മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഭീഷണിയിൽ ശക്തിമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക യൂണിയൻ. ബിജെപിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്‌നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ സ്വാഭാവികമായും അതു കൂടുതൽ ചർച്ച ചെയ്യപ്പെടും.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ബിജെപിയിലുണ്ടായ അസ്വാരസ്യങ്ങൾ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. അത് ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമങ്ങളുടെ കടമ മാത്രമാണ്.
അതിന് മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്യത്തിനും നിരക്കാത്തതാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ സമീപനമെന്നും കെയുഡബ്ല്യുജെ പുറത്തുവിട്ട പ്രതിഷേധക്കുറിപ്പിൽ പറയുന്നു.
സ്വന്തം നില മറന്നുള്ള അപക്വമായ സമീപനമാണ് സുരേന്ദ്രന്‍റെ ഭാഗത്തു നിന്നുണ്ടായത്. തങ്ങൾക്കെതിരെ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്തു കളയുമെന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കയുമെന്ന് യൂണിയൻ പ്രസിഡൻറ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു. പദവിക്ക് നിരക്കാത്ത അപക്വമായ വാചകകസർത്തുകൾ അവസാനിപ്പിക്കാനും മാധ്യമ വിമർശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള സമചിത്തത പ്രകടിപ്പിക്കാനും സുരേന്ദ്രൻ ഇനിയെങ്കിലും തയാറാവുമെന്നു പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here