ചലച്ചിത്ര മേളയുടെ പ്രാധാന്യം വരുംനാളുകളിലും കുറയില്ല’ : ഐഎഫ്എഫ്‌കെ സമാപന ഓപ്പണ്‍ഫോറം

29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പണ്‍ ഫോറം ചര്‍ച്ച ടാഗോര്‍ തീയേറ്ററില്‍ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകള്‍ സമകാലിക സിനിമയില്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

വില്ലേജ് റോക്സ്റ്റാര്‍സ് എന്ന ചിത്രത്തിന്റെ സംവിധായിക റീമ ദാസിന്റെ വാക്കുകളിലാണ് ചര്‍ച്ച ആരംഭിച്ചത്. ചലച്ചിത്ര മേളകളിലൂടെ തുടങ്ങിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചാണ് റീമ സംസാരിച്ചത്. ആദ്യ കാലങ്ങളില്‍ വലിയ ബജറ്റ് സിനിമകള്‍ തന്റെ സ്വപ്നമായിരുന്നില്ലെന്നും കലാസൃഷ്ടി എന്ന നിലയില്‍ മാത്രമാണ് സിനിമയെ കണ്ടതെന്നും അവര്‍ പറഞ്ഞു. ‘ആക്ട് ഗ്ലോബല്‍ ,തിങ്ക് ലോക്കല്‍’ എന്ന പാട്രിക് ജഡ്ഡിസ്ന്റെ വാക്കുകളെ ഉദ്ധരിച്ചാണ് റിമ തന്റെ സിനിമാ പ്രയാണത്തെ വിശദീകരിച്ചത്.

ALSO READ: ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച അനുഭവമായി; ഐഎഫ്എഫ്കെ അനുഭവം പങ്കുവെച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

വിവിധ കാഴ്ചപ്പാടുകളുള്ള ജനങ്ങള്‍ ഒത്തുകൂടുന്ന ചലച്ചിത്രമേളകള്‍ സ്വപ്നം കാണാനുള്ള ഇടം കൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. ഒരുകൂട്ടം ചലച്ചിത്രപ്രേമികള്‍ ഒരേമനസോടെ സദസിലിരുന്ന് ചിത്രം കാണുന്ന വൈകാരിക നിമിഷങ്ങളാണ് ചലച്ചിത്രമേളകളെ വിജയിപ്പിക്കുന്നതെന്നും അതുനിലനില്‍ക്കുന്നിടത്തോളം ചലച്ചിത്രമേളയുടെ പ്രാധ്യാന്യം കുറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളകള്‍ സിനിമയുടെ വാണിജ്യപരമായ പ്രചാരണത്തിനുകൂടെ സഹായകരമാകുന്നുവെന്നു ക്യൂറേറ്റര്‍ ആയ ഫെര്‍ണാണ്ടോ ബ്രെന്നെര്‍ അഭിപ്രായപ്പെട്ടു. മികച്ച സിനിമകള്‍ കാണികളിലേക്കെത്തിക്കുന്നതില്‍ ചലച്ചിത്രമേള ഒരു ജാലകമായാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ, ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്

ബെര്‍ലിന്‍, വെനീസ്, കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ പോലെ മികച്ചതാകാന്‍ ഐ.എഫ്.എഫ്.കെയ്ക്കും സാധിക്കുമെന്ന് ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം അഭിപ്രായപ്പെട്ടു. സിനിമാപ്രേമികളെയും സിനിമാപ്രവര്‍ത്തകരെയും ഒന്നിച്ചു കൊണ്ടുപോയി രണ്ടു വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്ലാറ്റഫോം ചലച്ചിത്രമേളകള്‍ ഒരുക്കുന്നുണ്ട് എന്നും സെല്ലം പറഞ്ഞു.

കോവിഡ് മഹാമാരിക്ക് ശേഷം ഒ.ടി.ടിയിലും ഹോം തീയേറ്റരിലും ഏറെ സൗകര്യത്തോടെ ചിത്രങ്ങള്‍ കാണാന്‍ അവസരം ലഭിക്കുന്ന ഈ കാലഘട്ടത്തിലും ചലച്ചിത്രമേളയുടെ പ്രസക്തി ഒട്ടും കുറയുന്നില്ലെന്നു ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പറഞ്ഞു. വരുന്ന 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേള കൂടുതല്‍ മികച്ചതാക്കാനുള്ള ആലോചനകള്‍ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ മേളയില്‍ പങ്കെടുത്ത 15000 ഓളം ഡെലിഗേറ്റുകളെക്കാള്‍ ജനപങ്കാളിത്തം വരും മേളയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരമായ ബന്ധമാണ് ഡെലിഗേറ്റുകളുമായി ഉള്ളതെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മേളയുടെ വിജയത്തെ ഉയര്‍ത്തുന്ന അവരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. വിവിധ തലങ്ങള്‍ നിറഞ്ഞതാണ് തീയറ്ററിലെ സിനിമാ അനുഭവമെന്നും അത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുമെന്നും റീജണല്‍ എഫ്.എഫ്.എസ്.ഐ സെക്രട്ടറി റെജി എം.ഡി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News