ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് നവീന പദ്ധതികളുമായി മുന്നോട്ട് കുതിക്കുന്ന സംസ്ഥാനത്തിന് കരുത്തായി ദേശീയ പുരസ്കാരം നേടി കൊല്ലത്തെ ലീല റാവിസ് അഷ്ടമുടി ഹോട്ടൽ. പുതിയ ആഡംബര ഹോട്ടലുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയാണ് ലീല റാവിസ് അഷ്ടമുടി സംസ്ഥാന ടൂറിസത്തിന്റെ കരുത്ത് ദേശീയതലത്തിൽ തെളിയിച്ചത്. അമേരിക്ക ആസ്ഥാനമായ ലക്ഷ്വറി ആന്റ് ലൈഫ്സ്റ്റൈൽ മാഗസിൻ കോൺഡേ നാസ്റ്റ് ട്രാവലർ, ഇന്ത്യയിൽ നടത്തിയ സർവ്വേയിലാണ് ലീല റാവിസ് അഷ്ടമുടി മൂന്നാം സ്ഥാനം നേടിയത്. ഗോവയിലെ ജെ ജെ മാരിയറ്റും സിക്കിമിലെ ഗാങ്ടോക്കിലുള് താജ് ഗുരാസ് കുടിർ റിസോർട്ട്സുമാണ് ട്രാവലർ മാഗസിന്റെ പട്ടികയിൽ ലീല റാവിസ് അഷ്ടമുടിക്ക് മുകളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
അഷ്ടമുടി കായലിന്റെ സൗന്ദര്യം ഒട്ടും ചോർന്ന് പോകാതെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ഹോട്ടലിന്റെ നിർമ്മാണം ഉൾപ്പടെ കണക്കിലെടുത്താണ് ട്രാവലർ മാഗസിൻ, ലീല റാവിസ് അഷ്ടമുടിയെ മികച്ച പുതിയ ആഡംബര ഹോട്ടലുകളുടെ പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. പരമ്പരാഗത രീതിയിൽ തടിയിൽ തീർത്ത വിശാല ലോബിയും സായാഹ്നങ്ങളിൽ ഈ ലോബിയിൽ അരങ്ങേറുന്ന കലാ പ്രകടനങ്ങളും കായൽ കാറ്റേറ്റിരുന്ന് ആസ്വദിക്കാമെന്നതാണ് നിർമ്മാണ രീതിയിലെ പ്രത്യേകതയായി ട്രാവലർ മാഗസിൻ ചൂണ്ടികാട്ടുന്നത്.
Also read:കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജി പോളിനെ കണ്ടെത്തി
ഇരുന്നൂറ് വർഷം പഴക്കമുള്ള തറവാട് അതേപടി പുനർസൃഷ്ടിച്ച സ്യൂട്ടുകളാണ് റാവിസ് അഷ്ടമുടിയെ പുരസ്കാരത്തിന് അർഹമാക്കിയ മറ്റൊരു സവിശേഷത. “ഈരാറ്റുപേട്ട”, “അഞ്ചൽ” എന്നീ പേരുകളിട്ടിരിക്കുന്ന പഞ്ചനക്ഷത്ര കോട്ടേജുകൾ ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും കൊണ്ട് വന്ന് അതേപടി പുന:സ്ഥാപിച്ച തടിമാത്രം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കേരളത്തിന്റെ പരമ്പരാഗത വീടുകളാണ്.
ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കേരളീയം റസ്റ്റോറന്റും അവിടെ വാഴയിലയിൽ വിളമ്പുന്ന കേരള സദ്യയും പുരസ്കാര കാരണങ്ങളിൽ എടുത്ത് പറയുന്നു. റാവിസ് അഷ്ടമുടിയുടെ തനത് വിഭവമായ ഫിഷ് നിർവാണ സന്ദർശകർക്ക് രുചിയുടെ പുതിയ അനുഭവമാണ് സമ്മാനിക്കുന്നതെന്നും ട്രാവലർ മാഗസിൻ ചൂണ്ടികാട്ടുന്നു.
അഷ്ടമുടി റാവിസിലെ ആയുർവേദ സ്പായും അവിടെ ലഭിക്കുന്ന പ്രത്യേക ചികിത്സകളും, കായലിന് അഭിമുഖമായുള്ള വിശാല നീന്തൽ കുളവുമെല്ലാം ഒരിക്കൽ വന്ന് പോയ സന്ദർശകരെ വീണ്ടും ഈ റിസോർട്ടിലേക്ക് ആകർഷിക്കുന്നതായും കോൺഡേ നാസ്റ്റ് ട്രാവലർ മാഗസിൻ വിശദീകരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here