പലസ്തീൻ റാലി: ലീഗ് പിടിച്ച പുലിവാല്; തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്? കെ ടി ജലീൽ

ഇസ്രയേൽ അനുകൂല നിലപാടിനെ തുടർന്ന് ശശി തരൂരിനെതിരെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ അതൃപ്തി സമ്പാദിച്ച് ശശി തരൂരിനെ മുഖ്യാതിഥിയാക്കിയത് കൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് ലീഗിന് ഉണ്ടായത് എന്ന ചോദ്യമാണ് കെ ടി ജലീൽ ഉയർത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം കെ ടി ജലീൽ ഉന്നയിച്ചത്. തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്? പലസ്തീനിൽ കൊന്നൊടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന പിഞ്ചോമനകളുടെയും സഹോദരിമാരുടെയും പേരു പറഞ്ഞ് ഇസ്രയേലിൻ്റെ പക്ഷം പറയാൻ ശശി തരൂരിന് അവസരം ഉണ്ടാക്കിക്കൊടുത്തതിൻ്റെ പാപക്കറ “ഖിയാമത്ത്” നാൾ വരെ ലീഗിനെ വേട്ടയാടും എന്നും കെ ടി ജലീൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഫലസ്തീൻ റാലി: ലീഗ് പിടിച്ച പുലിവാല്!!
ഡാനിയൽ കാർമന് ഫലസ്തീൻ പ്രശ്നത്തിൽ ‘വിശ്വപൗരൻ’ ശശി തരൂർ, “X”-ൽ (പഴയ ട്വിറ്റർ) 12.10.2023 ന് പുലർച്ചെ 12.59-ന് കൊടുത്ത മറുപടിയാണ് താഴെ:
“മറ്റുള്ളവർ ഹമാസിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ അവരെ ഭീകരവാദ സംഘടനയായി കണക്കാക്കിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. ഹമാസ് നടത്തിയത് ഭീകരവാദ പ്രവർത്തനമാണെന്ന കാര്യത്തിൽ സംശയമില്ല. അതിനെ ഞാൻ ശക്തമായി അപലപിച്ചിട്ടുണ്ട്. എന്റെ വാക്കുകൾ വളച്ചൊടിച്ചുണ്ടാക്കിയ വാർത്താശീർഷകം കണ്ട് തെറ്റിദ്ധരിക്കരുത്. ഈ ദുരവസ്ഥയിൽ നിങ്ങളുടെയും ഇസ്രായേലിലെ മറ്റ് സുഹൃത്തുക്കളുടെയും വിഷമത്തിൽ ഞാൻ പങ്കുചേരുന്നു”.
ഇങ്ങിനെ ഒരാളെ എന്തിനാണ് ലീഗ് ഫലസ്തീൻ ഐക്യദാർഢ്യത്തിന് മുഖ്യപ്രഭാഷകനായി വിളിച്ചത്? “ഫലസ്തീനികൾ ഇസ്രായേലിനു മേൽ നടത്തിയ ഭീകരാക്രമണമാണ് പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങൾക്ക് വഴി വെച്ചത് എന്ന ശശി തരൂരിൻ്റെ പ്രസംഗമാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി നിറഞ്ഞ് നിൽക്കുന്നത്. അതും ഒരു മുസ്ലിം സംഘടനയുടെ സമ്മേളനത്തിലെ മുഖ്യപ്രഭാഷണമായാണ് പ്രസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫലസ്തീനികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവം ഏൽപ്പിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കണ്ടതായിരുന്നു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ അതൃപ്തി സമ്പാദിച്ച് ശശി തരൂരിനെ മുഖ്യാതിഥിയാക്കിയത് കൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് ലീഗിന് ഉണ്ടായത്? തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?
ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് ഫലസ്തീനികളെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്ത ഇസ്രായേലിന് ഇനിയും തലവെച്ച് കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെയാണ് ശശി തരൂർ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി ഇസ്രായേൽ ഫലസ്തീനികൾക്കു മേൽ നടത്തിവരുന്ന മനുഷ്യത്വ രഹിത ആക്രമണങ്ങളെ “ഭീകരത”യായി കാണാത്ത മാനസികാവസ്ഥയുള്ളവരെ, എന്തിനാണ് സമുദായത്തിൻ്റെ ചെലവിൽ കെട്ടുകെട്ടിച്ച് ലീഗ് കോഴിക്കോട്ടേക്ക് എടുത്തത്?
തമിഴ്നാട്ടിലെ ലീഗിൻ്റെ സഖ്യകക്ഷിയായ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനേയോ അതല്ലെങ്കിൽ അദ്ദേഹത്തിൻ്റെ മകനും മന്ത്രിയുമായ ഉദയനിധിയേയോ ലീഗിന് ക്ഷണിക്കാമായിരുന്നില്ലേ? അതുമല്ലെങ്കിൽ കോൺഗ്രസ് നേതാവും കർണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി ശിവകുമാറിനെ കൊണ്ടുവരാമായിരുന്നില്ലേ? അങ്ങിനെയെങ്കിൽ ഇങ്ങിനെയൊരു പുലിവാല് ലീഗിന് പിടിക്കേണ്ടി വരുമായിരുന്നോ?
ഫലസ്തീനിൽ കൊന്നൊടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന പിഞ്ചോമനകളുടെയും സഹോദരിമാരുടെയും പേരു പറഞ്ഞ് ഇസ്രായേലിൻ്റെ പക്ഷം പറയാൻ കോഴിക്കോട് കടപ്പുറത്ത് ശശി തരൂരിന് അവസരം ഉണ്ടാക്കിക്കൊടുത്തതിൻ്റെ പാപക്കറ “ഖിയാമത്ത്” നാൾ വരെ ലീഗിനെ വേട്ടയാടും. തീർച്ച. മേലിലെങ്കിലും ഇത്തരം പരിപാടികൾ നടത്തുമ്പോൾ ആരെയൊക്കെയാണ് പ്രസംഗിക്കാൻ വിളിക്കേണ്ടതെന്ന് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയാൽ നന്നാകും.

ALSO READ:കൊല്ലത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News