അതിരുകൾ ഭേദിച്ച ‘അതിരുകൾക്കുമപ്പുറം’; സൈനുദ്ദീൻ കൈനിക്കരയുടെ നോവലിനെ പ്രശംസിച്ച് കെ ടി ജലീൽ എംഎൽഎ

പ്രവാസി എഴുത്തുകാരനായ സൈനുദ്ദീൻ കൈനിക്കരയുടെ ‘അതിരുകൾക്കുമപ്പുറം’ എന്ന നോവലിനെ പ്രശംസിച്ച് കെ ടി ജലീൽ എംഎൽഎ. സൈനുദ്ദീൻ കൈനിക്കരയുടെ രണ്ടാമത്തെ നോവലാണ് ‘അതിരുകൾക്കുമപ്പുറം’. ചരാചരങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും മനുഷ്യ ബന്ധങ്ങൾക്കിടയിൽ രൂപപ്പെടുന്ന വിസ്ഫോടനവുമെല്ലാം വളരെ കയ്യൊതുക്കത്തോടെയാണ് ഹ്യുമനിസ്റ്റും ഹ്യൂമറിസ്റ്റും നരവംശ ശാസ്ത്രജ്ഞനുമായ സൈനുദ്ദീൻ കൈനിക്കര വരച്ചിടുന്നത് എന്ന് കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. പി വത്സലയുടെ വാക്കുകൾ കടമെടുത്താൽ “മികച്ച ഒരു നോവലാണ് മലയാളസാഹിത്യത്തിന് ഇതിലൂടെ ലഭിച്ചിരിക്കുന്നത് എന്നും കെ ടി ജലീൽ പറയുന്നു .

ALSO READ: 24 മണിക്കൂറിനകം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രവാസി എഴുത്തുകാരനായ സൈനുദ്ദീൻ കൈനിക്കരയുടെ രണ്ടാമത്തെ നോവലാണ് ‘അതിരുകൾക്കുമപ്പുറം’. ‘ചെക്ക്’എന്ന ആദ്യ നോവലിന് ശേഷമുള്ള കൃതി. 279 പേജുകളുള്ള പുസ്തകത്തിൻ്റെ മുഖവില 299 രൂപയാണ്. ‘അതിരുകൾക്കുമപ്പുറം’ ഇന്ത്യ ബുക്സാണ് വായനക്കാരുടെ കൈകളിൽ എത്തിച്ചിരിക്കുന്നത്. പ്രസാധക കുറിപ്പിൽ ഇന്ത്യാ ബുക്സിൻ്റെ ചീഫ് എഡിറ്റർ സലീം രണ്ടു വാചകത്തിൽ നോവലിനെയും നോവലിസ്റ്റിനെയും അതിസൂക്ഷ്മ അപഗ്രഥനത്തിന് വിധേയമാക്കി പറയുന്ന വാചകങ്ങൾ ഏറെ പ്രസക്തമാണ്: “ആഴമുള്ള ജലാശയത്തിൽ മത്സ്യം എന്നപോലെ സൈനുദ്ദീൻ, മനുഷ്യൻ്റെ എല്ലാ ആകുലതകളിലേക്കും ധർമ്മസങ്കടങ്ങളിലേക്കും ഊളിയിടുന്നു. ചരാചരങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും മനുഷ്യ ബന്ധങ്ങൾക്കിടയിൽ രൂപപ്പെടുന്ന വിസ്ഫോടനവുമെല്ലാം വളരെ കയ്യൊതുക്കത്തോടെയാണ് ഹ്യുമനിസ്റ്റും ഹ്യൂമറിസ്റ്റും നരവംശ ശാസ്ത്രജ്ഞനുമായ
സൈനുദ്ദീൻ കൈനിക്കര വരച്ചിടുന്നത്”.
