ചരിത്രത്തിലെ ചോരപുരണ്ട ദിനം; കൂത്തുപറമ്പിൽ കോൺഗ്രസ് നടത്തിയ കൂട്ടക്കൊല

kuthuparamba

ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്‍റെ മറുപേരാണ് കൂത്തുപറമ്പ്. അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏത് കാലത്തും പോരാളികള്‍ക്കാവേശമായ പേരുകളാണ് മധുവും റേഷനും ഷിബുലാലും രാജീവും ബാബുവും ജീവിതം തന്നെ സമരവും പോരാട്ടവുമാക്കിയ ഉശിരനായ സഖാവ് പുഷ്പനും.തെരുവുകളെ സ്വന്തം ജീവരക്തംകൊണ്ട് ചുവപ്പിച്ച 94ലെ യുവത്വം ഉയര്‍ത്തിപ്പിച്ച മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ഉറക്കെ കൂടുതല്‍ ആവേശത്തില്‍ ഏറ്റുവിളിക്കേണ്ട പുതിയ കാലത്ത് കൂട്ടുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മകള്‍ പോരാട്ടങ്ങള്‍ ആവേശം പകരും.

കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരത്തെയും അനുസ്മരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

1994 നവംബർ 25 ചോരപുരണ്ട ദിനമാണ്. കണ്ണൂർ കൂത്തുപറമ്പിൽ പൊലീസ് വെടിവയ്പിൽ രക്തസാക്ഷിത്വം വരിച്ചത്‌ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. ആധുനിക കേരളചരിത്രത്തിൽ ഇതിന് സമാനമായ മറ്റൊരു ഭരണകൂട ഭീകരത ചൂണ്ടിക്കാട്ടാനാകില്ല. മനസ്സാക്ഷി മരവിച്ച കോൺഗ്രസ് സർക്കാർ ആസൂത്രിതമായി നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു കൂത്തുപറമ്പ് സംഭവം.

കൂത്തുപറമ്പിന്റെ രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണ്. 1991ലാണ് രാജ്യം നവലിബറൽ സാമ്പത്തികനയങ്ങളിലേക്ക് തിരിഞ്ഞത്. കാർഷികമേഖലയിലും പരമ്പരാഗത തൊഴിൽരംഗത്തും കനത്ത പ്രഹരമേൽക്കാൻ തുടങ്ങി. പൊതുവിഭവങ്ങൾ കോർപറേറ്റുകൾക്ക് എഴുതിവിറ്റു. രാജ്യം അസമത്വത്തിലേക്കുള്ള യാത്ര ശരവേഗത്തിലാക്കി. ഇന്ന്, 10 ശതമാനം അതിസമ്പന്നർ 77 ശതമാനം സ്വത്തും കൈയടക്കി. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകി. ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം പത്തിരട്ടിയാണ് വർധിച്ചത്.

അസമത്വത്തിന്റെ താഴ്വരയായി ഇന്ത്യയെ മാറ്റിയത് 91ൽ കോൺഗ്രസ് ആരംഭിക്കുകയും തുടർന്ന് കോൺഗ്രസും ബിജെപിയും വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കുകയുംചെയ്ത നവലിബറൽ സാമ്പത്തികനയങ്ങളാണെന്ന് നിസ്സംശയം പറയാം. ജനജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്ന ഉത്തരവാദിത്തങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. ഉന്നത വിദ്യാഭ്യാസം വിലകൊടുത്തുവാങ്ങാവുന്ന ഒരു ഉൽപ്പന്നമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനെതിരെ രാജ്യത്താകെ ഇടതുപക്ഷം പ്രതിഷേധമുയർത്തി. ഈ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഏടാണ് കൂത്തുപറമ്പ്.

