ആറ്റിങ്ങലില്‍ അഭിഭാഷകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ നേതാവിനെ സംരക്ഷിച്ച് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും. യൂത്ത്കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ രോഹിത്തിനെതിരെ മൗനം പാലിക്കുകയാണ് നേതാക്കള്‍. സംഘടനാ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ഞങ്ങള്‍ കോടതിയല്ലെന്നാണ് ചെന്നിത്തലയുടെ മറുപടി.
യൂത്ത്കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ രോഹിതും യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അഡ്വ. വിഷ്ണു വി ആര്‍ നായരും മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്ന് ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചശേഷമാണ് ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ അഡ്വ. വി എസ് അനില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
Also Read : കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം
തലസ്ഥാന ജില്ലയിലെ പ്രധാന നേതാവിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഒരു മനുഷ്യന്‍ ജീവന്‍ അവസാനിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ യൂത്ത്കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. പൂക്കോട് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദിയിലെത്തിയ രമേശ് ചെന്നിത്തലയോട് മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിച്ചു.
പൊലീസും ആഭ്യന്തര വകുപ്പുമാണ് നടപടിയെടുക്കേണ്ടത് എന്നായിരുന്നു പ്രതികരണം. സംഘടനാ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ കോടതിയല്ലെന്ന് പറഞ്ഞ് ചെന്നിത്തല തടിയൂരി. ഏത് വിഷയത്തിലും പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയത്തില്‍ മൗനമാണ് മറുപടി. അതേസമയം പാര്‍ട്ടി സഹായത്തോടെ രോഹിതും, വിഷ്ണുവും ഒളിവില്‍ പോയതായാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here