പുരയെക്കാൾ ഗംഭീരമായ ഒരു പടിപ്പുരയിലൂടെയാണ് സൈനുദ്ദീൻ്റെ നോവലിലേക്ക് നാം പ്രവേശിക്കുക. താനൊരു മനുഷ്യപക്ഷ എഴുത്തുകാരിയാണ് എന്ന് പ്രഖ്യാപിച്ച്, അരികുവൽക്കരിക്കപ്പെട്ട സ്ത്രീകളുൾപ്പെടെ എല്ലാവരുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും സമത്വ സങ്കൽപ്പത്തിൽ അധിഷ്ഠിതമായി മലയാളസാഹിത്യത്തിന് സമ്മാനിച്ച അടിമുടി സോഷ്യലിസ്റ്റായ പി വത്സലയാണ് സൈനുദ്ദീൻ്റെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിൻ്റെ വരദാനമായ ആ എഴുത്തുകാരി ഭൂമിയിലെ തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി അനശ്വര ലോകത്തേക്ക് യാത്രയായത്. ഒരുപക്ഷെ, അവരുടെ അവസാന രചനകളിൽ ഒന്നാകും ഈ അവതാരിക. “അതിരുകൾക്കുമപ്പുറം എന്ന നോവൽ വായിച്ചപ്പോൾ ഒ.വി വിജയൻ്റെ ഖസാക്കിനെ ഇതിഹാസത്തിലൂടെ കടന്നു പോകുന്നത് പോലെ പലപ്പോഴും തോന്നി”യെന്ന പി വത്സലയുടെ വാക്കുകൾ മാത്രം മതി സൈനുദ്ദീൻ എന്ന എഴുത്തുകാരൻ്റെ ഗരിമ മനസ്സിലാക്കാൻ. ഒ.വി വിജയൻ എന്ന മലയാളത്തിലെ ഇതിഹാസ രചയിതാവിനോടാണ് സൈനുദ്ദീൻ കൈനിക്കര താരതമ്യം ചെയ്യപ്പെട്ടത്!
‘അതിരുകൾക്കുമപ്പുറം’ എന്ന നോവലിൻ്റെ ഇതിവൃത്തം, മലയാളത്തിൻ്റെ സൗഭാഗ്യമായ പി വത്സല കുറിച്ചത് ഇങ്ങനെയാണ്: “ഇന്ത്യ-പാക് താഴ്‌വരയിലെ മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥയാണ് ഹൃദയസ്പർശിയായി നോവലിൽ പറഞ്ഞു പോകുന്നത്”.
അത്രയൊന്നും വെളിച്ചം കടന്നു ചെന്നിട്ടില്ലാത്ത ഒരു യഥാസ്ഥിക നമ്പൂതിരി കുടുംബത്തിലെ ഹീരയെന്ന ധീരയായ പെൺകുട്ടിയുടെയും വിഷ്ണു എന്ന ഉണ്ണിയുടെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ഒരുപാട് ജീവിതങ്ങളുടെയും കഥയാണ് ‘അതിരുകൾക്കുമപ്പുറം’ എന്ന നോവലിൽ പ്രതിപാദിക്കുന്നത്. വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരൻ്റെ മകനാണ് ഉണ്ണി. പിതാവിൻ്റെ ധീര രക്തസാക്ഷിത്വം ഉണ്ണിയെ പട്ടാളക്കാക്കാരനാകാൻ പ്രചോദിപ്പിച്ചു. അമ്മ മഹേശ്വരിദേവി മകനെ പിന്തിരിപ്പിച്ചില്ല. പ്രോത്സാഹിപ്പിച്ചു.
ഉണ്ണിയുടെയും ഹീരയുടെയും വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് മിലിറ്ററി ഹെഡ്ക്വോർട്ടേഴ്സിൽ നിന്ന് ഒരു കമ്പിസന്ദേശമെത്തി: “അതിർത്തി സംഘർഷഭരിതമാണ്. ഉടൻ മടങ്ങിയെത്തുക”. രാജ്യസ്നേഹിയായ പട്ടാളക്കാരന് പിന്നീട് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. പ്രിയതമയോടും അമ്മയോടും യാത്രപറഞ്ഞ് അയാൾ ഇന്ത്യ-പാക് അതിർത്തിയിലേക്ക് തിരിച്ചു. ഇന്ത്യൻ പട്ടാളവും പാക് നുഴഞ്ഞുകയറ്റക്കാരും തമ്മിൽ ഘോരമായ ഏറ്റുമുട്ടൽ നടന്നു. കുറച്ചു പട്ടാളക്കാർക്ക് ജീവഹാനി സംഭവിച്ചു. അവരുടെ പേരുകൾ ടിവിയിലെ ഫ്ലാഷ് ന്യൂസിൽ മിന്നിമറഞ്ഞു. ഉദ്വേഗത്തോടെ ഹീര ടിവിയിലേക്ക് കണ്ണുംനട്ടിരുന്നു. തീവ്രവാദികൾ വികൃതമാക്കിയ പട്ടാളക്കാരുടെ ശരീരത്തിൽ അവശേഷിച്ചത് ഏതാനും മാംസപിണ്ഡങ്ങൾ മാത്രം! അവസാന പേരുകാരനായി വിഷ്ണുവിൻ്റെ പേരും എഴുതി കാട്ടിയതോടെ ഹീര ബോധമറ്റ് വീണു. ധീരനായ പിതാവിനെക്കുറിച്ചും ശൂരനായ മകനെക്കുറിച്ചും നാട്ടിലെ ജനങ്ങൾ ആവേശത്തോടെ സംസാരിച്ചു.
