ഒരു പ്രവാചകനെയും മുഹമ്മദ് നബി തള്ളിപ്പറഞ്ഞില്ല;മറ്റുള്ളവരുടെ ആരാധനാ മൂര്‍ത്തികളെ ചീത്ത പറയരുതെന്ന് ഖുര്‍ആന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട് വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കെടി ജലീല്‍
ആശംസയുടെ പൂര്‍ണരൂപം;
മനുഷ്യമനസ്സുകളില്‍ അനുകമ്പയും ആര്‍ദ്രതയും മാനവികതയും ഉണര്‍ത്തി ഒരു ബലിപ്പെരുന്നാള്‍ കൂടി വന്നണയുകയാണ്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയീലിന്റെയും ത്യാഗവും വിശ്വാസവും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ ആഘോഷം ഹജ്ജ് പെരുന്നാള്‍ എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ പ്രീതിക്കുവേണ്ടി ഏറ്റവും വിലപ്പെട്ടതിനെ ത്യജിക്കുവാനുള്ള സന്നദ്ധതയാണ് ഈ ആഘോഷത്തിലൂടെ ഉല്‍ഘോഷിക്കപ്പെടുന്നത്. സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉല്‍സവമാണ് ബക്രീദ്.
‘ഈദി’ന്റെ അര്‍ത്ഥം ആഘോഷം ആനന്ദം, ആവര്‍ത്തനം എന്നെല്ലാമാണ്.
അബ്രഹാം പ്രവാചകനാണ് പെരുന്നാള്‍ സുദിനത്തിലും ബലി ഉള്‍പ്പടെയുള്ള ഹജ്ജിന്റെ അനുഷ്ഠാനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത്. ഊഷരമായ ജീവിത പരിസരങ്ങളില്‍ ആത്മബലം കൊണ്ട് അതിജീവനം നടത്തിയ മാതൃകാ പുരുഷനാണ് അബ്രഹാം പ്രവാചകന്‍ അഥവാ ഇബ്രാഹിം നബി.
ALSO READ :കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി
ഒരുലക്ഷത്തില്‍പരം പ്രവാചകന്‍മാര്‍ തനിക്ക് മുമ്പ് മനുഷ്യവംശത്തെ വഴിനടത്താന്‍ അവതീര്‍ണ്ണരായിട്ടുണ്ടെന്നാണ് മുഹമ്മദ് നബി ലോകത്തോട് പറഞ്ഞത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലെ വ്യതിരിക്ത സമൂഹങ്ങളെ വഴികേടില്‍ നിന്ന് സല്‍പാന്ഥാവിലേക്ക് നയിച്ചവരാണ് അവരെല്ലാം. വേദം ലഭിച്ചവരും ഏടുകള്‍ കിട്ടിയവരും അക്കൂട്ടത്തിലുണ്ട്. തനിക്ക് മുമ്പ് ജനങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ച ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കാന്‍ ഒരു മുസ്ലിം വിശ്വാസപരമായി ബാദ്ധ്യസ്ഥനാണ്. തന്റെ പൂര്‍വ്വികരുടെ വിശ്വാസ സംഹിതകളുടെ അടിസ്ഥാന തത്ത്വങ്ങളെ അംഗീകരിച്ച മുഹമ്മദ് നബി, അവയില്‍ കാലാന്തരത്തില്‍ കടന്നുകൂടിയ കൂട്ടിച്ചേര്‍ക്കലുകളോടാണ് വിയോജിച്ചത്. ഒരു പ്രവാചകനെയും മുഹമ്മദ് നബി തള്ളിപ്പറഞ്ഞില്ല. അവരില്‍ വിശ്വാസമര്‍പ്പിക്കണമെന്നാണ് ഉല്‍ബോധിപ്പിച്ചത്. മറ്റുള്ളവരുടെ ആരാധനാ മൂര്‍ത്തികളെ ചീത്ത പറയരുതെന്ന് ഖുര്‍ആന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ALSO READ :വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍
ജീവിതത്തിന്റെ അസ്തമയ കാലത്ത് ഇബ്രാഹിം നബിക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയറുക്കാന്‍ പ്രപഞ്ചനാഥന്റെ കല്‍പ്പന വന്നു. അനുസരണത്തിന്റെ പര്യായപദമായ ഇബ്രാഹിം, തന്റെ മകന്‍ ഇസ്മാഈലിനെ ദൈവ മാര്‍ഗ്ഗത്തില്‍ ബലിയറുക്കാന്‍ സന്നദ്ധനായി. മകന്‍ അതിന് സമ്മതിച്ചു. പക്ഷെ ദൈവം മനുഷ്യബലി തടഞ്ഞു. പലസമൂഹങ്ങളിലും ദൈവപ്രീതിക്കായി നരബലി പ്രചാരത്തിലിരുന്ന കാലത്താണ് നരബലിയെ ദൈവം നിഷിദ്ധമാക്കിയത്. പകരം ഒരു ആടിനെ ബലിനടത്താനായി നല്‍കി. അങ്ങിനെ നരബലിക്ക് പകരം മൃഗബലി പ്രയോഗത്തില്‍ വന്നു.
