ലെവല്‍ ക്രോസ്സില്ലാത്ത കേരളം പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ട്; വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി

ലെവല്‍ ക്രോസ്സില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ടെന്നും വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. അകത്തേത്തറ – നടക്കാവ് റെയിൽവെ മേൽപ്പാലം നിര്‍മിക്കുന്നത് സംബന്ധിച്ച് എ പ്രഭാകരന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: സിറാജ് മേല്‍പ്പാലം-തുരങ്കപാത വിഷയം; കാരാട്ട് റസാഖിന്റെ പ്രസ്താവന അടിസ്ഥാനരഹിതം: സിപിഐഎം താമരശേരി ഏരിയ കമ്മിറ്റി

നമ്മുടെ ചില മേല്‍പ്പാലങ്ങള്‍ റെയില്‍വെ ഭാഗത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം മൂലം വൈകുന്ന സാഹചര്യമുണ്ട്. ഇത് നമ്മുടെ നാടിന്റെ സ്വപ്നപദ്ധതിയാണ്. ലെവല്‍ ക്രോസ്സില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ട്. ഏതൊക്കെ തരത്തിലുള്ള തടസ്സങ്ങളും പ്രതിസന്ധികളും വന്നാലും അവയെല്ലാം തട്ടിമാറ്റി ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും. കാരണം കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി ഇതുമായി ബന്ധപ്പെട്ട ഒരു യോഗം വിളിച്ചുചേര്‍ത്ത് മുന്നോട്ടുപോകും എന്നുള്ളത് ഈ സഭയെ അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെയാണ് അകത്തേത്തറ – നടക്കാവ് റെയിൽവെ മേൽപ്പാലം നിര്‍മിക്കുന്നത്. ആര്‍ ബി ഡി സി കെയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. പാലത്തിന്റെ റെയിൽവേ ഭാഗം ഒഴികെ 16 സ്പാനുകളുടെ മുഴുവൻ സബ് സ്ട്രക്ചര്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി. 16ല്‍ 14 സ്പാനുകളുടെ ഗര്‍ഡറുകളും 12 സ്ലാബുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 95 ശതമാനം റീ‌ട്ടെയിനിംഗ് വാളിന്റെയും ഡ്രെയിനേജിന്റെ 80 ശതമാനവും പ്രവൃത്തി പൂര്‍ത്തിയായി. സർവീസ് റോഡുകളില്‍ മലമ്പുഴ ഭാഗത്ത് 40 മീറ്റർ ഒഴികെയും പാലക്കാട് ഭാഗത്ത് 80 മീറ്റർ ഒഴികെയും റോഡിന്റെ WMM വരെയുള്ള നിർമാണവും പൂർത്തിയാക്കി. ബാക്കിവരുന്ന റീട്ടെയിനിംഗ് വാളിന്റെയും സർവീസ് റോഡ്, ഡ്രൈനേജ് എന്നിവയുടെയും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഈ മേൽപ്പാലത്തിന്റെ റെയിൽവേയുടെ ഭാഗത്തെ മൂന്ന് സ്പാനുകൾ റെയിൽവേ നേരിട്ടാണ് നിർമിക്കുന്നത്. റെയിൽവേ നേരിട്ട് ചെയ്യുന്ന പ്രവൃത്തികൾക്ക് 11.82 കോടി രൂപ 6.9.2022-ന് സംസ്ഥാന സര്‍ക്കാര്‍ റെയിൽവേയില്‍ നിക്ഷേപിച്ചിരുന്നതുമാണ്. റെയിൽവേ നേരിട്ട് നിർമിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി 2.6.2023-ന് മാത്രമാണ് വർക്ക് അവാർഡ് ചെയ്തത്. അതിൽ മുഴുവൻ പൈലുകളും പൈൽ ക്യാപ്പുകളും 2 പിയറുകളുടെയും 1 പിയര്‍ ക്യാപ്പിന്റെയും നിർമാണ പ്രവർത്തനമാണ് റെയിൽവേ പൂർത്തീകരിച്ചത്. 3 സ്പാനിന്റെ സൂപ്പർ സ്ട്രക്ച്ചർ ഉൾപ്പടെയുള്ള പ്രവൃത്തികള്‍ പൂർത്തിയാക്കുവാനുണ്ട്.

Also Read: ചൊക്രമുടി ഭൂമി കയ്യേറ്റം; സർക്കാർ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജൻ

2025 ജനുവരി രണ്ടാം വാരത്തോടെ ഗര്‍ഡര്‍ ഇറക്ഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. റെയിൽവേ സ്പാനിന്റെ സൂപ്പർ സ്ട്രക്ച്ചറിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ റെയിൽവേ സ്പാനിന്റെ തൊട്ടടുത്തുള്ള സ്പാനുകള്‍ നിർമിക്കാവൂ എന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. റെയിൽവേ സ്പാനിന്റെ ഗാർഡറുകളുടെ ഇറക്ഷൻ പൂർത്തിയാക്കിയാൽ മാത്രമേ ആർ ബി ഡി സി കെയ്ക്ക് റെയിൽവേ സ്പാനിന്റെ ഇരുവശത്തുമുള്ള 2 സ്പാനുകളുടെ നിർമാണം പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ. പ്രവൃത്തി വേഗത്തിലാക്കണം എന്ന് പലതവണ ആര്‍ ബി ഡി സി കെ റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News