2023ല്‍ നമ്മെ വിട്ടുപോയവര്‍

സ്നേഹ ബെന്നി

2023നമ്മെ വിട്ടു പിരിയുകയാണ്. ഈ അവസരത്തില്‍ പല മേഖലയില്‍ നിന്നും നമ്മെ വിട്ടു പോയ ചില കലാകാരന്മാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും മറ്റു മേഖലകളില്‍ രാജ്യത്തിനും ലോകത്തിനുമായി സംഭാവനകള്‍ നല്‍കിയ ചിലരുടെ ഓര്‍മകളിലൂടെ നമുക്കൊന്ന് കടന്നു പോകാം

വാണി ജയറാം

ഇന്ത്യയുടെ പ്രിയ ഗായിക വാണി ജയറാമിന്റെ മരണവാര്‍ത്തയാണ് 2023ല്‍ നമ്മെ തേടി ആദ്യം എത്തിയത്. ഫെബ്രുവരി 4ാം തീയതിയാണ് വാണി ജയറാം മരണപ്പെടുന്നത്. 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ വേറിട്ട ശബ്ദത്തിന്റെ ഉടമ വാണി ജയറാമിന്റെ വിയോഗം കലാലോകത്തിന് എന്നും തീരാനഷ്ടം തന്നെയായിരുന്നു.

സുബി സുരേഷ്

സിനിമാ താരമായും ടി വി അവതാരകയുമായി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ച സുബി സുരേഷിന്റെ വിയോഗം 2023 ഫെബ്രുവരി 22 നായിരുന്നു. പ്രതിസന്ധികളില്‍നിന്ന് ദൃഢനിശ്ചയവും സ്ഥിരോല്‍സാഹവും കൊണ്ട് ഉയര്‍ന്നുവന്ന അഭിനേത്രിയായിരുന്നു സുബി സുരേഷിന്റെ അകാലത്തിലുള്ള വിയോഗം മലയാളികള്‍ പ്രേക്ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഇന്നസെന്റ്

മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടന്‍ ഇന്നസെന്റിന്റെ വിയോഗം മലയാളികളെ സംബന്ധിച്ചിടത്തോളം തീരാനഷ്ടം തന്നെയായിരുന്നു. 2023 മാര്‍ച്ച് 26 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ശ്വസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹാസ്യം വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന അപൂര്‍വം ചില നടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം, 2014 ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ പ്രതിനിധിയായി നിന്ന് മത്സരിച്ച വിജയം സ്വന്തമാക്കിയിരുന്നു.

സാറാ തോമസ്

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായസാറാ തോമസിന്റെ വിയോഗം് 2023 മാര്‍ച്ച് 31നായിരുന്നു. 1934 ല്‍ തിരുവനന്തപുരത്ത് ജനിച്ച സാറാ തോമസ് ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.

മനോബാല

2023 മെയ് 23 നായിരുന്നു പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ മരണം. അപൂര്‍വമായ സംഭാഷണരീതിയും ശബ്ദവും പ്രത്യേക ശരീരഭാഷയുംകൊണ്ട് കഥാപാത്രങ്ങളില്‍ തന്റെ കൈയൊപ്പുപതിച്ച താരമാണ് മനോബാല. അദ്ദേഹത്തിന്റെ വിയോഗം തെന്നിന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു.

ശരത് ബാബു

പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചത് മെയ് 22 നായിരുന്നു. 1978 ല്‍ പുറത്തിറങ്ങിയ നിഴല്‍ നിജമഗിരദു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. നിരവധി തെലുങ്ക് സിനിമകളില്‍ അദ്ദേഹം വില്ലനായും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി.
വിസ്മയിപ്പിച്ചു.

