ബാലസാഹിത്യകാരൻ കെ വി രാമനാഥൻ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യകാരൻ കെ വി രാമനാഥൻ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്താൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി 11.30-നായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട പാലസ്‌ റോഡിൽ ‘പൗർണമി’യിലാണ്‌ താമസിച്ചിരുന്നത്‌.

1932 ഓഗസ്റ്റ് 29-ന് ഇരിങ്ങാലക്കുടയിലാണ്‌ ജനനം. ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു. അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങിയ ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ് രാമനാഥൻ.

കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റിന്റെ ഓണററി മെമ്പർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡൽഹിയിലെ എഡബ്ല്യുഐസി അംഗം എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പഠനകാലം തൊട്ട് ഇടതുപക്ഷ അനുഭാവിയായിരുന്നു. മികച്ചബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്. എസ് പിസിഎസ് പുരസ്‌കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം, കൈരളി ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റ് അവാർഡ്, ഭീമ സ്മാരക അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

ഭാര്യ: കെ.കെ. രാധ (റിട്ട. പ്രിൻസിപ്പൽ, ഇരിങ്ങാലക്കുട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: സാമൂഹികപ്രവർത്തകയും പത്രപ്രവർത്തകയുമായ രേണു രാമനാഥ്, ഇന്ദുകല (അധ്യാപിക). മരുമക്കൾ: പരേതനായ ചിത്രകാരൻ രാജൻ കൃഷ്ണൻ, അഡ്വ. കെ.ജി. അജയകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News