മാനവികതയുടെ അപ്പോസ്തലാ, വിട: അനുസ്മരിച്ച് കെടി ജലീൽ

മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ അനുസ്മരിച്ച് രാഷ്ട്രീയലോകവും. കലാ കേരളത്തിനും രാഷ്ട്രീയ ഭൂമികക്കും തീരാ നഷ്ടമാണ് ഇന്നസെൻ്റിൻ്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്ന് മുൻമന്ത്രി കെടി ജലീൽ.മനുഷ്യപക്ഷ രാഷ്ട്രീയമാണ് എന്നും ഇന്നസെൻ്റ് ഉയർത്തിപ്പിടിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

മാനവികതയുടെ അപ്പോസ്തലാ, വിട

കലാ കേരളത്തിനും രാഷ്ട്രീയ ഭൂമികക്കും തീരാ നഷ്ടമാണ് ഇന്നസെൻ്റിൻ്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. അടിമുടി മതേതരനായ ഇന്നസെൻ്റിനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം രാജ്യം ഏറ്റവുമധികം അഭിലഷിക്കുന്ന കാലത്താണ് അദ്ദേഹം വിട ചൊല്ലിയത്. 1948 ജനിച്ച ഇന്നസെൻ്റ് 750 ൽ അധികം സിനിമകളിൽ അഭിനയച്ച് തൻ്റെ നടന വൈഭവം തെളിയിച്ച പ്രഗൽഭനാണ്.
പതിനാറാം ലോകസഭയിൽ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്നസെൻ്റ് നർമ്മം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ജനമനസ്സുകൾ കീഴടക്കി. 1979 ൽ ചാലക്കുടി മുനിസിപ്പൽ കൗൺസിലറായും അദ്ദേഹം പ്രവർത്തിച്ചു. മലയാള സിനിമാ കലാകാരൻമാരുടെ സംഘടനയുടെ പ്രസിഡണ്ടായി നീണ്ട 15 വർഷം (2003-2018) സേവനമനുഷ്ഠിച്ച ഇന്നസെൻ്റ് അനിതരസാധാരണമായ സംഘാടന മികവാണ് പ്രകടിപ്പിച്ചത്. തൻ്റെ ജീവിതാനുഭവങ്ങളെ സരസമായി കോറിയിട്ട അദ്ദേഹത്തിൻ്റെ രചനകൾ വ്യാപകമായി വായിക്കപ്പെട്ടു.

മനുഷ്യപക്ഷ രാഷ്ട്രീയമാണ് എന്നും ഇന്നസെൻ്റ് ഉയർത്തിപ്പിടിച്ചത്. അതുകൊണ്ടു തന്നെ ഇടതുപക്ഷ ചേരിയെ ആ മഹാനടൻ നെഞ്ചോട് ചേർത്തു വെച്ചു. വർഗീയ ശക്തികളെ അദ്ദേഹം കണക്കിന് കളിയാക്കി. ഉറച്ച മതവിശ്വാസിയായിരുന്നതോടൊപ്പം തന്നെ ഇന്നസെൻ്റ് അബദ്ധ ധാരണകളെ നർമ്മത്തിൽ പൊതിഞ്ഞ് വിമർശിച്ചു. മൂന്നു തവണ സിനിമാ രംഗത്തെ നേട്ടങ്ങൾക്ക് കേരള സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ഇന്നസെൻ്റ് മികച്ച നടനുള്ള ഫിലിം ക്രിറ്റിക്ക് അവാർഡും കരസ്ഥമാക്കി. ഇതിനു പുറമെ ചെറുതും വലുതുമായ നിരവധി മറ്റു അംഗീകാരപ്പതക്കങ്ങളും അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമക്കു പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് (Nothing But Life) കന്നട സിനിമകളിലും ഇന്നസൻ്റ് വേഷമിട്ടു.

1976 സപ്തംബർ 26 നാണ് ആലിസിനെ അദ്ദേഹം നല്ലപാതിയായി സ്വീകരിച്ചത്. രണ്ട് മക്കളുണ്ട്. കേൻസറിനെ പുഞ്ചിരി തൂകി നേരിട്ട ഇന്നസെൻ്റ് തമാശകൾ പറഞ്ഞ് തന്നെ പിടികൂടാൻ വന്ന മരണത്തെ പലപ്പോഴും മടക്കി അയച്ചു. ദൈവം വിരിച്ച് കൊടുത്ത കാരുണ്യച്ചിറകിലേറി അദ്ദേഹം കുറേ ദൂരം യാത്ര ചെയ്തു.

മരണം ഒരുനാൾ എല്ലാവരെയും തേടിയെത്തും. പക്ഷെ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കുറച്ച് കാലം കൂടി ഇന്നസെൻ്റ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ടാകും. തീർച്ച. കലയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മാനവികതയുടെ അപ്പോസ്തലാ അങ്ങേക്ക് വിട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News