ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ഓർമയായിട്ട് 2 വർഷം. 2022 ഫെബ്രുവരി 6ന് 92-ാം വയസിലാണ് 70 വർഷം നീണ്ട ആ സപര്യ അവസാനിച്ചത്. ഇന്ത്യൻ ചലച്ചിത്രഗാന ശാഖയെ ലതാജിക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താനാകും.
ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന പദവിയിലേക്ക് പാടിക്കയറിയ ജീവിതമാണ് ലതാ മങ്കേഷ്‌കറുടേത്. 1929 സെപ്തംബര്‍ 28 ന് മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടേയും ശുദ്ധമാതിയുടേയും ആറുമക്കളില്‍ മൂത്തയാളായി ആയിരുന്നു ലതയുടെ ജനനം. ആദ്യ നാളില്‍ ഹേമ എന്നായിരുന്നു പേര്. പിന്നീട് ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി പേര് ലത എന്നാക്കി മാറ്റുകയായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. തന്റെ അഞ്ചാമത്തെ വയസില്‍ തന്നെ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ ലതയ്ക്കും കുടുംബത്തിനും തിരിച്ചടിയായത് അച്ഛന്റെ പെട്ടെന്നുള്ള മരണമായിരുന്നു.
Also read:പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാത്തതിന് കേന്ദ്രം പിഴയായി പിരിച്ചത് 601 കോടി
ലതയ്ക്ക് 13 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കുഞ്ഞുലത തന്റെ ജന്മസിദ്ധമായ കലയെ പാകപ്പെടുത്തി വരുമാനം കണ്ടെത്തുകയായിരുന്നു. ആദ്യം അഭിനയത്തിലൂടേയും പിന്നീട് സംഗീതത്തിലൂടേയും ലത ജീവിതം കെട്ടിപ്പടുത്തു. 1942 ലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കറുടെ വരവ്.
1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു. 15 ഭാഷകളിലായി 30000 ത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലാണ് ലത മങ്കേഷ്‌കറിന്റെ സ്ഥാനം. 1950 കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാലം അക്ഷരാര്‍ത്ഥത്തില്‍ ലത മങ്കേഷ്‌കര്‍ ബോളിവുഡ് പിന്നണി ഗാനമേഖലയെ നയിച്ചു.
നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ലത മങ്കേഷ്‌കറിന്റെ ഏക മലയാള ഗാനം. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയായിരുന്നു.ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.
Also read:ലഖ്‌നൗ ജയിലിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ആശങ്കയിൽ; 63 പേർക്ക് എച്ച്‌ഐവി പോസിറ്റീവ്
മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടി.
92 വയസിലാണ് ഇന്ത്യയുടെ വാനമ്പാടി അരങ്ങൊഴിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here