ഭർത്താവിൻ്റെ മൃതദേഹം ഒരു നോക്ക് കാണാൻ പോലും കഴിയാതെ സംസ്കരിക്കുന്നത് തകർന്ന ഹൃദയത്തോടെ നോക്കി നിൽക്കാനേ ഹീരക്കായുള്ളൂ.
പിന്നീടെല്ലാം പെട്ടന്നാണ് നടന്നത്. പണത്തോടുള്ള ആർത്തി പിതൃസ്നേഹത്തെ തോൽപ്പിച്ചപ്പോൾ, അച്ഛൻ നമ്പൂതിരി നാട്ടിലെ പുത്തൻ പണക്കാരൻ്റെ മകന് മകളെ പുനർവിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. ഹീരയോടെന്നതിനെക്കാൾ വിശാലമായ പൈതൃക ഇല്ലത്തിൻ്റെ വിപണന സാദ്ധ്യതയിലായിരുന്നു കച്ചവടക്കണ്ണുള്ള പുത്തൽ പണക്കാരൻ്റെ നോട്ടം. അതോടൊപ്പം ഹീരക്ക് കിട്ടാൻ പോകുന്ന ഭീമമായ നഷ്ടപരിഹാരത്തുകയും അവർ കണക്കുകൂട്ടി. ഹീര രണ്ടാം വിവാഹത്തെ ശക്തമായി എതിർത്തു.
അച്ഛൻ നമ്പൂതിരി മഹേശ്വരിദേവിയെ ഭീഷണിപ്പെടുത്തി ഹീരയെ വീട്ടിൽനിന്ന് ഇറക്കി വിടീച്ചു. നിസ്സഹായയായ ഹീര ഒട്ടും ഇഷ്ടമില്ലാതെ പുനർവിവാഹത്തിന് സമ്മതിച്ചു. കണ്ണീർചാലുകൾ നീന്തിക്കയറിയ ഹീര അപ്പോഴേക്കും ഒരു പുതിയ ഹീരയായി കഴിഞ്ഞിരുന്നു. പുതിയ ഭർത്താവിനെ നിർത്തേണ്ടിടത്ത് നിർത്തി അവൾ ജീവിച്ചു തുടങ്ങി. നഷ്ടപരിഹാരത്തുകയായി കിട്ടിയ സംഖ്യ ഭർത്താവിനും കുടുംബത്തിനും കൊടുക്കാതെ ഒരു ഹോട്ടൽ സമുച്ഛയം വിലക്കു വാങ്ങുന്നതിലേക്ക് നിക്ഷേപിച്ചു. വൈകാതെ ഹീര ഒരു യുവസംരംഭകയായി മാറി. അവൾക്ക് ഏറ്റവും മികച്ച യുവ സംരംഭകക്കുള്ള അവാർഡും ലഭിച്ചു.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും കഥയാണ് പിന്നീട് നോവലിലേക്ക് കടന്നുവരുന്നത്. കിഫായത്ത് എന്ന ഗോത്രവർഗ്ഗക്കാരനായ ബാലനെ മുന്നിലേക്ക് എറിഞ്ഞു പാക് തീവ്രവാദി രക്ഷപ്പെട്ടപ്പോൾ അവൻ ഉണ്ണിയുടെ കൈകളിലാണ് അകപ്പെട്ടത്. തൻ്റെ അയൽവാസിയായ ഷാനവാസിൻ്റെ മകൻ സൽമാനെ ഉണ്ണി ഓർത്തു. അവൻ്റെ അതേപ്രായമായിരുന്നു കിഫായത്തിന്. ഇന്ത്യൻ പട്ടാള ക്യാമ്പിൽ കളിച്ചും രസിച്ചും കിഫായത്തെന്ന കൊച്ചുകുട്ടി വളർന്നു. ഉണ്ണി ആയിരുന്നു അവൻ്റെ ഏറ്റവും അടുത്ത കൂട്ട്. അവനിൽ നിന്ന് തീവ്രവാദി കേമ്പുകളെ കുറിച്ച് മനസ്സിലാക്കിയ ഉണ്ണി, അവനെ കുടുംബത്തെ തിരിച്ചേൽപ്പിക്കാനും നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനും ഒരു സാഹസിക യാത്രക്ക് മുതിർന്നു. മിഷൻ വിജയിച്ചു. രഹസ്യവിവരങ്ങൾ ചോർത്തി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പട്ടാളം തുരത്തി. ആ ഓപ്പറേഷനിൽ ചില സൈനികർക്ക് ജീവഹാനി സംഭവിച്ചു. ഉണ്ണിക്ക് മാരകമായി പരിക്കേറ്റു. പാക്ക് അതിർത്തിയിലെ ഗോത്രവർഗ്ഗക്കാരുടെ കണ്ണിൽപെട്ട ഉണ്ണിയെ അവർ എടുത്തുകൊണ്ടുപോയി ചികിൽസിച്ചു. തനിക്ക് താങ്ങായ കുടുംബത്തിൻ്റെ നെടുംതൂണായ മനുഷ്യൻ്റെ മരണത്തിന് താനാണ് കാരണക്കാരനായതെന്ന കുറ്റബോധം ഉണ്ണിയെ വല്ലാതെ അലട്ടി.
ഇരുളടഞ്ഞ പാക്കിസ്ഥാൻ താഴ്വരയിലെ നിഗൂഢമായ ഗോഡൗണിലെ ഒരു വിളക്കിൻ്റെ കറുത്ത പ്രകാശമായി കടന്നുവന്ന ആഫ്രിക്കൻ വംശജനായ, ചുക്കോഒമേക്കോയുടെ ഉള്ളിൽ തട്ടുന്ന കഥയും നോവലിൻ്റെ ഭാഗമാകുന്നുണ്ട്. അതിർത്തിയിലെ മലമടക്കുകളിൽ പ്രാകൃത ജീവിതം നയിക്കുന്ന വിവിധ ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ആചാരങ്ങളും സംസ്കാരവും കുലീനമായ പെരുമാറ്റവും വ്യത്യസ്ത ഘട്ടങ്ങളിലായി നോവലിസ്റ്റ് വരച്ചുകാണിക്കുന്നത് ഒരു നരവംശ ശാസ്ത്രജ്ഞൻ്റെ മെയ് വഴക്കത്തോടെയാണ്.
അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാർ നടത്തുന്ന മയക്കുമരുന്ന് കടത്തും ആയുധ വിൽപ്പനയും അസാൻമാർഗ്ഗിക പ്രവൃത്തികളും പച്ചയായി പുസ്തകം വിളിച്ചു പറയുന്നു. ഭൂമിയിൽ വെച്ച് ചെയ്യുന്ന നന്മയുടെ ഫലം ഭൂമിയിൽ നിന്നു തന്നെ നമുക്ക് തിരിച്ചു കിട്ടുമെന്ന് ഉണ്ണിയുടെ അനുഭവം വായനക്കാരെ ബോദ്ധ്യപ്പെടുത്തും. എല്ലാ മനുഷ്യരിലും നേരിൻ്റെ തെളിമ വറ്റാത്ത ഹൃദയം ഉണ്ടെന്നാണ് ‘അതിരുകൾക്കുമപ്പുറം’ എന്ന നോവലിലെ ഓരോ കഥാപാത്രവും സാക്ഷ്യപ്പെടുത്തുന്നത്. ശത്രു രാജ്യക്കാർക്ക് നടുവിലും താനൊരു ഹിന്ദുസ്ഥാനിയാണെന്ന് തുറന്നുപറയാൻ ഉണ്ണിയിലെ ജവാൻ യാതൊരു മടിയും കാണിച്ചില്ല. എന്നിട്ടും അവർ ഉണ്ണിയെ കൈവിട്ടില്ല. അത്യാവശ്യം നടക്കാൻ കഴിയുമെന്നായപ്പോൾ നാട്ടിലെത്താൻ ഉണ്ണിയുടെ ഹൃദയം വെമ്പി. ജീവൻ പണയപ്പെടുത്തി തനിക്ക് തണലേകിയ മനുഷ്യരോട് യാത്രപറഞ്ഞ് പോരുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞാഴുകി. പട്ടാളക്കാരനും എല്ലാ മാനുഷിക വികാരങ്ങളുമുള്ള മനുഷ്യനാണെന്ന് ആ മുഹൂർത്തം ഉണ്ണിയെ പഠിപ്പിച്ചു.
