അങ്ങ് ബോംബയില്‍ നിന്നും പി.ധര്‍മേന്ദ്രയുടെ കാര്‍ പിടിച്ച് കൊച്ചിയിലെത്തിയ മണവാളന്‍ ആന്‍ഡ് സണ്‍സ് ഫിനാന്‍സ് ഉടമ മണവാളനെ ഓര്‍മയില്ലേ… കൊച്ചിയെത്തി എന്ന് കാറില്‍ ചാരിക്കിടന്ന് പുച്ഛത്തോടെ പറയുന്ന മണവാളന്‍ യാത്ര ചെയ്ത ആ മഞ്ഞയും കറുപ്പുമുള്ള കാര്‍ മണവാളന്‍ ഫാന്‍സ് മറക്കില്ല… കാര്‍ വാടക വാങ്ങാനായി മണവാളനൊപ്പെം കൂടുന്ന ധര്‍മേന്ദ്ര കാര്‍ കഴുകുന്ന സീനില്‍ കാറിലൊഴിക്കുന്ന വെള്ളം അതിനിരികില്‍ പത്രവുമായി ഇരിക്കുന്ന മണവാളന്റെ ദേഹത്ത് വീഴുമ്പോള്‍ വെള്ളം വീണെന്റെ മാതൃഭൂമിവരെ നനഞ്ഞല്ലോടോ എന്ന ഡയലോഗും മറക്കില്ല.. ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ച ആ സീനിലെ പ്രധാന താരവും ഈ കാര്‍ തന്നെ.. പ്രീമിയര്‍ പദ്മിനി… അംബാസിഡറുകളും പ്രീമിയര്‍ പദ്മിനിയും ആളുകളുടെ പ്രിയ വാഹനമായിരുന്ന കാലത്തും ടാക്‌സി ഡ്രൈവര്‍മാരുടെ മനംകവര്‍ന്നത് പദ്മിനിയായിരുന്നു. എഴുപതുകളും എണ്‍പതുകളും പ്രീമിയര്‍ പദ്മിനിയുടെ സുവര്‍ണ കാലഘട്ടവും.
ALSO READ: ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
കാലി പീലി നിറവുമായി മുംബൈ നഗരത്തില്‍ ഓടിനടന്ന പ്രീമിയര്‍ പദ്മിനി ഓര്‍മകളിലേക്ക് മാത്രം ഒതുങ്ങുകയാണ്. ടാക്‌സികളിലെ അവസാന പ്രീമിയര്‍ പദ്മിനി കാര്‍ ഇന്നത്തോടെ ഓട്ടം അവസാനിപ്പിക്കും. മുംബൈ നഗരത്തോട് വിട പറയാന്‍ ഒരുങ്ങുന്ന അവസാന പ്രീമിയര്‍ പദ്മിനിയുടെ ഉടമസ്ഥന്‍ ടാക്‌സി ഡ്രൈവര്‍ കൂടിയായ അബ്ദുള്‍ കരീം കര്‍സേക്കറാണ്.2003 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് അബ്ദുള്‍ കരീം ഉപയോഗിക്കുന്നത്. രൂപത്തിലെ ഒതുക്കവും വിശ്വസിക്കാവുന്ന എന്‍ജിനും പരിപാലനത്തിലെ ചിലവുകുറവുമെല്ലാം മേന്മായായിരുന്ന പദ്മിനിക്ക് വെല്ലുവിളി ആരംഭിച്ചത് മാരുതി, ഹ്യൂണ്ടായ് തുടങ്ങിയ ബ്രാന്‍ഡുകള്‍ എത്തിയതോടെയാണ്. 63,200 ടാക്‌സികളുണ്ടായിരുന്ന കാലത്ത് നിന്നാണ് ഇന്ന് ഏറ്റവും അവസാനത്തെ ഒരു ടാക്‌സിയിലെക്ക് പ്രീമിയര്‍ പദ്മിനി ചുരുങ്ങിയത്.
ALSO READ: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്
പതിറ്റാണ്ടുകള്‍ നീളുന്ന പ്രീമിയര്‍ പദ്മിനി യുഗത്തിന് തിരശ്ശീല വീഴുമ്പോള്‍ പഴയകാല ചിത്രങ്ങളിലെയും കഴിഞ്ഞൊരു തലമുറയുടെയും മനസിലെയും സ്റ്റാറാണ് ഈ കാര്‍ മുത്തശ്ശി എന്ന് പറയാം. ടാക്‌സി കാറുകള്‍ക്ക് ഗതാഗത വകുപ്പ് നിശ്ചയിച്ച ആയുസ് ഇരുപത് വര്‍ഷമായതിനാല്‍ പ്രീമിയര്‍ പദ്മിനി കാറുകള്‍ ഓരോന്നായി പല കാലങ്ങളില്‍ പിന്‍വാങ്ങുകയായിരുന്നു. സ്‌പെയര്‍പാര്‍ട്‌സുകളും അതോടെ കിട്ടാതെയായി.
1964ല്‍ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന മോഡലില്‍നിന്നാണ് പ്രീമിയര്‍ പദ്മിനിയുടെ ടാക്സി യാത്ര ആരംഭിച്ചതെന്ന് മുംബൈ ടാക്സിമെന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എല്‍. ക്വാഡ്രോസ് പറയുന്നു. 1970-കളില്‍, ഈ മോഡല്‍ ‘പ്രീമിയര്‍ പ്രസിഡന്റ്’ എന്നും തുടര്‍ന്ന് ‘പ്രീമിയര്‍ പദ്മിനി’ എന്ന പേരിലും പുനര്‍നാമകരണം ചെയ്യപ്പെട്ടു. പുതിയ തലമുറയ്ക്കാക്കായി ഒരു പ്രീമിയര്‍ പദ്മിനി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here