മഹാകാവ്യം എഴുതാതെ മഹാകവിയായ കേരളത്തിന്റെ ആശാൻ വിടവാങ്ങിയിട്ട് ഒരു നൂറ്റാണ്ട്

കേരളത്തിന്റെ മഹാകവി കുമാരനാശാൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാൻ. ഈ ലോകം വെടിഞ്ഞ് ഇത്രയേറെ വർഷംകഴിഞ്ഞിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും ആശാനെ സംബന്ധിച്ചായിരിക്കാം കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല. മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാൻ. വിശ്വപ്രേമത്തിൻെറ അത്യുദാത്തമായ സങ്കൽപത്തെയാണ്​ അദ്ദേഹം കുറിച്ചിടുന്നത്.

Also read:ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച സംഭവം; യാത്രക്കാരന്‍ അറസ്റ്റില്‍

ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്‍റെ കാവ്യസമ്പത്ത്‌. ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. വീണപൂവ്‌, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളിൽ മികച്ച് നിൽക്കുന്നത്. അദ്ദേഹത്തിന്‍റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കരുണയെ ആശാന്‍റെ പട്ടം കെട്ടിയ രാജ്ഞിയായാണ് വാഴ്ത്തപ്പെടുന്നത്‌.

സീതയ്ക്കു പറയാനുള്ളതെന്തെന്ന് ‘ചിന്താവിഷ്ടയായ സീത’യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല.കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ.ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു.

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുൾപ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു.

Also read:മഹാകവി കുമാരനാശാന്‍ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വം: ഡോ.ശശി തരൂര്‍ എംപി

ഡോ. പൽപ്പുവിന്‍റെ കൂടെ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത്‌ രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി.

നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ കുമാരനാശാൻ പ്രവർത്തിച്ചിരുന്നു. കേരളഹൃദയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിലാണ് വിടപറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News