പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ച പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റാഫി പുതിയകടവാണ് ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ പ്രതികരിച്ച് ഡോ കെ ടി ജലീല്‍ ഇപ്പോളിതാ രംഗത്തെത്തിയിരിക്കുകയാണ്. പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല എന്നാണ് ഫേസ്ബുക്കില്‍ കെ ടി ജലീല്‍ കുറിച്ചിരിക്കുന്നത്. ‘പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ‘പാണക്കാട് പൈതൃകം’ ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്’. എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് വധഭീഷണി
ഫേസ്ബുക്ക് പോസ്റ്റ്
ആ പൂതി മനസ്സിലിരിക്കട്ടെ! എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്‍മാര്‍. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്‍മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍.
പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തില്‍ ഹൈദരലി തങ്ങളുടെ മക്കള്‍ക്ക് മാത്രം മഹത്വമില്ലെന്നാണ് ‘പൈതൃകവാദി’കളുടെ പക്ഷമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാല്‍ തലച്ചോറുള്ള ആരെയും കിട്ടില്ല.
പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ‘പാണക്കാട് പൈതൃകം’ ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.
പാണക്കാട് തങ്ങന്‍മാരില്‍ ഒരാള്‍ക്കെതിരെയും വധഭീഷണി ഉയര്‍ത്താന്‍ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങള്‍ക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഞങ്ങളെയൊക്കെ വീല്‍ചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീല്‍ചെയറിലാക്കാന്‍ ഏതൊരുത്തനും സാധിക്കൂ. ഫോണില്‍ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട. പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here