കേരളം ഭരിച്ച യുഡിഎഫ് സർക്കാർ മേൽപറഞ്ഞ നയത്തിന്റെ നടത്തിപ്പുകാരായി. ഏറ്റവും വലിയ മാറ്റം പ്രകടമായത് ഉന്നതവിദ്യാഭ്യാസ മേഖലയിലായിരുന്നു. സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിച്ച് തലവരിപ്പണം വാങ്ങി പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ കച്ചവടച്ചരക്കാക്കി. അന്ന് കെട്ടിപ്പൊക്കിയ ഭൂരിപക്ഷം സ്വാശ്രയ–-പ്രൊഫഷണൽ കോളേജുകളും ഇന്ന് അടച്ചുപൂട്ടിക്കഴിഞ്ഞു. ഓരോ കോളേജും അനുവദിക്കാൻ എണ്ണിവാങ്ങിയത് ലക്ഷങ്ങളുടെ കോഴ. കണ്ണൂർ ജില്ലയിലെ പരിയാരത്താകട്ടെ സ്വന്തം ഇഷ്ടക്കാരെയും ബന്ധുക്കളെയുംമാത്രം ഉടമകളാക്കി ഒരു സ്വാശ്രയ മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന എം വി രാഘവനും കിട്ടി അനുമതി. സർക്കാരിന്റെ പൊതുഭൂമിയിലായിരുന്നു ഈ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടത്. ഇതിനെതിരെ വിദ്യാർഥിരോഷം ഇരമ്പി. ഡിവൈഎഫ്ഐ വിദ്യാർഥികൾക്കൊപ്പം പ്രക്ഷോഭ ഭൂമിയിലേക്കിറങ്ങി. ജനവിരുദ്ധ സർക്കാരിനെതിരെ യുവജനവിദ്യാർഥിരോഷം അലയടിച്ചുയർന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്.

കൂത്തുപറമ്പ് അർബൻ സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണമന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കാൻ ആയിരക്കണക്കിന് യുവാക്കളും വിദ്യാർഥികളും അണിനിരന്നു.രഹസ്യാന്വേഷണ വിഭാഗവും ഉദ്യോഗസ്ഥരും വരരുതെന്ന് അഭ്യർഥിച്ചിട്ടുപോലും മന്ത്രി ധിക്കാരത്തോടെ ഉദ്ഘാടന സ്ഥലത്തെത്തി. യുഡിഎഫിന്റെ ഉന്നത തലങ്ങളിൽ നേരത്തേകൂട്ടി ആലോചിച്ച് ഉറപ്പിച്ച ഗൂഢാലോചനയുടെ ഫലമായാണ് മന്ത്രി, യാത്ര ഉപേക്ഷിക്കാതിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ കരിങ്കൊടികളുമായി, നിരായുധരായി കാത്തുനിന്ന പ്രതിഷേധക്കാർക്കുനേരെ പൊലീസ് നിറയൊഴിച്ചു. രാജീവൻ, റോഷൻ, ബാബു, മധു, ഷിബുലാൽ തുടങ്ങി അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രക്തസാക്ഷികളായി. മറ്റ് നിരവധിപേർക്കും വെടിയേറ്റു. ഇതിൽ പുഷ്പൻ പൂർണമായി കിടപ്പിലായി. ഭാഗികമായി തളർന്ന ശരീരവും തളരാത്ത മനസ്സുമായി പുഷ്പൻ ലോകത്തെങ്ങുമുള്ള പോരാളികൾക്ക് അസാധാരണമായ ആവേശമായി ഇന്നും ജീവിക്കുന്നു. നവലിബറൽ സാമ്പത്തികനയങ്ങൾക്കെതിരെ ലോകത്ത് പലയിടത്തും പ്രക്ഷോഭങ്ങൾ തുടരുന്നുണ്ട്. എന്നാൽ, ഈ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ചെറുപ്പക്കാർ പിടഞ്ഞുമരിച്ചത് കണ്ണൂർ ജില്ലയിലെ ഈ ചെറിയ ഗ്രാമത്തിലായിരുന്നു.

കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പ തന്റെ ചാക്രികലേഖനത്തിൽ അസമത്വവും ദാരിദ്ര്യവും ഉൽപ്പാദിപ്പിക്കുന്ന നവലിബറൽ നയങ്ങളെ നിശിതമായി വിമർശിച്ചത് നമ്മൾ കണ്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളും പ്രവിശ്യകളും ലോകത്ത് മനുഷ്യത്വത്തിന്റെ മഹാമാതൃകകളായി. സോഷ്യലിസമാണ് ബദലെന്ന് ലോകം തിരിച്ചറിയുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വം വൃഥാവിലായില്ലെന്ന് വർത്തമാനകാല പോരാട്ടങ്ങൾ ഓർമപ്പെടുത്തുന്നു. എണ്ണമറ്റ സമരങ്ങളിലൂടെയും നിരവധിപേരുടെ ത്യാഗങ്ങളിലൂടെയും അനശ്വരമായ രക്തസാക്ഷിത്വങ്ങളിലൂടെയും മനുഷ്യന്റെ വിമോചനപ്പോരാട്ടങ്ങൾ കരുത്ത് പ്രാപിച്ചുകൊണ്ടിരിക്കും. ഇടതുപക്ഷത്തിന് താരമ്യേനെ ആൾബലം കുറഞ്ഞ ഹിന്ദി ഹൃദയഭൂമിയിൽപ്പോലും കരുത്ത് പ്രാപിക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും സമരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും മാത്രമല്ല, ബദൽ സമീപനവും ഇടതുപക്ഷം രാജ്യത്തിന് കാട്ടിക്കൊടുക്കുന്നു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആഗോളവൽക്കരണകാലത്തും നന്മയുടെ ബദൽ ഉയർത്തിപ്പിടിക്കുന്നു. രാജ്യത്ത് ഇന്ന് സമ്പൂർണ നിയമനനിരോധനമാണ്. ഔദ്യോഗികമായിത്തന്നെ കേന്ദ്രസർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു. എന്നാൽ, നാലരവർഷത്തിനിടയിൽ കേരളത്തിൽ പിഎസ്‌സിവഴിമാത്രം 1,46,130 (25.05.2015 മുതൽ 30.09.2020 വരെയുള്ള കണക്ക്) നിയമന ഉത്തരവ്‌ സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു. ഇതുവരെ 26,500 പുതിയ സ്ഥിരം തസ്തിക സൃഷ്ടിച്ചു.

അടിസ്ഥാനസൗകര്യ വികസനരംഗത്ത് കേരളം ആർജിച്ചെടുത്ത നേട്ടം വളരെ വലുതാണ്. നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ഇത് കാരണമായി. ഈ ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ വെറും മുന്നൂറോളം സ്റ്റാർട്ടപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 3700ലധികമായി സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിച്ചു. കിഫ്ബിയെ ഉപയോഗപ്പെടുത്തി സംസ്ഥാനം ആവിഷ്കരിച്ച ബദൽമാതൃക രാജ്യത്തിനും ലോകത്തിനുംതന്നെ മാതൃകയാണ്. എന്നാൽ, ഈ സംരംഭത്തെ തകർക്കാനാണ് കോൺഗ്രസും ബിജെപിയും ഒരുമിച്ചുചേർന്ന് ശ്രമിക്കുന്നത്.

എല്ലാവർക്കും ഗുണമേന്മയുള്ള അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിയുന്ന കെ ഫോൺ പദ്ധതി പുതിയ തലമുറയുടെ വലിയ പ്രതീക്ഷയാണ്. പൂർത്തീകരണ ഘട്ടത്തിലേക്കെത്തുന്ന ഈ ചരിത്രസംരംഭം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്നത്. കേരളവികസനത്തെ തകർക്കുന്നതിന്‌ നടത്തുന്ന ഈ ഗൂഢാലോചനയിൽ കേന്ദ്ര ഏജൻസികളെയും കൂട്ടുപിടിച്ചിരിക്കുന്നു. ഈ രാഷ്ട്രീയനീക്കത്തെ ജനങ്ങളാകെ ഒറ്റക്കെട്ടായി നേരിടണം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ‘കേരളത്തിന് കാവലാകുക, വലതുപക്ഷ ഗൂഢാലോചന തിരിച്ചറിയുക’ എന്ന മുദ്രാവാക്യമുയർത്തി യുവജനപ്രതിരോധാഗ്നി തീർക്കുകയാണ് ഡിവൈഎഫ്ഐ. പുരോഗമനപരവും വികസനോന്മുഖവുമായ കേരളത്തെ ഇല്ലായ്മ ചെയ്യാനാണ് യുഡിഎഫും ബിജെപിയും നടത്തുന്ന അവിശുദ്ധ രാഷ്ട്രീയനീക്കം. കൂടുതൽ ശക്തമായ പോരാട്ടങ്ങൾ തുടർന്നും ഇതിനെതിരെ നടത്തേണ്ടതുണ്ട്. ആ പോരാട്ടങ്ങൾക്കെല്ലാം കൂത്തുപറമ്പ് രക്തസാക്ഷിത്വം ഊർജം പകരുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here