രാജ്യത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു വികസന ബദല്‍; കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യത്തിലേക്ക്

ഇടതുമുന്നണി സര്‍ക്കാര്‍ കൊച്ചിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നടപ്പിലാക്കുന്ന വാട്ടര്‍ മെട്രോ, കൊച്ചിയുടെ ഗതാഗത സംവിധാനത്തിന് പുതിയൊരു മാനം നല്‍കുന്നതാണ്. വാട്ടര്‍ മെട്രോ കൂടി വരുന്നതോടെ കൊച്ചിയുടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഖം മാറും. കൊച്ചിയിലെ റോഡ്, റെയില്‍, ജല ഗതാഗതത്തിന് ഒരു പൊതുസ്വഭാവം കൈവരിക്കാന്‍ വാട്ടര്‍ മെട്രോ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിലെ വിവിധ പ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. കൊച്ചിയുടെ ഉള്‍പ്രദേശങ്ങളിലുള്ള ദ്വീപ് വാസികള്‍ ഇന്നും പ്രധാനമായും ജലഗതാഗത്തെ ആശ്രയിക്കുന്നവരാണ്. നഗരപ്രദേശത്തേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തണമെങ്കില്‍ അവര്‍ക്ക് ജലഗതാഗതം തന്നെയാണ് എളുപ്പമാര്‍ഗം.

കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോക്കായി ഒരുക്കിയിട്ടുണ്ട്. ഇവയെ ബന്ധിപ്പിക്കുന്ന 78 വാട്ടര്‍ മെട്രോ ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഇത് ജലഗതാഗതത്തെ ഏറെ ആശ്രയിക്കുന്ന ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ വാസികള്‍ക്കും പ്രയോജനകരമാകും.

കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 11136.83 കോടിയാണ്. സംസ്ഥാന സര്‍ക്കാരിന് പുറമേ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്നുള്ള വായ്പയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് ആസൂത്രണം ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയതാണ് രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ കൂടിയായ കൊച്ചി വാട്ടര്‍ മെട്രോ.

സമയത്തിന് ജീവിതത്തില്‍ ദിനം പ്രതി പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നിരവധിയാളുകള്‍ക്ക് വാട്ടര്‍ മെട്രോ പദ്ധതി ഏറെ പ്രയോജനം ചെയ്യും. ആദ്യഘട്ടത്തില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനിലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്. സാധാരണഗതിയില്‍ തിരക്കേറിയ സമയത്ത് ഹൈക്കോര്‍ട്ട് മുതല്‍ വൈപ്പിന്‍ വരെ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ വേണ്ടിവരുന്ന സമയം ഒരു മണിക്കൂറോളമാണ്. വാട്ടര്‍ മെട്രോ വരുന്നതോടെ ഇതിന്റെ ദൈര്‍ഘ്യം 20 മിനിറ്റായി കുറയും. അതായത് 40 മിനിറ്റിന്റെ ലാഭം. വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്കുള്ള യാത്രയിലും അങ്ങനെ തന്നെ. ഒരു മണിക്കൂറിന് അടുത്ത് സമയം വേണ്ടിവരുന്ന വൈറ്റില-കാക്കനാട് യാത്രയ്ക്ക് വാട്ടര്‍ മെട്രോയില്‍ ആവശ്യമായുള്ളത് വെറും 25 മിനിറ്റ് മാത്രമാണ്. സമയ ലാഭം മാത്രമല്ല, കുറഞ്ഞ ടിക്കറ്റ് നിരക്കും വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 20രൂപയും കൂടിയ ടിക്കറ്റ് നിരക്ക് 40 രൂപയുമാണ്. ഇത് കൂടാതെ സ്ഥിരം യാത്രക്കാര്‍ക്കായി ആഴ്ച, മാസം, മൂന്നുമാസം എന്നീ കാലയളവുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ പാസും അനുവദിക്കുന്നുണ്ട്. 27 ന് സര്‍വീസ് ആരംഭിക്കുന്ന വാട്ടര്‍ മെട്രോയില്‍ നിലവില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാണ്. പിന്നീട് ഇതില്‍ മാറ്റം വരും.

ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. തുച്ഛമായ നിരക്കില്‍ സുരക്ഷിതമായ യാത്രയാണ് വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഏറെ ഫലപ്രദമാകുംവിധം ബോട്ടുകള്‍ ശീതീകരിച്ചിട്ടുണ്ടാകും. ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ഇത് ജലസ്രോതസിനെ മലിനമാക്കില്ല. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകള്‍, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

വൈറ്റില ഹബ്ബ് ബസ് ടെര്‍മിനല്‍, കൊച്ചി മെട്രോ എന്നിവയ്ക്ക് പുറമേ വാട്ടര്‍ മെട്രോ കൂടി വരുന്നതോടെ വൈറ്റില കൊച്ചിയുടെ പ്രധാനപ്പെട്ട പൊതുഗതാഗത ഹബ്ബായി മാറും. വൈറ്റിലയില്‍ ഒരേ സമയം റെയില്‍, ബസ്, ജലഗാതഗത സൗകര്യമാണ് ജനങ്ങള്‍ക്ക് ലഭിക്കുക. കൊച്ചിയെത്തുന്ന വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വൈറ്റിലയില്‍ എത്തുന്നവര്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ബസോ, മെട്രോയോ, വാട്ടര്‍മെട്രോയോ ഉപയോഗിക്കാം.

നിലവില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഇനി മുതല്‍ വാട്ടര്‍ മെട്രോയിലും ഉപയോഗിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന ദൈനംദിന യാത്രക്കാരെ സംബന്ധിച്ച് ഇത് ഏറെ സഹായകമാണ്. വാട്ടര്‍ മെട്രോയില്‍ ടിക്കറ്റ് ബുക്കിംഗിന് ഡിജിറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പേപ്പറിന്റെ ഉപയോഗം കുറച്ച് കൂടുതല്‍ പ്രകൃതി സൗഹാര്‍ദ്ദമാകുക എന്ന ലക്ഷ്യവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

വാട്ടര്‍മെട്രോ ടെര്‍മിനലുകളുമായി ബന്ധപ്പെടുത്തി ഫീഡര്‍ ഗതാഗത സൗകര്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. ബസ്, ഓട്ടോറിക്ഷ, സൈക്കിള്‍ തുടങ്ങിയ ഫീഡര്‍ സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. കൊച്ചി വണ്‍ കാര്‍ഡിന്റെ ഭാഗമായി ഭാവിയില്‍ ഈ ഫീഡര്‍ ഗതാഗത സംവിധാനങ്ങളെയും ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

കൊച്ചിയിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്വപ്ന വാഗ്ദാനമായിരുന്നു വാട്ടര്‍ മെട്രോ. പരമാവധി പ്രകൃതി സൗഹാര്‍ദ്ദമായി കൊച്ചിയിലെ പൊതുഗതാഗത സൗകര്യത്തെ മെച്ചപ്പെടുത്താന്‍ വാട്ടര്‍ മെട്രോയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു വികസന ബദല്‍ കൂടിയായി മാറുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News