എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. നിരവധി വീടുകളില്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം. വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.
വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. മുഖം മറച്ച് അര്‍ധ നഗ്‌നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
Also Read : വയനാടിനോടുള്ള അവഗണന; കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ല: കെ വി തോമസ്
പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവര്‍ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും. തുടര്‍ന്ന് മോഷണം നടത്താന്‍ തീരുമാനിക്കുന്ന ദിവസം അര്‍ധനഗ്‌ന ശരീരത്തില്‍ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. പിടിക്കപ്പെടാനിടയായാല്‍ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ഇക്കൂട്ടര്‍ ശ്രമിക്കും. കേരള – തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം.
കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതാണ് രീതി.
പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം മോഷ്ടാക്കള്‍ വീട്ടിന് അകത്തേക്ക് കയറും. ആറു മാസം വരെ വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവര്‍ താമസിക്കുക. കുറുവ സംഘത്തിന് കേരളത്തില്‍ പ്രിയമുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴയാണെന്നാണ് പൊതുവെ കരുതുന്നത്. സംഭവത്തിന്റെ ഭാഗമായി ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here