രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനായി കോടതിയിൽ ഹാജരാകാൻ അഭിഭാഷകരെത്തിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
കോടതിയിലെത്തുന്ന അഭിഭാഷകർക്ക് ഭീഷണിയും ക്രൂര മർദ്ദനവും ലഭിക്കുന്നെന്ന വാർത്ത പരന്നതോടെയാണ് അഭിഭാഷകർ കോടതിയിൽ എത്തുന്നതിൽ നിന്നും പിന്മാറിയത്.
ALSO READ: 20 വര്‍ഷത്തിനിടെയുണ്ടായ ആദ്യ ശക്തമായ ഭൂചലനം; തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം
ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച്, ഈ മാസം 25-നാണ് ഹിന്ദുസംഘടനയായ ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരണ്‍ ജോതിൻ്റെ വക്താവായ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ബംഗ്ലാദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ചിന്മയി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നത്.
തുടർന്ന് ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. എന്നാൽ ചൊവ്വാഴ്ച അഭിഭാഷകരാരും കോടതിയിൽ എത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റി. കേസിൽ ചിന്മയക്കു വേണ്ടി ഹാജരാകുന്നതിൽ നിന്ന് അഭിഭാഷകരെ ബാർ അസോസിയേഷൻ നേതൃത്വം വിലക്കിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ബാർ അസോസിയേഷൻ വിലക്ക് ലംഘിച്ച് ചിന്മയ് കൃഷ്ണദാസിനായി 250 കിലോമീറ്റർ സഞ്ചരിച്ചെത്തിയ രബീന്ദ്രഘോഷ് എന്ന അഭിഭാഷകനെ കോടതി പരിസരത്ത് പ്രദേശവാസികള്‍ തടഞ്ഞതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകർ മർദ്ദനങ്ങൾക്ക് വിധേയമാകുന്നതായി എക്‌സ്‌പോസ്റ്റിലൂടെ ഇസ്കോണിന്‍റെ കൊല്‍ക്കത്തയിലെ വക്താവ് രാധാരാമന്‍ ദാസും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here