മാമുക്കോയ

ഹാസ്യനടനായും സ്വഭാവനടനായും മലയാളത്തിന്റെ വെള്ളിത്തിരയുടെയും കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മയുടെ നെടുംതൂണായി നിന്ന്് നാടിന്റെ പ്രിയപ്പെട്ടവനുമായി മാറിയ മാമൂക്കോയുടെ മരണം മലയാളി പ്രേക്ഷകരെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. നന്മനിറഞ്ഞ കലാകാരന്റെ വേര്‍പാട് മലയാള സിനിമയെ സംബന്ധിച്ച് നികത്താവുന്നതിലും അപ്പുറമായിരുന്നു.

ഉമ്മന്‍ചാണ്ടി

കേരളം കണ്ട ഏറ്റവും മികച്ച ജനകീയ നേതാക്കളില്‍ ഒരാളായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ വലിയൊരു നഷ്ടത്തിന് ഇടയാക്കി. അമ്പതിലേറെ വര്‍ഷം ജനപ്രതിനിധിയായിരുന്ന അദ്ദേഹത്തിന്റെ മരണം രാഷ്ട്രിയഭേദമന്യേ ഏവരെയും ദുഖത്തിലാഴ്ത്തി.

വക്കം പുരുഷോത്തമന്‍

ജൂലൈ 31നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ മരണം. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.

സിദ്ദിഖ്

ഹാസ്യത്തിന്റെ രസക്കൂട്ടുകള്‍ചേര്‍ത്ത് മലയാള സിനിമയില്‍ ചിരകാലം ചിരിപടര്‍ത്തിയ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സിദ്ദീഖിന്റെ വിയോഗ വാര്‍ത്ത മലയാളികളെ സംബന്ധിച്ച് അവിശ്വസിനീയമായിരുന്നു. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

കെ ജി ജോര്‍ജ്

മലയാളിയുടെ ഭാവനാ ഭൂപടത്തിലേക്ക് ജീവിതത്തിലെ സങ്കീര്‍ണതകളെയും നന്മതിന്മകളെയും സര്‍ഗാത്മകതയോടെ ദൃശ്യവല്‍ക്കരിച്ച പ്രതിഭയായിരുന്നു കെ ജി ജോര്‍ജ് കാല യവനികയിലേക്ക് മറഞ്ഞതും ഈ വര്‍ഷമായിരുന്നു. മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജിന്റെ വിയോഗം നികത്താന്‍ സാധിക്കാത്തത് തന്നെയാണ്.

എം എസ് സ്വാമിനാഥന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ ഈ വര്‍ഷമാണ് നമ്മോട് വിടപറഞ്ഞത്.
കാര്‍ഷിക ശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയായ അദ്ദേഹം ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ എക്കാലവും സുവര്‍ണ ലിപികളില്‍ കൊത്തിവയ്ക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം ശാസ്ത്ര ലോകത്തിന് എന്നും നഷ്ടം തന്നെയായിരിക്കും.

സുബ്ബലക്ഷ്മി

നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി നമ്മെ വിട്ട് പോയത് ഈ വര്‍ഷം അവസാനത്തോടെയാണ്. മുത്തശ്ശിയായി മലയാളികളുടെ മനസ് കീഴടക്കിയ താരത്തിന്റെ വിയോഗം പ്രേക്ഷകരെ ദുഖത്തിലാഴ്ത്തി.

കാനം രാജേന്ദ്രന്‍

അപ്രതീക്ഷമായ വിയോഗമായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റേത്. രോഗകിടക്കയില്‍ നിന്നും പോരാടി ജീവിതത്തിലേക്ക് തിരികെ വരുന്ന അവസ്ഥയിലാണ് മരണം കടന്നുവന്നത്. വാക്കുകളില്‍ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലര്‍ത്തണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താനാവത്തതാണ്.

ഇതുപോലെ നിരവധി കലാകാരന്മാരും രാഷ്ട്രീയ പ്രമുഖരുമൊക്കെ നമ്മെ വിട്ടു പോടിട്ടുണ്ട്. ഒരാള്‍ക്കു പകരം മറ്റാരും ആകില്ല എന്ന ബോധ്യത്തോടു കൂടി തന്നെ നമുക്ക് മറ്റൊരു വര്‍ഷത്തെ പ്രതീക്ഷയോടു കൂടി വരവേല്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News