കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും

kuwait

കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തും. കഴിഞ്ഞ ആഴ്ച അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയ പുതിയ താമസ നിയമം അനുസരിച്ച് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത് ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്‌വാനി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ കുടുംബ സന്ദര്‍ശന വിസകള്‍ക്ക് ഒരു മാസത്തെ കാലാവധിയാണ് അനുവദിക്കുന്നത്. ബിസിനസ് സന്ദര്‍ശന വിസകള്‍ക്ക് മൂന്ന് മാസവും. ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ മുതലായ വിഭാഗങ്ങളാണ് കുടുംബ സന്ദര്‍ശന വിസയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഈ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് കര്‍ശന ഉപാധികളോടെ ഒരു മാസത്തെ കാലാവധിയില്‍ കുടുംബ സന്ദര്‍ശന വിസ പുനരാരംഭിച്ചത്.

Read Also: യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്നും നല്‍കുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിസാ ഫീസ് ഘടന പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അലി അല്‍ അദ്വാനി കൂട്ടിച്ചേര്‍ത്തു. കുവൈറ്റ് പൗരന്മാര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈറ്റിലേക്കുള്ള സന്ദര്‍ശന ഫീസ് നിര്‍ണയിക്കുക.

സന്ദര്‍ശന വിസാ കാലാവധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ ശിക്ഷാ നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘകരെ ‘സഹേല്‍’ ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പ് നല്‍കുകയും സന്ദര്‍ശകര്‍ രാജ്യത്ത് നിന്ന് പുറത്തുകടന്നില്ലെങ്കില്‍ അവരെ വിളിച്ചുവരുത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സന്ദര്‍ശന വിസ പുനരാരംഭിച്ച കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ ഒരു നിയമ ലംഘനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിദഗ്ധ പ്രവാസി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷവും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് 10 വര്‍ഷവും നിക്ഷേപകര്‍ക്ക് 15 വര്‍ഷവും താമസ രേഖ അനുവദിക്കും. വിസാ കച്ചവടക്കാര്‍ക്ക് പുറമെ വിസ വാങ്ങുന്നവര്‍ക്കും പുതിയ താമസകാര്യ നിയമത്തില്‍ 1,000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവ് ശിക്ഷയോ ലഭിക്കുമെന്നും അലി അല്‍ അദ്‌വാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration