പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം എന്ന് സംശയിക്കുന്ന സന്തോഷ് സെല്‍വം പിടിയിലായത് പൊലീസിന്റെ മൂന്നര മണിക്കൂറിനു ശേഷത്തെ തിരച്ചിലിനൊടുവിൽ. കഴിഞ്ഞ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത കുറുവാ സംഘത്തിൽ പെട്ടവരെന്ന സംശയിക്കുന്ന രണ്ടുപേരെ ആലപ്പുഴയിൽ ചോദ്യം ചെയ്തു വരുകയാണ്. കസ്റ്റഡിയിലെടുത്ത കുറുവാ സംഘത്തിൽ പെട്ടവർ തന്നെയാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ശനിയാഴ്ച വൈകിട്ട് ആറുമണിയോടു കൂടിയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കുണ്ടന്നൂരിൽ എത്തുകയും പ്രതികൾ എന്ന് സംശയിക്കുന്ന സന്തോഷ് ശെൽവത്തെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുക്കുന്നത്. ഈ സമയം ഇവരോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾ പൊലീസിനെ നേരെ ആക്രമം അഴിച്ചുവിടുകയും പ്രതിയിൽ ഒരാളായ സന്തോഷ് രക്ഷപ്പെടുകയും ചെയ്തു. കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി ആലപ്പുഴയിൽ നിന്നെത്തിയ ഡിവൈഎസ്പിയും എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി മൂന്നര മണിക്കൂറിനു ശേഷം വീണ്ടും ഇയാളെ പിടികൂടി.
കുണ്ടന്നൂരിന് സമീപമുള്ള ഒരു ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. രാത്രി വൈകി ആലപ്പുഴയിൽ എത്തിച്ച പ്രതികളെ പൊലീസ് പുലർച്ച വരെ ചോദ്യം ചെയ്തു, ഇന്നും ചോദ്യം ചെയ്യും. ഇവർ തന്നെയാണോ സംഘത്തിൽ പെട്ടവർ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഇവരെ നേരിട്ട് കണ്ടവരെയും അതോടൊപ്പം തന്നെ ഇവരുടെ വിരലടയാളങ്ങളും മറ്റും പൊലീസ് പരിശോധിക്കും. അതിനുശേഷം ആയിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകുക. ഇപ്പോൾ പ്രതികൾ പൊലീസിന്റെ പ്രിവന്റ്റ്റീവ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തു വരുന്നത്. രണ്ടാഴ്ച മുൻപ് മണ്ണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുറുവാ സംഘത്തിന്റെ കവർച്ച നടന്നത് ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും നാല് വീടുകളിലാണ് ഇവർ കവർച്ച നടത്തിയത്.ഇപ്പോഴും ഈ ഭാഗത്തെ ജനങ്ങൾ ഭീതിയിലാണ്.
ALSO READ: കുറുവാ സംഘത്തിലേ പ്രതി ചാടി പോയ സംഭവം; കുണ്ടനൂരിൽ രാത്രിയിലും തിരച്ചിൽ തുടരും
ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളും പൊലീസുമൊക്കെ തന്നെ രാത്രി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ കളർകോട് ഭാഗത്ത് വച്ച് പ്രതിയെ പിടിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും മൽപ്പിടുത്തത്തിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു.രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ ചെന്നൈയിലെ റാംജി നഗറിലെ തിരുട്ടു ഗ്രാമത്തിൽ വരെ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ സന്തോഷ് ആലപ്പുഴയിൽ ഉണ്ട് എന്ന വാർത്ത സ്ഥിരീകരിക്കുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ രാത്രിയോടുകൂടി പിടികൂടുന്നത്. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here