കെ ടി ജലീലിന്റെ ”സ്വർഗ്ഗസ്ഥനായ ഗാന്ധിജി” ഡോ ജോൺ ബ്രിട്ടാസ് എം പി പ്രകാശനം ചെയ്യും

കെ ടി ജലീൽ എം എൽ എ യുടെ ”സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന പുസ്തകം ഡോ ജോൺ ബ്രിട്ടാസ് എം പി ഒക്ടോബർ രണ്ടിന് പ്രകാശനം ചെയ്യും. കെ ടി ജലീലിന്റെ പന്ത്രണ്ടാമത്തെ പുസ്തകം കൈരളി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കവും, എഴുതാനുണ്ടായ സാഹചര്യവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Also read:കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കും: കെഎസ്‌ആർടിഇഎ ജനറൽ കൗൺസിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വായിക്കുന്തോറും ബഹുമാനവും ആദരവും വർധിച്ച മഹാവ്യക്തിത്വത്തിൻ്റെ ഉടമയാണ് മഹാത്മാഗാന്ധി. ലോകം ഇന്ത്യയെ നോക്കിക്കാണുന്നത് ഗാന്ധിജിയുടെ കണ്ണടയിലൂടെയാണ്. സമീപകാലത്തൊന്നും മോഹൻദാസ് കരംചന്ദിനെപ്പോലെ ഒരാളെ ഭൂമിയിലെവിടെയും തിരിയിട്ട് തെരഞ്ഞാലും കാണാനാവില്ല. സമീപ നൂറ്റാണ്ടിലൊന്നും അങ്ങിനെ ഒരാളെ സംബന്ധിച്ച് എഴുതപ്പെട്ടതായും അറിവില്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് വേളയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി, വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ബ്രിട്ടീഷുകാരനായ റിച്ചാർഡ് ആറ്റൻബറോയുടെ “ഗാന്ധി” സിനിമ ഇറങ്ങിയതിന് ശേഷമാണ്, ലോകം മഹാത്മാഗാന്ധിയെ അറിയാൻ തുടങ്ങിയത് എന്നായിരുന്നു ആ അവാസ്തവം. വ്യാപകമായ പ്രതിഷേധ പ്രതികരണങ്ങൾ അക്കാദമിക മേഖലയിൽ നിന്നും ചിന്തകരിൽ നിന്നും സാമൂഹ്യ-രാഷ്ട്രീയ-മത നേതാക്കളിൽ നിന്നും ഉയർന്നു.
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഗാന്ധിജിയെ പലതവണ വായിച്ചിട്ടുണ്ട്. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വിശിഷ്ട ഗ്രന്ഥമാണ് ഗാന്ധിജിയുടെ ജീവിതം. മോദിജിയുടെ പരാമർശത്തിലെ നിജസ്ഥിതി തേടി വീണ്ടും ഗാന്ധിജിയെ അറിയാൽ ശ്രമിച്ചപ്പോഴും അതെനിക്ക് നിസ്സംശയം ബോദ്ധ്യമായി. മതപുരോഹിതർ പോലും പറഞ്ഞതിന് വിരുദ്ധമായി ജീവിക്കുന്ന ചുറ്റുപാടിലാണ് മോഹൻദാസ് എന്ന സാധാരണക്കാരനായ ഒരു ബാരിസ്റ്റർ വാക്കുകളെ പ്രവൃത്തി കൊണ്ട് പകരംവെച്ചത്. മനുഷ്യപക്ഷമാണ് ഗാന്ധിജി എന്നും തെരഞ്ഞെടുത്തത്. വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കിയ അർധനഗ്നനായ ഫക്കീർ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തി. ഈ പുസ്തകം തുടങ്ങുന്നത് “സ്വർഗസ്ഥനായ ഗാന്ധിജി” എന്ന അദ്ധ്യായത്തോടു കൂടിയാണ്. ആരംഭത്തിലെ തലക്കെട്ടാണ് പുസ്തകത്തിൻ്റെ പേരായി സ്വീകരിച്ചത്. ഒരു മഹാസമുദ്രത്തെ കൊച്ചരുവിയാക്കാൻ നടത്തിയ പാഴ്ശ്രമം ഫലവത്തായോ എന്നുപറയേണ്ടത് വായനക്കാരാണ്! ഉദ്ദേശം അൻപത് പേജുകളിൽ ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതം പറയാൻ നടത്തിയ ഉദ്യമം വൃഥാവിലാണെന്ന് അറിയാഞ്ഞിട്ടല്ല! പൊതു വായനയിൽ പലരും ശ്രദ്ധിക്കാതെ പോയ ശകലങ്ങളാണ് പ്രഥമ അദ്ധ്യായത്തിൽ പ്രധാനമായും പറയുന്നത്.

Also read:അൻവറിൻ്റെ നീക്കത്തിനു പിന്നിൽ മതമൗലികവാദ സംഘടനകൾ; പാലോളി മുഹമ്മദ് കുട്ടി

അതോടൊപ്പം കാലത്തോട് സംവദിച്ച് രേഖപ്പെടുത്തിയ ലേഖനങ്ങളും കുറിപ്പുകളും “സ്വർഗ്ഗസ്ഥനായ ഗാന്ധിജി”യുടെ അനുബന്ധമായി ചേർത്തിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന “കൈരളി” ബുക്സാണ് പുസ്തകത്തിൻ്റെ പ്രസാധകർ. അവർ പ്രസിദ്ധീകരിക്കുന്ന എൻ്റെ രണ്ടാമത്തെ കൃതി. “പച്ച കലർന്ന ചുവപ്പ്” ഒന്നാംഭാഗമാണ് ആദ്യ രചന. ഇതിനകം പതിനൊന്ന് പുസ്തകങ്ങൾ മലയാളികളുടെ കൈകളിൽ എത്തിക്കാനായി. അഞ്ച് പുസ്തകങ്ങൾ ചിന്തയാണ് പുറത്തിറക്കിയത്. രണ്ടെണ്ണം ഡിസി. ഒന്ന് മൈത്രി, മറ്റൊന്ന് സിതാര. പ്രാരംഭ ഘട്ടത്തിൽ ഗ്രാൻമ ബുക്സിൻ്റെ സജീവൻ നൽകിയ പ്രോൽസാഹനം അളവറ്റതാണ്. “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എൻ്റെ പന്ത്രണ്ടാമത്തെ പുസ്തകമാണ്. കേരള രാഷ്ട്രീയത്തിൽ പിണറായി വിജയനെപ്പോലെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാവില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാൻ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നിൽക്കുന്നു. പിണറായിയുടെ നേരിൻ്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിൻ്റെയും യഥാർത്ഥ ചിത്രവും ഒരു തലക്കെട്ടിനു കീഴിൽ വിശകലനം ചെയ്യുന്നുണ്ട്. സുഹൃത്തിനൊരു മറുകുറിപ്പ്’ എന്ന വാട്സ്അപ്പ് കത്തോട് കൂടിയാണ് “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” അവസാനിക്കുന്നത്. തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് അതിൻ്റെ ഉള്ളടക്കം. പ്രീഡിഗ്രിക്ക് എൻ്റെ കൂടെ പഠിച്ച ബഷീർ മാഷ് അയച്ച സന്ദേശത്തിനുള്ള മറുസന്ദേശമാണത്. വർത്തമാന രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിൽ പ്രസ്തുത കുറിപ്പിന് പ്രസക്തിയുള്ളത് കൊണ്ടാണ് അതും പുസ്തകത്തിൻ്റെ ഭാഗമാക്കിയത്. ഞാനൊരു പൊതുപ്രവർത്തകനായതിനാൽ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ? അതൊഴിച്ചു നിർത്തിയാൽ പിന്നെ ഞാനെന്ന വ്യക്തിക്ക് പ്രസക്തിയില്ല.
എന്നെ അത്യാവശ്യം ഭേദപ്പെട്ട ഒരു പൊതുപ്രവർത്തകനാക്കിയത് മുൻ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ യശശരീരനായ കൊരമ്പയിൽ അഹമ്മദാജിയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ എനിക്ക് തണലായത് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഹൃദയം ചേർന്നു നിൽക്കാൻ കോടിയേരിയുടെ സ്നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു. ഇരുവരുമായുള്ള സാമീപ്യം എനിക്കു നൽകിയ അനുഭവ സമ്പത്ത് അമൂല്ല്യമാണ്. മായം ചേർക്കാത്ത മതേതര രാഷ്ട്രീയം ജീവിതാന്ത്യംവരെ ഉയർത്തിപ്പിടിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ കൊരമ്പയിലിനും മതനിരപേക്ഷതയുടെ ജീവസ്സുറ്റ പ്രതീകവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കോടിയേരിക്കുമാണ് ഈ പുസ്തകം സമർപ്പിക്കുന്നത്. എഴുത്തിൻ്റെ ലോകത്ത് കൂടുതൽ സജീവമാകാൻ ആവേശം പകർന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News