വിശ്വമഹാവിപ്ലവകാരി ലെനിന്‍റെ 101-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. മുതലാളിത്തത്തെ കടപുഴക്കി ഒരു സോഷ്യലിസ്റ്റ് ലോകക്രമം സാധ്യമാണെന്ന് തെളിയിച്ചത് ലെനിൻ്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവമാണ്. ഏതുകാലത്തും ലോകവിമോചനപ്പോരാട്ടങ്ങളുടെ ഊര്‍ജ്വസ്രോതസാണ് ലെനിന്‍.
1924 ജനുവരി 21ന് 54-ാം വയസ്സില്‍ ലെനിന്‍ മരിച്ച ദിവസത്തെക്കുറിച്ച് ബ്രത്രോള്‍ഡ് ബ്രഹത് എഴുതിയതിയൊരു കഥ ഇങ്ങനെയാണ്- ലെനിന്‍റെ ജഡത്തിനു കാവൽ നിന്ന പട്ടാളക്കാരന്‍ വിശ്വാസം വരാതെ അകത്തു ചെന്ന് അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു: “ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!” ലെനിന്‍ ഇളകിയില്ല. അപ്പോഴേ അയാള്‍ക്കുറപ്പായുള്ളൂ അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്- എന്നാല്‍ മരണത്തിനുമപ്പുറം, ലെനിന്‍ മൗസോളിയത്തിലുറങ്ങുന്ന അഞ്ചടി അഞ്ചിഞ്ച് ജഡശരീരത്തിനുമപ്പുറം ലോകത്തെ മനുഷ്യവിമോചനപ്പോരാട്ടങ്ങളുടെ ആകെയും നിത്യ വിപ്ലവമന്ത്രമാണ് ഒരു നൂറ്റാണ്ടിനിപ്പുറവും വ്ലാദ്മിര്‍ ഇല്ലിച്ച് ഉല്യനോവ് ലെനിന്‍.
Also Read: സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഇന്ന് കൊല്ലത്ത് വാക്കത്തോൺ
കാള്‍ മാര്‍ക്സിനുശേഷം തൊഴിലാളിവര്‍ഗ്ഗ വിമോചന ചരിത്രം കണ്ട ഏറ്റവും വലിയ നേതാവ്. സൈദ്ധാന്തികന്‍, പണ്ഡിതന്‍, പ്രഭാഷകന്‍, പത്രാധിപര്‍- 1871 ലെ പാരീസ് കമ്മ്യൂണിലുയര്‍ന്ന തീപ്പൊരിയെ ഒരു മഹാവിപ്ലവത്തിന്‍റെ തീക്കുണ്ഡമായി സാക്ഷാത്കരിച്ചത് ലെനിനാണ്. 1917ലെ രക്തരൂക്ഷിതമായ ഒക്ടോബര്‍ വിപ്ലവം- ലോകം അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ലോകക്രമം സൃഷ്ടിച്ചു. സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കൃഷിക്കാര്‍ക്കും ഫാക്ടറികള്‍ തൊഴിലാളികള്‍ക്കുമായി വിട്ടുനല്‍കി, അതുവരെയുണ്ടായിരുന്ന സകലചൂഷണക്രമങ്ങളെയും അടിമുടിമുടി അവസാനിപ്പിച്ചു.
ലോകചരിത്രത്തിന്‍റെ ഗതിതന്നെ അട്ടിമറിച്ചു. 1991ല്‍ ആ സോവിയറ്റ് സ്വര്‍ഗ്ഗം അവസാനിച്ചെങ്കിലും റഷ്യയുടെ അബോധത്തില്‍ നിന്ന് ലെനിനെ മായ്ച്ചുകളയാന്‍ മാത്രം ആര്‍ക്കും സാധിച്ചിട്ടില്ല. കുപ്രസിദ്ധനായ സര്‍ ഇവാൻ ദി ടെറിബിളിന്‍റെ ആരാധകനായ വ്ലാദ്മിർ പുട്ടിൻ പ്രസിഡണ്ടായിട്ടു പോലും ലെനിന്‍റെ മൃതദേഹം റെഡ്സ്ക്വയറില്‍ നിന്നെടുത്ത് സംസ്കരിക്കണമെന്ന പാര്‍ലമെന്‍റ് തീരുമാനം നടപ്പാക്കാനായിട്ടില്ല. പര്‍വതങ്ങളേക്കള്‍ ഉയരവും സമുദ്രങ്ങളേക്കാള്‍ ആഴവുമുള്ള ആഗാധമായ മാനവികതയുടെ ശബ്ദം പരക്കുന്ന എവിടെയും ലെനിന്‍റെ ഓര്‍മ്മകളും ഉയര്‍ന്നു നില്‍ക്കും, വയലാര്‍ പാടിയതുപോലെ, “ഇന്ത്യയോർക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണിൽ ബാഷ്പം നിറയുമ്പൊഴൊക്കെയും, ഇന്ത്യയോർക്കും ലെനിനെ; വിലങ്ങുകൾ വന്നു കൈകളിൽ വീഴുമ്പൊഴൊക്കെയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here