ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തെ പറ്റിയുള്ള വിശേഷങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു 19കാരിയായ അഫ്രീൻ ഷാ. പക്ഷെ തന്റെ ആ ആഗ്രഹം പൂർത്തിയാക്കാനുള്ള ഭാഗ്യം അവൾക്ക് ലഭിച്ചില്ല! മകളുടെ നിറപുഞ്ചിരിയുമായുള്ള തിരിച്ചുവരവ് കാത്തിരുന്ന മാതാപിതാക്കൾക്ക് ലഭിച്ചത് തങ്ങളുടെ മകളുടെ മരണ വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസം മുംബൈയിലെ കുർളയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയ്ക്കായി ഏറെ നേരം കാത്തിരുന്നിട്ടും ഫലം ഉണ്ടാകാഞ്ഞതോടെ വീട്ടിലേക്ക് നടന്നു വരാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അഫ്രീൻ. ഇതിനിടെയാണ് ഒരു ബസ് അപ്രതീക്ഷിതമായി അഫ്രീനെ ഇടിച്ചു വീഴ്ത്തിയത്.
ALSO READ; 848 കോടി എനിക്കൊരു പ്രശ്നമല്ല, ഞാനാ വീടിങ്ങെടുക്കുവാ! അയൽപ്പക്കത്തും ട്രംപിന്റെ ‘ചങ്ക്’ ആവാൻ മസ്ക്
ജോലി കഴിഞ്ഞ് കുർള റെയിൽവേ സ്റ്റേഷനിൽ എത്തിയ അഫ്രീൻ ഏറെ നേരം ഓട്ടോറിക്ഷയ്ക്കായി കാത്തിരുന്നിട്ടും ഫലം ഉണ്ടായില്ല. ഇതോടെ വീട്ടിൽ വിളിച്ച് ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷനിലേക്ക് പറഞ്ഞുവിടാമോയെന്ന് ചോദിച്ചു. എന്നാൽ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ട് വരാൻ ആരുമില്ലെന്നും അതിനാൽ വീട്ടിലേക്ക് നടന്നുപോരാൻ അച്ഛൻ പറഞ്ഞതോടെയുമാണ് അഫ്രീൻ വീട്ടിലേക്കുള്ള നടപ്പ് തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ബസ്സപകടത്തിൽ അഫ്രീൻ മരണപ്പെട്ടത്. പിന്നാലെ അപകട സ്ഥലത്ത് നിന്നും ലഭിച്ച ഫോണിൽ നിന്നും സംഭവ സ്ഥലത്തെത്തിയ ഒരു ബന്ധുവാണ് അപകട വിവരം അഫ്രീൻറെ വീട്ടിൽ അറിയിച്ചത്. അപകടത്തിന് ശേഷം ഉടൻ തന്നെ അഫ്രീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം കുർളയിൽ ഇതാദ്യമായല്ല ഇങ്ങനെ ഒരു അപകടം നടക്കുന്നത്. അടുത്തിടെയായി നിരവധി പേർ ഇവിടെ വാഹനാപകടങ്ങളിൽ മരണപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ഷോപ്പിങ്ങിനിറങ്ങിയ പതിനെട്ടുകാരൻ ബസിടിച്ചു മരിച്ചിരുന്നു. ബൈക്ക് യാത്രക്കാരനായ ഇരുപതുകാരനും സമാനമായ അപകടത്തിൽ അടുത്തിടെ ജീവൻ നഷ്ടമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here