എഐ ക്യാമറ; സതീശനും ചെന്നിത്തലയും തമ്മിൽ ഒരു യോജിപ്പിലെത്തട്ടെ: എം.വി. ഗോവിന്ദൻ മാസ്റ്റർ

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ ഒരു ധാരണയിൽ എത്തട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷ നേതാവ് നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് 132 കോടി എന്ന് പറയുന്നു. ആദ്യം ഇരുവരും തമ്മിൽ ഒരു യോജിപ്പിൽ എത്തട്ടെ എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ചുള്ള 100 ദിന കർമ്മപരിപാടി ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിവരികയാണ്. അതിനെ ജനങ്ങളിൽ നിന്ന് മറയ്ക്കാൻ യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സേഫ് കേരളയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുകയാണ്. സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒന്നും മാധ്യമങ്ങൾക്ക് വലിയ കാര്യങ്ങളല്ല. സർക്കാറിനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടി ബിജെപിയും പ്രതിപക്ഷവും സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാരിന് ഒന്നും മറക്കാനില്ലെന്നും അതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് ആ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിന് വേണ്ടി പുകമറ സൃഷ്ടിക്കുകയാണ്. സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഈ പദ്ധതിക്ക് വേണ്ടി ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി നടക്കുന്നത്. പറയുന്ന കാര്യങ്ങളിൽ വസ്തുത വേണ്ടേ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

എൻസിഇആർടി പാഠപുസ്തക വിഷയത്തിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. എൻസിഇആർടിയുടേത് വളരെ വിചിത്രമായ നിലപാടാണ്. അത് കേരളത്തിൽ നടപ്പാകാൻ പോകുന്നില്ല എന്നത് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രത്തെയും ശാസ്ത്രത്തെയും നിഷേധിക്കുന്ന നിലപാട് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇതിനെതിരായ വലിയ ക്യാമ്പയിന് സിപിഐഎമ്മിന്റെ പൂർണ്ണ പിന്തുണയെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration