എഴുത്തുകാരിക്ക് പിന്നാലെ കഥാപാത്രവും മടങ്ങി. കുറുമാട്ടി ഇനിയോർമ്മ. പി വത്സലയുടെ നെല്ല് നോവലിലെ കഥാപാത്രമായിരുന്നു അവർ. അതേ പേരിൽ സിനിമയുണ്ടായപ്പോഴും ആ കഥാപാത്രമുണ്ടായിരുന്നു. അടിയോരുടെ തീഷ്ണ ജീവിതങ്ങളുടെ തിരുനെല്ലിയിൽ തന്നെയായിരുന്നു അവരുടെ മരണവും.
Also Read: ബോളിവുഡിന്റെ സ്വന്തം താരം; കുട്ടിക്കാല ചിത്രത്തിന് താഴെ കമന്റുമായി ആയിരങ്ങൾ..!
അനശ്വരമായ കഥാപാത്രത്തെ മലയാള സാഹിത്യത്തിലും സിനിമയിലും ശേഷിപ്പിച്ച് പി വത്സലയുടെ കുറുമാട്ടിയും മടങ്ങി. തിരുനെല്ലി നിട്ടറ അടിയകോളനിയിലെ രാഗിണിയെന്ന കുറുമാട്ടി എഴുപതുകളിൽ തിരുനെല്ലിയിലെത്തുന്ന കാലംമുതൽ പി വത്സലയുടെ കൂട്ടുകാരിയായിരുന്നു. തിരുനെല്ലിക്കാടിന്റെ അരികുകളിലൂടെയും വയലോരങ്ങളിലൂടെയും അവർ നടന്ന് പറഞ്ഞുതീർത്ത കഥകൾ ഒരുപാടുണ്ടായിരുന്നു. വത്സലക്കത് ലോകത്തോട് പറഞ്ഞുതീർക്കാനുമയിട്ടുമുണ്ടാവില്ല. കൂമൻ കൊല്ലിയെന്ന വീട്ടിലിരുന്ന് കുറുമാട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയപ്പോഴും കഥകൾ പിന്നെയുമുണ്ടായിരുന്നു. അവർ പറഞ്ഞ കഥകളിൽ നിന്നാണ് നെല്ലെന്ന നോവലുണ്ടായത്. കുറുമാട്ടി തന്നെ അതിലൊരു കഥാപാത്രമായി മാറി. വത്സലയിലൂടെ മറ്റൊരു ലോകത്തേയും വത്സല കുറുമാട്ടിയിലൂടെ മറ്റൊരു കഥാലോകത്തേയും കണ്ടിരിക്കണം. ജീവിതത്തിന്റെ ഒടുവിൽ വരെ കുറുമാട്ടിയെ തേടി അവർ വരുമായിരുന്നു.
Also Read: സ്‌നേഹത്തിന്റെ പൊതിച്ചോര്‍…. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി ഏഴാം വര്‍ഷത്തില്‍
രാമുകാര്യാട്ട് നെല്ല് തിരശ്ശീലയിലെത്തിച്ചപ്പോൾ കുറുമാട്ടിയുടെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ആ കഥാപാത്രത്തിനായി ഉപയോഗിച്ചു. ആ കഥാപാത്രമായി അഭിനയിക്കാനുള്ള അഭ്യർത്ഥന അവർ നിരസിച്ചു. വയനാട്ടിലേക്ക് ഇടക്കെത്തുമ്പോഴെല്ലാം വത്സല കുറുമാട്ടിയേയും കാണാനെത്തുമായിരുന്നു. വത്സലയുടെ നിര്യാണം അവരെ വേദനിപ്പിച്ചിരുന്നു. വാർദ്ധക്യത്തിന്റെ അവശതകളുമായി മകളുടെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം. തീഷ്ണ ജീവിത യാഥാർത്ഥ്യങ്ങളുടേയും പോരാട്ടങ്ങളുടെയും സങ്കീർണ്ണതകളുടെയും ചരിത്രഭൂമിയിൽ കുറുമാട്ടി വത്സലക്ക് വഴിയും തണലുമായിരുന്നു. അവരിരുവരും ഈ കഥാലോകത്തെ ബാക്കിവെച്ച് മടങ്ങുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here