കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അനുസൂയ ഉയിക്കെയെ കണ്ട് ഇടത് എംപിമാര്‍. മണിപ്പൂരില്‍ തുടരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇടത് എംപിമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗഭങ്ങളില്‍ കണ്ട കാര്യങ്ങള്‍ എംപിമാര്‍ ഗവര്‍ണറെ ധരിപ്പിച്ചു.
സംസ്ഥാനം വിഭജിച്ച അവസ്ഥയിലാണ്. ജനങ്ങള്‍ക്ക് ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സ്ഥിതി ഗതികള്‍ ഇത്രയധികം മോശമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുള്ള കാര്യവും എംപിമാര്‍ ഗവര്‍ണറെ അറിയിച്ചു.
കലാപ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരവസ്ഥ നേരിട്ടുകണ്ട് വിലയിരുത്താനാണ് എംപിമാരായ ജോണ്‍ ബ്രിട്ടാസ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ് വിശ്വം അടക്കമുള്ളവര്‍ മണിപ്പൂരിലെത്തിയത്ത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇംഫാലില്‍ ഇന്ന് പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചു. ആംആദ്മി, എഐഎഫ്ബി, സിപിഐഎം, ഐഎന്‍സി, എഐടിസി, സിപിഐ, ജെഡിയു, എന്‍സിപി, ആര്‍എസ്പി, എസ്എസ്(യുബിടി) തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒഖ്രം ഇബോബി സിംഗും ചര്‍ച്ചയുടെ ഭാഗമായി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇടത് എംപിമാര്‍ മണിപ്പൂരില്‍ എത്തിയത്. ഇന്നലെ മണിപ്പുരിലെത്തിയ സംഘം ഇംഫാലിലെ മെയ്‌തേയ് വിഭാഗത്തിന്റെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ആദ്യമെത്തിയത്. കലാപത്തില്‍ ഇരയായവരെ നേരില്‍ കണ്ട് വിഷമങ്ങള്‍ കേട്ട എംപിമാര്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അറിയിച്ചു. മണിപ്പൂര്‍ കലാപത്തില്‍ കനത്ത ആഘാതമുണ്ടാക്കിയ ബിഷ്ണുപുര്‍ ജില്ലയിലെ മൊയ്റാങ്, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് എംപിമാര്‍ ഇന്ന് പര്യടനം നടത്തിയത്. സ്ഥലത്തെ അഭയാര്‍ത്ഥി ക്യാമ്പുകളും, ആശുപത്രികളും എംപിമാര്‍ സന്ദര്‍ശിച്ചു.
ഇതിനിടെ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോയെയും ഇടത് എംപിമാരുടെ സംഘം സന്ദര്‍ശിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ പക്ഷപാതപരമാണെന്നും മണിപ്പുരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നെന്നും ആര്‍ച്ച് ബിഷപ്പ് എംപിമാരെ അറിയിച്ചു. ക്രൈസ്തവ സമൂഹത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയുമറിയിച്ച എംപിമാര്‍ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ ധരിപ്പിക്കുമെന്ന് ആര്‍ച്ച് ബിഷപ്പിന് ഉറപ്പ് നല്‍കി. മണിപ്പൂരില്‍ എംപിമാരുടെ സന്ദര്‍ശനം നാളെയും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here