ചരിത്രദൗത്യം പൂര്‍ത്തിയാക്കി കുങ്കിയാനകള്‍ ഇന്ന് ചിന്നക്കനാലില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങിയേക്കും. വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരിക്കും മടക്കം. അരിക്കൊമ്പന്‍ ദൃത്യം പൂര്‍ണമായതോടെ ചിന്നക്കനാല്‍ വിടാനൊരുങ്ങുകയാണ് കുങ്കിയാനകള്‍.
അരിക്കൊമ്പന്‍ ദൗത്യത്തിനായി ചിന്നക്കനാലില്‍ എത്തിയ നാല് കുങ്കിയാനകളാണ് ഇന്നുമുതല്‍ മടങ്ങാനൊരുങ്ങുന്നത്. അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തീകരിച്ചതിനാല്‍ കുങ്കിയാനകളെ വയനാട്ടിലേക്ക് തിരിച്ചെത്തിക്കണം. രണ്ട് ലേറികളാണ് ആനകളെ കൊണ്ടു പോകുന്നതിനായി എത്തിയിരിക്കുന്നത്.
ആദ്യം പോകേണ്ടത് ഏതെല്ലാം കുങ്കിയാനകളാണെന്ന് ഡോ അരുണ്‍ സഖറിയയും വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷും തീരുമാനിക്കും. രണ്ടു മാസത്തില്‍ അധികം നീണ്ടുനിന്ന ദൗത്യമാണ് കുങ്കിയാനകള്‍ ഈ ഒരു മിഷനില്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നത്.
വളരെ വിജയകരമായി തന്നെ കൃത്യമായ ഏകോപനത്തോടുകൂടി അത് പൂര്‍ത്തിയാക്കാന്‍ കുങ്കിയാനകളെ പരിശീലിപ്പിച്ച പാപ്പാന്മാര്‍ക്കും ആയിട്ടുണ്ട്. ഈ മിഷന്‍ പൂര്‍ത്തിയായതിന് ശേഷവും വനംവകുപ്പിന്റെ ഉദ്യോഗസ്ഥരും ഈ പാപ്പാന്മാരും അടക്കം അവിടെ തുടരുന്ന ഒരു സാഹചര്യം തന്നെയായിരുന്നു.
ആദ്യഘട്ടമെന്നോണം രണ്ട് വാഹനങ്ങളിലായി രണ്ട് കുങ്കികളെ ഇവിടുന്ന് മാറ്റുവാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. അരിക്കൊമ്പന്‍ ദൃത്യത്തിന്റെ ആദ്യഘട്ടം എന്നോണമാണ് വയനാട്ടില്‍ നിന്ന് കുങ്കികള്‍ ചിന്നക്കനാലിലേക്ക് എത്തിയത്. ആദ്യമായി എത്തിയത് വിക്രമായിരുന്നു. വിക്രമിന് ശേഷം സൂര്യനെത്തി. സൂര്യന് ശേഷം കുഞ്ചുവും കോന്നി സുരേന്ദ്രനും ഒരുമിച്ചാണ് എത്തിയത്. അങ്ങനെ നാല് കുങ്കിയാനകള്‍ മാര്‍ച്ച് ഇരുപത്താറിന് തന്നെ ഇവിടെ എത്തിയിരുന്നു.
അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടമെന്നോണം കുങ്കിയാനകള്‍ ഈ പ്രദേശത്തേക്ക് എത്തുമ്പോള്‍ വലിയ സ്വീകരണമായിരുന്നു ചിന്നക്കനാല്‍ നിവാസികള്‍ ഈ കുങ്കികള്‍ക്ക് നല്‍കിയത്. പക്ഷേ വിഷയത്തില്‍ കോടതി ഇടപെട്ടതോടെ ഒരു മാസത്തോളം ഈ ദൗത്യം നീണ്ടുപോവുകയിരുന്നു. ഇതോടെ ചിന്നക്കനാലില്‍ കുങ്കികള്‍ തങ്ങുകയായിരുന്നു.
കുങ്കികള്‍ക്കൊപ്പം പാപ്പാന്മാരും മറ്റ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും വനംവകുപ്പ് ജീവനക്കാരും അവിടെ തങ്ങേണ്ടതായിട്ട് വന്നു. അങ്ങനെ ഒരു മാസക്കാലത്തെ ചിന്നക്കനാല്‍ വാസം അവസാനിപ്പിച്ച് വനംവകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും കഠിനമെന്ന് പറയാവുന്ന ആ ദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ട് ഇന്ന് കുങ്കികളും പാപ്പാന്മാരും മടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here