സാദിഖലി ശിഹാബ് തങ്ങൾക്ക് കെടി ജലീലിന്‍റെ തുറന്ന കത്ത്

സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തുമായി കെടി ജലീൽ എംഎൽഎ. ജയ്പൂർ സ്ഫോടനക്കേസിൽ കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവർക്ക് കീഴ്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 30-ന് അസാധുവാക്കിയതുമായി ബന്ധപ്പെട്ടാണ് ജലീലിന്റെ കത്ത്.

മുസ്ലിം സമുദായത്തോട് മുസ്ലിംലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നിരപരാധികളായ നാല് മനുഷ്യർക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിൽ നിന്ന് കോൺഗ്രസ് സർക്കാരിനെ പിന്തിരിപ്പിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങളോട് കെ.ടി ജലീൽ ആവശ്യപ്പെട്ടു.

നിരപരാധികളായ രണ്ട് മുസ്ലിം ചെറുപ്പക്കാരെ ചുട്ടുകൊന്ന കേസിലെ പ്രധാന പ്രതിയായ മോനു മനേസർ എന്ന ബജ്രംഗദൾ തീവ്രവാദിയായ കൊലയാളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘപരിവാർ ഭരിക്കുന്ന യു.പിയിലല്ല, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതെല്ലാം അരങ്ങേറുന്നതെന്നും ജലീൽ ഓർമിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ബഹുമാനപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവർകൾക്ക്,

വസ്സലാം

ആമുഖമില്ലാതെ വിഷയത്തിലേക്ക് കടക്കട്ടെ.

ജയ്പൂർ സ്ഫോടനക്കേസിൽ കഴിഞ്ഞ 15 വർഷങ്ങളായി ജയിലിൽ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവർക്ക് കീഴ്ക്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 30ന് അസാധുവാക്കിയ കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ?

കേസിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസന്വേഷിച്ച സംഘത്തിനെതിരെ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി തുറന്ന് പറഞ്ഞു. അന്വേഷണം മതിയായ തെളിവുകൾ ഇല്ലാതെയാണെന്നും അന്വേഷണ സംഘം പ്രതികൾക്കെതിരെ ഹാജരാക്കിയ തെളിവുകൾ കൃത്രിമമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ സംഘം ക്രൂരമായ മനോഭാവത്തോടെയും നിയമങ്ങൾ അറിയാത്തവരെപ്പോലെയും പരിശീലനം ലഭിക്കാത്തവരെപ്പോലെയുമാണ് കേസിനെ സമീപിച്ചതെന്നും വിധിന്യായത്തിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തങ്ങളെ,

ജയ്പൂർ സ്ഫോടനം നടക്കുന്നത് 2008ൽ ബി.ജെ.പി രാജസ്ഥാൻ ഭരിക്കുമ്പോഴാണ്. വസുന്ധര രാജ സിന്ധ്യയായിരുന്നു അന്ന് മുഖ്യമന്ത്രി.
എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജസ്ഥാൻ പിടിച്ചു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. അതേ ഗെഹ്ലോട്ടിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ജയ്പൂർ സ്ഫോടനക്കേസിൽ രാജസ്ഥാൻ ഹൈക്കോടതി വെറുതെവിട്ട മുസ്ലിം ചെറുപ്പക്കാർക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ ഒരു കേസ് വാദിക്കാൻ വക്കീലൻമാർക്ക് കൊടുക്കേണ്ടിവരുന്ന ഭീമമായ തുക ആ നിരപരാധികളുടെ കുടുംബങ്ങൾക്ക് താങ്ങാനാവുമോ? ഇപ്പോൾ തന്നെ അവർ കുത്തുപാള എടുത്തിട്ടുണ്ടാകും.

തങ്ങളെ,

ഇതാണ് കോൺഗ്രസ് ചെയ്യുന്നതെങ്കിൽ ബി.ജെ.പിയും അവരും തമ്മിലുള്ള വ്യത്യാസമെന്താണ്? മുസ്ലിം സമുദായത്തോട് മുസ്ലിംലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കിൽ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയ നിരപരാധികളായ നാല് മനുഷ്യർക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിൽ നിന്ന് കോൺഗ്രസ് സർക്കാരിനെ അങ്ങ് മുൻകയ്യെടുത്ത് പിന്തിരിപ്പിക്കണം. ഈ റംസാനിൽ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് മുസ്ലിംലീഗിന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും അത്. അങ്ങേക്ക് രാഹുൽ ഗാന്ധിയിലുള്ള എല്ലാ സ്വാധീനവും ഇതിനായി ഉപയോഗിക്കണം. അല്ലെങ്കിൽ പടച്ച തമ്പുരാൻ പൊറുക്കില്ല.

തങ്ങളെ,

ഒന്നര പതിറ്റാണ്ടായി തടവ് ജീവിതം അനുഭവിക്കുന്ന നിരപരാധികളായ നാലു പേർക്ക് രാജസ്ഥാൻ ഹൈകോടതി വിധി മറികടന്ന് വധശിക്ഷ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ശ്രമിക്കുന്നത് സംഘപരിവാറല്ല, സാക്ഷാൽ കോൺഗ്രസാണ്!!!
പ്രത്യയശാസ്ത്രത്തിലല്ലാതെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കോൺഗ്രസും സംഘപരിവാറും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന അവസ്ഥ വന്നാലത്തെ സ്ഥിതി ഭയാനകരമാകുമെന്ന് പറയേണ്ടതില്ലല്ലോ?

