കൊൽക്കത്തയിൽ പരമ്പരാഗത ചടങ്ങുകൾ പ്രകാരം വിവാഹിതരായി സ്വവർഗാനുരാഗികൾ. മൗസുമി ദത്തയും മൗമിത മജുംദാറുമാണ് വിവാഹിതരായത്. സ്നേഹം സ്നേഹമാണ്. സ്നേഹം എല്ലാത്തിനെയും കീഴടക്കുന്നുവെന്നും വിവാഹശേഷം പങ്കാളികൾ പ്രതികരിച്ചു.
ദമ്പതികൾ കൊൽക്കത്തയിലെ ഷോവബസാറിലെ ഭൂത്‌നാഥ് ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ പൂർത്തിയാക്കി. സിന്ദൂരമണിയിക്കുന്നതടക്കമുള്ള ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. പരമ്പരാഗതമായ ബംഗാളി ആചാരങ്ങളെല്ലാം പാലിച്ചാണ് തിങ്കളാഴ്ച ഇരുവരും പുതു ജീവിതത്തിലേക്ക് കടന്നത്. കൽക്കത്തയിൽ വിവാഹിതരാവുന്ന മൂന്നാമത്തെ ജോഡി സ്വവർഗാനുരാഗികളാണ് ഇരുവരും. പ്രണയത്തിൽ ലിംഗഭേദങ്ങൾക്ക് സ്ഥാനമില്ല എന്നാണ് ഇരുവരുടേയും അഭിപ്രായം.
കൊൽക്കത്തയിലെ ബാഗിയാറ്റി നിവാസിയാണ് മൗസുമി. തന്റെ പങ്കാളിയുടെ കുടുംബം അവരെ സ്വീകരിക്കുമെന്നാണ് മൗസുമിയുടെ പ്രതീക്ഷ. രാത്രിയിൽ വിവാഹം ചെയ്ത ശേഷം അത് രഹസ്യമായി സൂക്ഷിക്കാനായിരുന്നു ആദ്യം മൗസുമിയും മൗമിതയും തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് എൽജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും വിവാഹവാർത്ത പരസ്യപ്പെടുത്തുകയായിരുന്നു.
കൊൽക്കത്തയിലാണ് ഇരുവരും ഇപ്പോൾ കഴിയുന്നത്. സ്നേഹമുണ്ടെങ്കിൽ പിന്നെ അവിടെ വിവേചനം ഉണ്ടാകില്ല. സമൂഹം എന്ത് പറയുന്നു എന്നതിലല്ല. തങ്ങൾക്ക് ഇത് സന്തോഷം ലഭിക്കുന്നുണ്ടോ, അങ്ങനെ സന്തോഷത്തിനുവേണ്ടി ആരുടെ കൂടെയായിരിക്കണം ജീവിക്കുന്നത് എന്നത് തങ്ങളുടെ തീരുമാനം ആയിരിക്കണം. അത് ജീവിതത്തിൽ വളരെ ‘പ്രധാനമാണ് എന്നും മൗസുമിയും മൗമിതയും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here