പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. സപ്ലൈക്കോയിലെ സബ്‌സിഡി സാധനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷമാണ് ഇന്ന് നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്.
സഭ സ്തംഭിപ്പിക്കുക എന്നതായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷം ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നു. വിഷയം അടുത്ത് നടന്നതല്ലാത്തതിനാല്‍ നിയമസഭാ ചട്ടമനുസരിച്ച് അനുവദിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. സഭാ നടപടികള്‍ സ്പീക്കര്‍ തുടര്‍ന്ന് സാഹചര്യത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. പിന്നാലെ സബ്മിഷനില്‍ സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധന വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചു. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ സപ്ലൈകോ എന്ന സ്ഥാപനത്തെ സംരക്ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കി.
എന്നാല്‍ മന്ത്രിയുടെ മറുപടി തെറ്റാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം അടിയന്തര പ്രമേയ വിഷയം ഉന്നയിച്ചപ്പോള്‍ സപ്ലൈകോയില്‍ സാധനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇന്ന് ഇതേ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് എന്നതും ഏറെ പ്രസക്തം. സ്പീക്കറുടെ മുഖം മറച്ച് പ്ലക്കാര്‍ഡും ബാനറുകളും പ്രതിപക്ഷം ഉയര്‍ത്തി. സ്പീക്കര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി. ധന വിനിയോഗ ബില്ലും ധനവിനിയോഗ വോട്ട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ സഭ പാസാക്കി. തുടര്‍ന്ന് കേവലം 11 ദിവസം മാത്രം ചേര്‍ന്ന സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here