ആ സിനിമയുടെ ലൊക്കേഷനില്‍ ഒരു പൊട്ടിന്റെ പേരില്‍ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടു; ഒടുവില്‍ സംവിധായകനാണ് അന്ന് രക്ഷപ്പെടുത്തിയത്: ലാല്‍ജോസ്

തന്നോട് ഒരിക്കല്‍ നടന്‍ മമ്മൂക്ക ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ഒരു സംവിധായകന്‍ ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചതെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്. മഴയെത്തും മുന്‍പെ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടിരുന്നെന്നും കമല്‍ ഇടപെട്ടാണ് അന്ന് രക്ഷപ്പെടുത്തിയതെന്നും ലാല്‍ജോസ് തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

ഒരു സീനിന്റെ തുടര്‍ച്ച ഷൂട്ട് ചെയ്യുമ്പോള്‍ കണ്ടിന്യൂയിറ്റി ശ്രദ്ധിച്ചില്ല എന്ന് ആരോപിച്ചായിരുന്നു മമ്മൂട്ടി ദേഷ്യപ്പെട്ടതെന്നും ലാല്‍ജോസ് പറയുന്നു. ആദ്യ സീനില്‍ ശോഭനക്ക് നെറ്റിയില്‍ പൊട്ടുണ്ടായിരുന്നെന്നും എന്നാല്‍ തുടര്‍ സീനില്‍ ഈ പൊട്ട് ഇല്ലാതിരുന്നതുമാണ് മമ്മൂട്ടി ദേഷ്യപ്പെടാന്‍ കാരണമായതെന്നും ലാല്‍ജോസ് പറയുന്നു.

‘ചെന്നൈയില്‍ നിന്നും ഞാന്‍ പാലക്കാടെത്തുമ്പോള്‍ മമ്മൂക്ക മഴയെത്തും മുന്‍പെയില്‍ ജോയിന്‍ ചെയ്തിരുന്നു. മമ്മൂക്ക ജോയിന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. മമ്മൂക്ക അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്താതെ പേടിയോടെ മാറി നടക്കലായിരുന്നു.

ശോഭനയും മമ്മൂക്കയും വീട്ടില്‍ വന്ന് കയറുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മമ്മൂക്ക ശോഭനയോട് ചോദിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നെറ്റിയില്‍ പൊട്ട് ഉണ്ടായിരുന്നില്ലേ എന്ന്. അപ്പോള്‍ തന്നെ ശോഭന മിററില്‍ നോക്കി പൊട്ട് വെക്കുകയും ചെയ്തു. കഴിഞ്ഞ സീനില്‍ പൊട്ട് ഉണ്ടായിരുന്നു എന്ന് പറയുകയും ചെയ്തു. അപ്പോള്‍ മമ്മൂക്ക ആരാണ് ഇവിടെ കണ്ടിന്യൂയിറ്റി നോക്കുന്നത് എന്ന് ചോദിച്ചു.

എന്റെ ഡ്യൂട്ടിയായിരുന്നു കണ്ടിന്യൂയിറ്റി നോക്കേണ്ടത്. പക്ഷെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. ഈ സീന്‍ എടുത്തത് തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല. ഞാന്‍ ബുക്കില്‍ നോക്കി വസ്ത്രങ്ങളൊക്കെ അതുപോലെ തന്നെ എടുത്ത് കൊടുത്തു. പൊട്ടിനെ കുറിച്ച് അതില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. എനിക്കറിയില്ലായിരുന്നു പൊട്ടുള്ള വിവരം.

മമ്മൂക്ക വീണ്ടും ആരാണിവിടെ കണ്ടിന്യൂയിറ്റി നോക്കുന്നത് എന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞ് ഞാന്‍ മുന്നോട്ട് ചെന്നു. അദ്ദേഹമെന്നോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു, നിനക്കിവിടെ കണ്ടിന്യൂയിറ്റി നോക്കുന്ന പണിയല്ലേ ഉള്ളൂ, ഈ പടത്തിന്റെ പാട്ടുകള്‍ കമ്പോസ് ചെയ്യുകയും സ്‌ക്രിപ്റ്റ് ശരിയാക്കുയുമൊന്നും വേണ്ടല്ലോ എന്ന്. കണ്ടിന്യൂയിറ്റി നോക്കുക എന്ന ഒരു ജോലിയേ നിനക്കൊള്ളൂ, ആ ജോലി മര്യാദക്ക് ചെയ്തൂടെ എന്ന് അദ്ദേഹം ചോദിച്ചു.

ഞാന്‍ ആകെ ചമ്മി നില്‍ക്കുമ്പോള്‍ പെട്ടെന്ന് കമല്‍ സാര്‍ ചിരിച്ചുകൊണ്ട് വന്ന് രംഗം ശാന്തമാക്കി. ശേഷം അദ്ദേഹം ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല, സോങ്ങിന്റെ കമ്പോസിങ്ങിന് വേണ്ടി ചെന്നൈയിലായിരുന്നു എന്ന കാര്യം മമ്മൂക്കയോട് പറഞ്ഞു. അത് കേട്ട് അദ്ദേഹം ഒന്നു മൂളി. എന്നിട്ട് കമല്‍ സാറിനോട് സ്വന്തം ശിഷ്യനെ നമ്മള്‍ തന്നെ രക്ഷിച്ചില്ലെങ്കില്‍ പിന്നെ ആര് രക്ഷിക്കുമല്ലേ എന്ന് ചോദിച്ചു. പിന്നീട് അതെല്ലാം ഒരു ചിരിയിലേക്ക് മാറി,’ ലാല്‍ജോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News