തങ്ങളെ,

71 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്ത ജയ്പൂർ സ്ഫോടനക്കേസിൽ പ്രതികളായി പിടികൂടിയ ഒരുപറ്റം മുസ്ലിം ചെറുപ്പക്കാർക്കെതിരെ അന്വേഷണ സംഘം കൃത്രിമ തെളിവുകളുണ്ടാക്കി എന്ന കോടതിയുടെ കണ്ടെത്തൽ ചെറിയ കാര്യമല്ല. വിചാരണ വേളയിൽ തന്നെ പലരെയും വെറുതെ വിട്ടു. അവസാനം കീഴ്ക്കോടതി തൂക്കുകയർ വിധിച്ചത് നാലുപേർക്കാണ്. ആ വിധിയാണ് രാജസ്ഥാൻ ഹൈക്കോടതി ചവറ്റുകൊട്ടയിലെറിഞ്ഞത്. ആർക്കു വേണ്ടിയാണ് അന്വേഷണ സംഘം നിരപരാധികളെ കുടുക്കിയത്? ആരെ രക്ഷപ്പെടുത്താനാണ് രാജസ്ഥാൻ പോലീസ് ശ്രമിച്ചത്? ഇതെല്ലാം സമഗ്രമായ ഒരന്വേഷണത്തിലൂടെ കണ്ടെത്തി യഥാർത്ഥ പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയായിരുന്നില്ലേ അശോക് ഗഹലോട്ടിൻ്റെ സർക്കാർ ചെയ്യേണ്ടിയിരുന്നത്? ജയ്പൂർ കേസിൻ്റെ നാൾവഴികൾ സസൂക്ഷ്മം നിരീക്ഷിച്ച ശ്രീജ നെയ്യാറ്റിൻകര എന്ന ആക്ടിവിസ്റ്റ് തൻ്റെ മുഖപുസ്തകത്തിൽ എഴുതിയ വരികൾ അതീവ പ്രസക്തമാണ്.

തങ്ങളെ,

ഇതു മാത്രമല്ല രാജസ്ഥാൻ സർക്കാരിന്റെ ഹിന്ദുത്വ കുഴലൂത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നാസിർ എന്നീ രണ്ട് ചെറുപ്പക്കാരെ ഹിന്ദുത്വ ഭീകരവാദികൾ രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹരിയാനയിൽ വച്ച് കയ്യും കാലും തല്ലിയൊടിച്ച് വാഹനത്തിലിട്ട് പച്ചക്ക് ചുട്ടുകൊന്നത്! കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്തെന്ന് കാണിച്ച് ആ കുടുംബങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത് രാജസ്ഥാനിലെ കോൺഗ്രസ് ഗവൺമെൻ്റാണ്. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവും എം.എൽ.എയുമായ സാഹിദ് ഖാനും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രിയും അവരോട് സമ്മർദ്ദം ചെലുത്തിയെന്ന് ഫാസിസ്റ്റ് വേട്ടക്കിരയായ ആ കുടുംബങ്ങൾ തന്നെ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത് അത്യന്തം ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

തങ്ങളെ,

അവിടെയും തീരുന്നില്ല കോൺഗ്രസ്സിൻ്റെ വഞ്ചന. നിരപരാധികളായ രണ്ട് മുസ്ലീം ചെറുപ്പക്കാരെ ചുട്ടുകൊന്ന കേസിലെ പ്രധാന പ്രതിയായ മോനു മനേസർ എന്ന ബജ്രംഗദൾ തീവ്രവാദിയായ കൊലയാളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘപരിവാർ ഭരിക്കുന്ന യു.പിയിലല്ല, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതെല്ലാം അരങ്ങേറുന്നത്.

തങ്ങളെ,

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കി സംഘപരിവാറിന് പണി പ്രയാസരഹിതമാക്കികൊടുക്കുന്ന കോൺഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യൻ ജനത എങ്ങിനെ വിശ്വാസത്തിലെടുക്കും?
ഒരു മടിയും കൂടാതെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സംഘപരിവാർ പാളയത്തിലേക്ക് എത്താൻ ആന്റണിയുടെ മകനെന്നല്ല കോൺഗ്രസ് നേതാക്കൾക്ക് പോലും അധികസമയം വേണ്ടിവരില്ല.

തങ്ങളെ,

കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിലെ പ്രധാന ഘടക കക്ഷി എന്ന നിലയിൽ കോൺഗ്രസ്സിനെ ഹിന്ദുത്വ പാതയിൽ നിന്ന് ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ അങ്ങും അങ്ങ് നേതൃത്വം നൽകുന്ന മുസ്ലിംലീഗും ആത്മാർത്ഥമായി ശ്രമിക്കുമെന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം

സ്വന്തം കെ.ടി.ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News