കോണ്‍ഗ്രസില്‍ തമ്മിലടി തുടർന്ന് നേതാക്കള്‍. കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ തുടരുന്ന തർക്കത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി ചർച്ച നടത്തിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കൂടിക്കാഴ്ചയില്‍ കെ. സുധാകരനെ മാറ്റി കോൺഗ്രസിൽ സമ്പൂര്‍ണ പുനസംഘടന വേണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ, കെപിസിസിയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കേരള നേതാക്കൾ പല തട്ടിലാണെന്നും വിവരമുണ്ട്. നേതൃമാറ്റം അടക്കം സമ്പൂർണ പുനസംഘടന പാർട്ടിയിൽ വേണമെന്ന് ഒരു വിഭാഗം ദീപ ദാസ് മുൻഷിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.
ALSO READ: ചേന്ദമംഗലം കൂട്ടക്കൊല, പ്രതി ഋതു ജയനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
പക്ഷേ, അത്തരത്തിൽ കെപിസിസി അധ്യക്ഷനെ മാറ്റേണ്ടി വന്നാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് വേറെ പേര് നിർദേശിക്കില്ലെന്നും കേരള നേതാക്കൾ തന്നെ പകരം മറ്റൊരു പേര് മുന്നോട്ട് വെക്കണം എന്ന് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടെന്നാണ് സൂചന.
എന്നാൽ, കെ. സുധാകരൻ തുടർന്നുകൊണ്ട് കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. തീർന്നില്ല, കെ. സുധാകരൻ്റെ പരിമിതികൾ ദീപാദാസ് മുൻഷിക്ക് മുന്നിൽ ചർച്ചയാക്കി മറ്റൊരു വിഭാഗം കൂടി കോൺഗ്രസിലുണ്ട്. തർക്കങ്ങളിൽ ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here