സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ആരോപണം ഉന്നയിച്ച മധു മുല്ലശ്ശേരിക്ക് മറുപടിയുമായി ഇടത് നിരീക്ഷകൻ ടി. ഗോപകുമാർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗോപകുമാർ മധു മുല്ലശ്ശേരിക്ക് മറുപടി നൽകിയിരിക്കുന്നത്. കണ്ണീരും ചോരയും കൂടിക്കുഴഞ്ഞ ഒരുകാലത്ത് ഒരു സന്ദേഹവുമില്ലാതെ ആർജവത്തോടെയും ഉജ്ജ്വലമായ രാഷ്ട്രീയ ബോധ്യത്തോടെയും പ്രസ്ഥാനത്തെ നയിച്ചയാളാണ് വി. ജോയിയെന്നും അവർക്കെതിരെയാണ് പ്രസ്ഥാനത്തിൻ്റെ ചുവരിൽ പറ്റിപ്പിടിച്ച് വളർന്ന ഇത്തിൾക്കണ്ണികൾ നാവെടുക്കുന്നതെന്നും ഗോപകുമാർ തൻ്റെ വിമർശനക്കുറിപ്പിൽ പറയുന്നു.
ടി. ഗോപകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:
തൊണ്ണൂറുകളുടെ ആദ്യം നാലഞ്ചുവർഷം എസ് എഫ് ഐ ജില്ലാക്കമ്മിറ്റിയിൽ പ്രവർത്തിച്ചു. ആ കാലമത്രയും സ. വി ജോയി ജില്ലാക്കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡൻ്റായും സെക്രട്ടറിയായും ഒക്കെ. ഇപ്പോൾ ജില്ലയിലെ ജനകീയ നേതാക്കളായ ബി സത്യൻ, ആൻസലൻ, ഐ ബി സതീഷ്, ജി സ്റ്റീഫൻ, എസ് എ സുന്ദർ തുടങ്ങിയ പൊതുസമൂഹത്തിൽ അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധിപേർ ഒരുമിച്ച് പ്രവർത്തിച്ച കാലം.
പൊലീസിൻ്റെയും ഗൂണ്ടകളുടെയും തല്ലും കേസും ലോക്കപ്പും കോടതിയും അരപ്പട്ടിണിയും അല്ലാതെ ഒരു സൗകര്യവും മോഹിക്കാനില്ലാത്ത കാലം. വിശപ്പിൻ്റെ രുചിയറിയാതെ ഒരുദിവസവും കടന്നുപോയിട്ടില്ല, കടമില്ലാതെ ഒരു മാസവും കടന്നുപോയിട്ടില്ല, കേസുകളില്ലാതെ ഒരു വർഷവും കടന്നുപോയിട്ടില്ല. പ്രസ്സുകാരൻ്റെയും മൈക്ക്‌സെറ്റുകാരൻ്റെയും ശകാരം കേൾക്കാത്ത ഒരു എസ് എഫ് ഐ നേതാവും കാമ്പസ് വിട്ട് പോയിട്ടില്ല.
വിശപ്പ് പങ്കുവച്ചും ദാരിദ്ര്യം പങ്കിട്ടും പരസ്പരം വിമർശിച്ചും കെട്ടിപ്പിടിച്ചും ആക്രോശിച്ചും ഭയലേശമില്ലാതെ മുന്നേറിയ ഒരു തലമുറയാണത്. പരിശോധിച്ചാലറിയാം, ഞങ്ങളുടെയെല്ലാം ചോരകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ടാർ റോഡ് അഭിഷേകം ചെയ്യപ്പെട്ടത് നിരവധി തവണയാണ്. ഇന്നും ആ രക്തക്കറ തിരുവനന്തപുരത്തിൻ്റെ മണ്ണിലും മനസ്സിലുമുണ്ട്.
ALSO READ: തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി
ആ കഷ്ടകാലങ്ങളിൽ തുടങ്ങിയതാണ് ജോയിയുടെ സംഘടനാപ്രവർത്തനം. സ്വാശ്രയകോളേജ് സമരത്തിലാണെന്ന് തോന്നുന്നു, പിൻഭാഗമെല്ലാം പോലീസിൻ്റെ അടിയേറ്റ് പൊളിഞ്ഞ വി ജോയി മെഡിക്കൽ കോളേജിൽ എൻ്റെ തൊട്ടപ്പുറത്തെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു.
ദിവസങ്ങളോളം ജോയിക്ക് കമിഴ്‌ന്നല്ലാതെ കിടക്കാൻ കഴിഞ്ഞിട്ടില്ല. അതിക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട ഞങ്ങളെയെല്ലാം പിന്നീട് നെയ്യാറ്റിൻകരയിൽ ഒരു ആയുർവേദവൈദ്യൻ്റെയടുത്ത് കൊണ്ടുപോയി ആഴ്ചകളോളം ചികിത്സിച്ചാണ് നേരേ നടക്കാവുന്ന സ്ഥിതിയിൽ എത്തിച്ചത്. അന്ന് എസ് എഫ് ഐയുടെ ചുമതല സ. പിണറായി വിജയനായിരുന്നു.
നല്ല ചികിത്സ നൽകുന്നതിൽ അദ്ദേഹം നേരിട്ടിടപെട്ട് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് മാത്രം അംഗവൈകല്യങ്ങളില്ലാതെ നടക്കുന്നവരാണ് ഇന്നത്തെ ജനനേതാക്കളിൽ പലരും.
അക്ഷരാർത്ഥത്തിൽ കണ്ണീരും ചോരയും കൂടിക്കുഴഞ്ഞ ഒരുകാലത്ത് ഒരു സന്ദേഹവുമില്ലാതെ ആർജവത്തോടെയും ഉജ്ജ്വലമായ രാഷ്ട്രീയ ബോധ്യത്തോടെയും പ്രസ്ഥാനത്തെ നയിച്ച വി ജോയിക്കെതിരെയാണ് പ്രസ്ഥാനത്തിൻ്റെ ചുവരിൽ പറ്റിപ്പിടിച്ച് വളർന്ന ഇത്തിൾക്കണ്ണികൾ നാവെടുക്കുന്നത്.
പല സാഹചര്യങ്ങളിൽ ഇങ്ങനെ ചിലർ ഒളിച്ചുകടന്ന് പ്രസ്ഥാനത്തിൽ വന്നേക്കും, പിടിക്കപ്പെട്ടാൽ രക്തം കുടിച്ചുകഴിഞ്ഞ അട്ടയുടെ പോലെ കൊഴിഞ്ഞുപോകും. അത്തരം കുളയട്ടകളെ കണ്ടെത്തി പറിച്ചെറിയുന്ന പ്രക്രിയകൂടിയാണ് സമ്മേളനങ്ങൾ. ആ അർത്ഥത്തിൽ സമ്മേളനം വൻ വിജയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here