കലാപം കത്തുന്ന മണിപ്പൂരില്‍ ബാധിക്കപ്പെട്ട മനുഷ്യരെ ആശ്വസിപ്പിച്ചും ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിയും ഇടതുപക്ഷ എം പിമാരുടെ സംഘം. എം പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ , ബിനോയ് വിശ്വം എന്നിവരാണ് മണിപ്പൂരിലെത്തി ജനങ്ങളെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചത്.
ഇംഫാലിലെ മെയ്തേയ് വിഭാഗത്തിന്‍റെ അഭയാർത്ഥി ക്യാമ്പുകളിലാണ് എം പിമാര്‍ ഇന്ന് എത്തിയത്. കലാപത്തില്‍ ഇരയായവരെ നേരിൽ കണ്ട് വിഷമങ്ങള്‍ കേള്‍ക്കുകയും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സംഘം ഉറപ്പു നല്‍കി. നാളെ കുക്കി വിഭാഗത്തിന്‍റെ ക്യാമ്പുകൾ സന്ദര്‍ശിക്കാനായി എം പിമാര്‍ ഹെലികോപ്ടർ മാർഗം ചുരാചന്ദ്പൂരിലെത്തും.
ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ സന്ദര്‍ശിച്ച സംഘം ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഡ്യവും പിന്തുണയും അറിയിച്ചു. സമാധാനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ ഒത്താശയോടെയുള്ള ആസൂത്രിത കലാപമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റിയാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കു എന്നും ഇംഫാൽ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് സംഘം മണിപൂരിലെത്തിയത്.
അതേസമയം, ഇംഫാൽ വെസ്റ്റിലെ ശിശു നികേതൻ സ്കൂളിന് മുൻപിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചു. സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സ്കൂളുകൾ തുറന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here