സമസ്തക്കെതിരായ ലീഗിന്റെ ഭീഷണി: പൊതുസമൂഹം ഇടപെടും; ഐ.എന്‍.എല്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും മുസ്‌ലിം ലീഗുകാര്‍ നടത്തുന്ന ഭീഷണിയും വെല്ലുവിളിയും എല്ലാ പരിധികളും വിട്ട് വേട്ടയാടലിന്റെ സ്വഭാവത്തിലേക്ക് കടന്നിരിക്കയാണെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനാണ് ലീഗിന്റെ ഉദ്ദേശ്യമെങ്കില്‍ പ്രതിരോധത്തിനായി പൊതുസമൂഹത്തിന് ഇടപെടേണ്ടിവരുമെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

പണ്ഡിത സഭയായ സമസ്ത എന്നും തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടത് അവരുടെ ബാധ്യതയാണെന്നും വിശ്വസിക്കുന്ന ലീഗിലെ ഒരു കുട്ടം വിവരദോഷികളാണ് കേട്ടാലറക്കുന്ന ഭാഷയില്‍ പണ്ഡിതന്മാര്‍ക്കും സമസ്ത നേതാക്കള്‍ക്കുമെതിരെ സൈബറിടങ്ങളില്‍ കലാപത്തിനിറങ്ങിയിരിക്കുന്നത്. സമസ്ത മുസ്‌ലിം ലീഗിന്റെ പോഷക ഘടകമല്ല. സ്വന്തമായി അസ്തിത്വവും അന്തസ്സുമുള്ള ലീഗിനേക്കാള്‍ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാ വൈഭവവുമുള്ള കൂട്ടായ്മയാണെന്നും മനസ്സിലാക്കുന്നതിലെ പിഴവാണ് പണ്ഡിതസഭയും കീഴ്ഘടകങ്ങളും തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് കഴിയണമെന്ന ദുശ്ശാഠ്യത്തിനു പിന്നില്‍.

Also Read:   ടിടിഇമാർക്ക് വിശ്രമ സൗകര്യമില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സമസ്തയുടെയും വിദ്യാര്‍ഥി സംഘടനയുടെയും നേതാക്കളും പ്രവര്‍ത്തകരും ലീഗിന് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ അതില്‍ ഒരാള്‍ക്കും ഇടപെടാന്‍ അവകാശമില്ല. കോണിചിഹ്നത്തില്‍ വോട്ട് ചെയ്യാത്ത ഒരു സമസ്തക്കാരനെയും പള്ളിയിലോ മദ്രസയിലോ യത്തീംഖാനയിലോ കയറ്റില്ല എന്ന ധിക്കാരത്തിന്റെ സ്വരം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മതസ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടെയും തറവാട്ട് സ്വത്തല്ലെന്നും മഹല്ല് ഭരണം കൈയിലുണ്ടെന്ന് വെച്ച് തെമ്മാടിത്തത്തിന് തുനിഞ്ഞാല്‍ പൊതുസമൂഹം അത് നോക്കിനില്‍ക്കില്ലെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News