മോദിയുടെ ഗ്യാരണ്ടി പോലെ ചോര്‍ന്നൊലിച്ച് ഒടുവിലിതാ 1200 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് മന്ദിരവും!

കൊട്ടിഘോഷിച്ചും 1200 കോടി രൂപയോളം ചെലവഴിച്ചും കേന്ദ്രസര്‍ക്കാര്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം രണ്ട് നല്ല മഴ പെയ്തപ്പോഴതാ ചോര്‍ന്നൊലിക്കുന്നു. സംഗതി കേള്‍ക്കുമ്പോള്‍ വാസ്തവമാണോ എന്നൊരു സംശയം തോന്നുന്നില്ലേ? സംശയിക്കേണ്ട, ചോര്‍ന്നൊലിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ ഇപ്പോള്‍ സുലഭമാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. സംഭവത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പരിഹാസവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലെ സ്ഫടിക താഴികക്കുടമുള്ള മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്ന് താഴെ വെച്ചിട്ടുള്ള നീല ബക്കറ്റിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് അഖിലേഷ് എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. പഴയ മന്ദിരം പുതിയതിനേക്കാള്‍ മികച്ചതാണെന്നും ഈ അവസ്ഥയില്‍ അവിടേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

ALSO READ: വയനാടിനായി കേന്ദ്രമിതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന് കൈരളിയുടെ ചോദ്യം, സമയമായില്ല..നിങ്ങളേതാ ചാനല്‍? കുത്തിത്തിരിപ്പിനു വരരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ദില്ലിയിലെ കനത്തമഴയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, പ്രതിപക്ഷത്തു നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ എന്നിവരും സമാനരീതിയില്‍ ബിജെപിക്കെതിരെ പരിഹാസങ്ങളുമായി രംഗത്തെത്തി. മേല്‍ക്കൂര ചോര്‍ച്ചയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ചോര്‍ന്ന സീറ്റുകളുമായായിരുന്നു മഹുവ താരതമ്യം ചെയ്തത്. എന്നാല്‍, നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയുമായി സംഭവത്തെ ബന്ധിപ്പിച്ചായിരുന്നു മാണിക്കം ടാഗോറിന്റെ പരിഹാസം. വിഷയം സംബന്ധിച്ച് സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 1200 കോടി രൂപയ്ക്ക് പണിത മന്ദിരത്തിന് ഇന്ന് 120 രൂപയുടെ ബക്കറ്റിനെ ആശ്രയിക്കേണ്ട ഗതികേടായെന്നായിരുന്നു ആം ആദ്മിയുടെ പരിഹാസം. എന്നാല്‍, ചോര്‍ച്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News