നമുക്കേറ്റവും ഇഷ്ടപ്പെട്ടത് ദൈവത്തിന് നല്‍കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ പതറാതെ ഉത്തരം നല്‍കിയ ഇബ്രാഹിം നബി വിജയ ശ്രീലാളിതനായി.
ഓരോരുത്തരുടെയും ‘ഇസ്മാഈല്‍’ വ്യത്യസ്തമാകും. അബ്രഹാം പ്രവാചകന് ‘ഇസ്മായില്‍’ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഉണ്ടായ മകനായിരുന്നു. ചിലര്‍ക്കത് പണമാകാം, കുടുംബമാകാം, ഭാര്യയാകാം, അധികാരമാകാം, ദേഹേച്ഛകളാകാം. ആ പ്രിയപ്പെട്ടതിനെയാണ് പ്രതീകാത്മകമായി ബലികര്‍മ്മത്തിലൂടെ ദൈവത്തിന് സമര്‍പ്പിക്കുന്നത്. അതിലൂടെ ഒരുവ്യക്തിയിലെ മനുഷ്യത്വ വിരുദ്ധമായ ഘടകത്തെയാണ് ഇല്ലാതാക്കുന്നത്. ബലികര്‍മ്മത്തിന് പണം നല്‍കുന്നവരില്‍ എത്രപേര്‍ ഇതൊക്കെ ആലോചിക്കുന്നുണ്ടാകും?
വിജനമായ മരുഭൂമിയില്‍ പ്രിയതമയേയും പിഞ്ചുമകനേയും താമസിപ്പിക്കാന്‍ സൃഷ്ടാവ് ആവശ്യപ്പെട്ട സന്ദര്‍ഭം. സംശയമേതും കൂടാതെ ഇബ്രാഹിം നബി അവയെല്ലാം പ്രാവര്‍ത്തികമാക്കി. മലഞ്ചെരുവില്‍ ഒറ്റപ്പെട്ടുപോയ അബ്രഹാമിന്റെ നല്ലപാതി ഹാജറ, മകന്‍ ഇസ്മാഈല്‍ വെള്ളത്തിനായി കരഞ്ഞപ്പോള്‍ ദാഹജലം തേടി സഫാ-മര്‍വ എന്നീ കുന്നുകള്‍ക്കിടയിലൂടെ ഓടി നടന്നു. കറുത്ത വര്‍ഗ്ഗക്കാരിയും അടിമസ്ത്രീയുമായ ഹാജറ ഓടിയതിനെ അനുസ്മരിച്ച് ഹജ്ജ് കര്‍മ്മത്തിനെത്തുന്ന എല്ലാ ദേശക്കാരും നിറക്കാരും ഗോത്രക്കാരും ഭാഷക്കാരും ആ കുന്നുകള്‍ക്കിടയിലൂടെ ഓടണം. ഹജ്ജിന്റെ കര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണത്. ഏത് രാജാവാണെങ്കിലും പ്രജയാണെങ്കിലും കോടീശ്വരനാണെങ്കിലും ഹാജറ ഓടിയ സ്ഥലത്തുകൂടെ ഓടിയേ പറ്റൂ. മനുഷ്യന്റെ സവര്‍ണ്ണ മേധാവിത്വ ബോധത്തിന്റെ ചിറകരിയുകയാണ് ഇതിലൂടെ ഇസ്ലാം ചെയ്യുന്നത്.