നാട്ടിൽ നടക്കുന്നതൊന്നും ഏറെയൊന്നും അറിയാതെ ഒരു രാത്രി ഉണ്ണി അയൽപക്കത്തെ ഷാനവാസിനെ തേടിയെത്തുകയാണ്. നടന്നതെല്ലാം തൻ്റെ വിശ്വസ്തനായ അയൽക്കാരനുമായി ഉണ്ണി പങ്കുവെച്ചു. അവൻ്റെ കൈപിടിച്ച് ഷാനവാസ് മഹേശ്വരിദേവിയെ കാണാൻ എത്തുന്ന രംഗം ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാകൂ. മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അമ്മ ഉണ്ണിയെ വാരിപ്പുണർന്നു. അയാളുടെ കണ്ണുകൾ പതുക്കെ തൻ്റെ നല്ലപാതിയെ തേടാൻ തുടങ്ങി. കൺവെട്ടത്തെവിടെയും അവൾ പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ അമ്മ തന്നെയാണ് മകനോട് എല്ലാം പറഞ്ഞത്. അതിർത്തിയിലെ തീവ്രവാദികളുടെ വെടിയേറ്റു മരിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് ഉണ്ണി ചിന്തിച്ച നിമിഷം. അമ്മയാകട്ടെ പാതി മറച്ചുവെച്ചാണ് മകനോട് കാര്യങ്ങൾ പറഞ്ഞത്. ഉണ്ണിക്ക് സങ്കടവും അമർഷവും വേദനയും എല്ലാം ഒന്നിച്ച് അനുഭവപ്പെട്ടു. ഉണ്ണി മരിച്ചതിൻ്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരത്തുക ഹീരയാണ് വാങ്ങിയതെന്നും അതുകൊണ്ട് അവൾ വലിയ ബിസിനസുകാരി ആയതും, വാങ്ങിയ തുക അവൾ തന്നെ മടക്കിക്കൊടുക്കട്ടെ എന്നും മഹേശ്വരിദേവി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.
മഞ്ഞുവീണ നാട്ടുവഴികളിലൂടെ നൈജീരിയക്കാരനായ കറുത്ത വർഗ്ഗക്കാരൻ ചുക്കോയുടെ തോളിൽ പിടിച്ച് തന്നെ സ്നേഹിക്കുകയും ചികിൽസിച്ച് സംരക്ഷിക്കുകയും ചെയ്ത നല്ല മനുഷ്യരോട് വിടപറഞ്ഞ് പിരിഞ്ഞപ്പോൾ അവരുടെ മുഖത്ത് കളിയാടിയ സ്നേഹം ഉണ്ണിയുടെ സ്മൃതിപഥങ്ങളിൽ തെളിഞ്ഞു. തന്നെത്തേടി വന്ന പാക്ക് പട്ടാളക്കാരോടും പോലീസിനോടും സി.ഐ.ഡിമാരോടും കളവു പറഞ്ഞു തന്നെ രക്ഷിച്ച മനുഷ്യർ അയാളുടെ ഓർമ്മകളിൽ നിറഞ്ഞൊഴുകി. കൂരിരുട്ടിൽ ജീവിക്കുന്നു എന്ന് പരിഷ്കാരികൾ കരുതുന്ന അപരിഷ്കൃതരുടെ ഹൃദയത്തിൻ്റെ വെൺമ ഉണ്ണിയുടെ കണ്ണിൽ ഇരച്ചെത്തി. തനിക്കു വേണ്ടി ജീവാർപ്പണം ചെയ്ത ദൈവദൂതനായ ഗ്രാമത്തിലെ സ്നേഹസ്വരൂപൻ്റെ കുടുംബത്തെ കഴിയാവുന്നിടത്തോളം സഹായിക്കാനായ കൃതാർത്ഥതയിൽ പിറന്ന ദേശത്തേക്കോടിയെത്തിയ ഉണ്ണിയുടെ ഓർമ്മപ്പുറത്തേക്ക് കഴിഞ്ഞതെല്ലാം ഒരു സ്ക്രീനിലെന്നോണം തെളിഞ്ഞുവന്നു.
