധമല്ലാത്തതുമായ ടി കാര്യങ്ങൾ സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.