ഇസ്ലാമിലെ ആഘോഷങ്ങളിലും സംഗമങ്ങളിലുമെല്ലാം സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ തലങ്ങള്‍ കാണാനാകും. നോമ്പ് പെരുന്നാളിലും ഹജ്ജ് പെരുന്നാളിലും അത് പ്രകടമാണ്. ചെറിയപെരുന്നാളിലെ ഫിത്വര്‍ സക്കാത്തും (അവനവന്റെ ഭക്ഷണത്തിനുള്ളത് വീട്ടില്‍ ബാക്കിവെച്ച് ആളൊന്നിന് മൂന്ന് കിലോ വെച്ചുള്ള ഭക്ഷ്യധാന്യത്തിന്റെ നിര്‍ബന്ധ ദാനം) ബലിപെരുന്നാളിലെ ബലിമാംസ വിതരണവും ഉദാഹരണം. പെരുന്നാള്‍ ദിവസങ്ങളില്‍ ആഹാരിക്കാന്‍ ക്ഷാമമുള്ള വീടുകള്‍ ഉണ്ടാവാതെ നോക്കേണ്ട കടമ വിശ്വാസികള്‍ക്കുണ്ട്. സമ്പന്നര്‍ തിമര്‍ത്ത് ആഘോഷിക്കുകയും പാവപ്പെട്ടവര്‍ സാധാരണ ഭക്ഷണത്തില്‍ ഒതുങ്ങുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാനാണ്
സാമൂഹിക സന്തുലിതാവസ്ഥ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ മുഹമ്മദ്‌നബി ‘ഫിത്വര്‍ സകാത്തും’ ‘ബലികര്‍മ്മവും’ പരിചയപ്പെടുത്തിയത്.
ബലികര്‍മത്തിന്റെ സാമൂഹികമാനം പാവപ്പെട്ടവരുടെ വീടകങ്ങളിലേക്ക് ഭക്ഷണമെത്തിക്കുക എന്നതു തന്നെയാണ്.
ചെറിയ പെരുന്നാള്‍ വിശപ്പിന്റെ വിലയറിഞ്ഞ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള വിജയ വിളംബരമാണെങ്കില്‍ ബലിപെരുന്നാളിന്റെ സവിശേഷത വിശുദ്ധ ഹജ്ജ് കര്‍മ്മത്തോടുള്ള ഐക്യദാര്‍ഢ്യമാണ്.
ലക്ഷക്കണക്കിന് മനുഷ്യര്‍ വിശുദ്ധ മക്കയില്‍ സംഗമിക്കുമ്പോള്‍ അവരോട് ഐക്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഇസ്ലാംമത വിശ്വാസികള്‍ ലോകമെങ്ങും മൃഗബലി നടത്തി ബലിപെരുന്നാള്‍ ആഘോഷിക്കുകയും ബലിമാംസം ദരിദ്രരുടെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നു.
വിശ്വമാനവികതയുടെ സന്ദേശമാണ് ഹജ്ജ്. ഹജ്ജിനോളം മനുഷ്യന്റെ ഹൃദയബന്ധവും നിസ്സാരതയും വിളിച്ചോതുന്ന അനുഷ്ഠാനം വേറെ ഉണ്ടോ എന്ന് സംശയമാണ്. രാജാവിനും പ്രജക്കും ഒരേ വേഷം! വെളുത്തവന്റെയും കറുത്തവന്റെയും തോളുരുമ്മിയുള്ള നില്‍പ്പും നടത്തവും. കോടീശ്വരനും പരമദരിദ്രനും ചുണ്ടില്‍ ഒരേമന്ത്രം ഉരുവിട്ടുള്ള ‘കഅബ’ പ്രദക്ഷിണം. ഭണ്ഡാരപ്പെട്ടിയില്ലാത്ത തീര്‍ത്ഥാടന കേന്ദ്രമാണ് മക്കയും മദീനയും. മക്കയിലെ വിശുദ്ധ കഅബാലയത്തിനടുത്തോ മദീനയിലെ പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥലത്തിനടുത്തോ ഒരു ഭണ്ഡാരപ്പെട്ടിയുമില്ല. ഈ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും എല്ലാ ചെലവുകളും വഹിക്കുന്നത് സൗദി ഗവണ്‍മെന്റൊണ്. അതിലേക്ക് ഒരു രൂപ പോലും ആരില്‍ നിന്നും സംഭാവന സ്വീകരിക്കില്ല. സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് നിര്‍ബ്ന്ധമാക്കിയിരിക്കുന്നത്. പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും തീര്‍ത്ഥാടകരെ പഠിപ്പിക്കുന്ന മഹാസംഗമമാണ് ഹജ്ജ്. പ്രവാചകന്‍ മുഹമ്മദ് നബി ഒരു ഹജ്ജേ ജീവിതത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളൂ.
