അരിക്കൊമ്പന്‍ പൂര്‍ണമായും മയങ്ങിയോ എന്ന് സംശയം; കുങ്കിയാനകള്‍ അരികിലേക്ക്

മയക്കുവെടിയേറ്റ അരിക്കൊമ്പനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ദൗത്യത്തിന് തുടക്കം. നാല് കുങ്കിയാന അടക്കമുള്ള സംഘം അരിക്കൊമ്പനരികിലേക്ക് പുറപ്പെട്ടു. വഴിവെട്ടുന്നതിനുള്ള ജെസിബി, ആനയുടെ ദേഹത്ത് ഒഴിക്കാനുള്ള വെള്ളം വഹിച്ചുകൊണ്ടുള്ള വാഹനം, അനിമല്‍ ആംബുലന്‍സ് അടക്കം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

രാവിലെ 11.55 നാണ് അരിക്കൊമ്പന് മയക്കുവെടിയുടെ ആദ്യ ഡോസ് നല്‍കിയത്. ഇതിന് ശേഷം രണ്ട് ഡോസുകള്‍ കൂടി നല്‍കി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു മയക്കുവെടി വെച്ചത്. മൂന്ന് വെടിയേറ്റിട്ടും അരിക്കൊമ്പന്‍ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് സൂചന. അരിക്കൊമ്പനരികില്‍ ചക്കക്കൊമ്പനുമുണ്ട്.

അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റുക എന്നതാണ് വനംവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഇതിന് മുന്‍പായി റേഡിയോ കോളര്‍ ഘടിപ്പിക്കും. മയക്കുവെടിയേറ്റ് ആറ് മണിക്കൂറിനുള്ളില്‍ അരിക്കൊമ്പനെ സുരക്ഷിത സങ്കേതത്തിലേക്ക് മാറ്റേണ്ടതുണ്ട്. തൊട്ടടുത്തുള്ള തേക്കടി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here