നാട്ടിലെ മനുഷ്യരിലും കനിവും സത്യസന്ധതയും ഉള്ളവരുണ്ടെന്ന് അധികം വൈകാതെ ഉണ്ണിക്ക് ഗ്രഹിക്കാനായി. കുരുവിള മാഷാണ് തെറ്റിദ്ധാരണയുടെ മൂടുപടം എടുത്തു മാറ്റിയത്. ഉണ്ണിയുടെ മരണത്തെ തുടർന്ന് കിട്ടിയ നഷ്ടപരിഹാരത്തുക കൊണ്ട് വാങ്ങിയ സ്ഥാപനത്തിൻ്റെ യഥാർത്ഥ ഉടമ മഹേശ്വരി ദേവിയാണെന്ന് തെളിയിക്കുന്ന പ്രമാണം മാഷ് ഉണ്ണിക്കും മഹേശ്വരി ദേവിക്കും നേരെ നീട്ടി. കൂടെ മറ്റൊരു സത്യം കൂടി അദ്ദേഹം വെളിപ്പെടുത്തി. ഹീരക്ക് ഒരു ഭർത്താവേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. അത് ഉണ്ണിയാണ്. രണ്ടാം ഭർത്താവുമൊത്ത് ഒരു ദിവസം പോലും അവൾ കിടപ്പറ പങ്കിട്ടിട്ടില്ല. ഉണ്ണി നിന്ന നിൽപ്പിൽ ഐസ്കട്ട പോലെ ഉരുകി ഒലിച്ചു. പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ലോകത്തിൻ്റെ ഏതു കോണിലാണെങ്കിലും സംഗമിക്കുകതന്നെ ചെയ്യുമെന്ന മാനവിക സന്ദേശം പ്രസരിപ്പിച്ചാണ് പ്രവാസി എഴുത്തുകാരനായ സൈനുദ്ദീൻ കൈനിക്കരയുടെ ‘അതിരുകൾക്കുമപ്പുറം’എന്ന നോവൽ അവസാനിക്കുന്നത്.
കെട്ടിലും മട്ടിലും കഥ പറയുന്ന ശൈലിയിലുമെല്ലാം വ്യതിരിക്തത പുലർത്തുന്ന രചനയാണ് സൈനുദ്ദീൻ്റേത്.
പി വത്സലയുടെ വാക്കുകൾ കടമെടുത്താൽ “മികച്ച ഒരു നോവലാണ് മലയാളസാഹിത്യത്തിന് ഇതിലൂടെ ലഭിച്ചിരിക്കുന്നത്”. ഇരുത്തംവന്ന എഴുത്തുകാരുടെ പട്ടികയിലേക്ക് ഇതാ ഒരാൾകൂടി നടന്നെത്തിയിരിക്കുന്നു. പ്രവാസം തീർത്ത ഏകാന്തതയിലും മലയാളഭാഷയുടെ സൗന്ദര്യം ചോരാതെ സൂക്ഷിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. കഥാപരിസരം തവനൂരും കുറ്റിപ്പുറവും എടപ്പാളുമൊക്കെയാണ്. അദ്ധ്യായങ്ങൾ അടുക്കിയത് വായനക്കാരന് മുഷിപ്പ് തോന്നാത്തവിധമാണ്. ചില സ്ഥലങ്ങളിൽ കടന്നുവരുന്ന ഇംഗ്ലീഷ് വാചകങ്ങളുടെ അർത്ഥവും കൂടി ചേർത്തിരുന്നെങ്കിൽ പുസ്തകം കൂടുതൽ ലളിതമായേനെ. ഏത് ഗണത്തിൽ പെടുന്നവർക്കും വായിക്കാൻ പറ്റുന്ന രചനയാണ് ‘അതിരുകൾക്കുമപ്പുറം’.
(പുതുവർഷ പുലരിയിലെ ആദ്യ പോസ്റ്റ് ഒരു പുസ്തക പരചയമായതിൽ ഒരുപാട് സന്തോഷം. എൻ്റെ ഒൻപതാമത്തെ പുസ്തകമായ “ക്ഷേത്രസമൃദ്ധമായ ഇന്തോനേഷ്യ” (യാത്രാവിവരണവും ചരിത്രവും) ഉടൻ പുറത്തിറങ്ങും. ചിന്തയാണ് പ്രസാധകർ. വിശദവിവരങ്ങൾ പിറകെ)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News