മക്കാ താഴ്വരയില്‍ അറഫാ മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി സര്‍വ്വ സാമ്പത്തിക ചൂഷണത്തിന്റെയും അടിവേരായി ഗണിക്കപ്പെടുന്ന പലിശ നിരോധനം മുഹമ്മദ് നബി പ്രഖ്യാപിച്ചു. തന്റെ പിതൃവ്യന്‍ അബ്ബാസിന്റെ എല്ലാ പലിശയും ഇന്നേദിവസം റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം മുഹമ്മദ് നബി നടത്തിയത്. പ്രവാചകന്റെ പ്രഥമ ഹജ്ജിലെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് പലിശ വാങ്ങലും കൊടുക്കലും നിഷിദ്ധമാണെന്ന് പ്രസ്താവിച്ചത്. പലിശ നിരോധനത്തിന്റെ ഓരോ വര്‍ഷവുമുള്ള ഓര്‍മ്മപുതുക്കല്‍ വാര്‍ഷികവും കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഹജ്ജ്. സാമൂഹിക സമത്വം വിളംബരം ചെയ്യുന്നതോടൊപ്പം സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള ആഹ്വാനവും ഹജ്ജിന്റെ ഉള്‍ക്കാമ്പാണ്.
ഹജ്ജിന്റെ സര്‍ഗാത്മകവും മാനവികവുമായ ഭാവങ്ങളെ അറേബ്യന്‍ ലോകത്തെ പല ബുദ്ധിജീവികളും എഴുത്തുകാരും സഞ്ചാരികളും തങ്ങളുടെ അതുല്യമായ സര്‍ഗ്ഗ സൃഷ്ടികളില്‍ വിഷയമാക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ പുത്തന്‍ പരീക്ഷണങ്ങളിലൂടെ ലോക സാഹിത്യ ഭൂമികയെ അല്‍ഭുതപ്പെടുത്തിയ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ‘സഞ്ചാരസാഹിത്യം’ ആത്മീയതയുടെ അനന്തതയിലേക്ക് വായനക്കാരനെ കൊണ്ടുപോകും. ചരിത്രാവബോധത്തിന്റെയും നാഗരിക മൂല്യങ്ങളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. ഹജ്ജ് വിശേഷങ്ങള്‍ കൈമാറുന്നതോടൊപ്പം അതിന്റെ ഉണ്‍മയെ പ്രകാശിപ്പിക്കുന്ന സാഹിത്യകൃതികള്‍ എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇബ്‌നു ബത്തൂത, മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാന്‍, മാല്‍കം എക്‌സ് തുടങ്ങിയവരുടെ ക്ലാസിക് സാഹിത്യങ്ങള്‍ മുതല്‍ സാധാരണക്കാരായ വിശ്വാസികള്‍ മക്കയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് അയച്ച കത്തുകള്‍വരെ ആത്മീയതയുടെ സര്‍ഗാത്മകത ഉള്‍ച്ചേര്‍ന്ന സാഹിത്യ സൃഷ്ടികളാണ്.
അലീശരീഅത്തിയുടെ ‘ഹജ്ജും’ മുഹമ്മദ് അസദിന്റെ ‘മക്കയിലേക്കുള്ള പാത’യും കൂട്ടത്തില്‍ എടുത്തു പറയേണ്ടവയാണ്.
മലയാളത്തിലും ഹജ്ജിനെ ആസ്പദിച്ച് ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. സിഎച്ചിന്റെയും ടി.പി കുട്ട്യാമു സാഹിബിന്റെയും ഹജ്ജ് യാത്രാനുഭവങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ചലചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ‘ആദാമിന്റെ മകന്‍ അബു” ഹജ്ജിന്റെ പൊരുള്‍ എന്താണെന്ന് കാഴ്ചക്കാരെ ബോദ്ധ്യപ്പെടുത്തുന്ന ചലചിത്രമാണ്.
ഇസ്ലാമോഫോബിയ അരങ്ങുതകര്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടി ഹജ്ജിലുണ്ട്. ഹജ്ജ് വിളംബരം ചെയ്യുന്ന സമത്വത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ഉദാത്തമായ സന്ദേശങ്ങള്‍ വര്‍ത്തമാന ലോകത്ത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം. ഈ ഹജ്ജ്‌പെരുന്നാള്‍ ചിന്തകള്‍ അതിന് പ്രചോദനമാകട്ടെ. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here