എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിലുള്ളവർക്ക് പങ്കാളിയുമായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ഒഴുവാക്കി കേന്ദ്രസർക്കാർ. ഇപ്പോൾ അവർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദേശം ചെയ്യാമെന്നുമാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ക്വിയർ ബന്ധങ്ങളിലുള്ളവർക്ക് അവരുടെ പങ്കാളിയെ നോമിനിയാക്കുകയും ഉടമ മരിച്ച് പോകുകയാണെങ്കിൽ ബാങ്ക് അക്കൗണ്ടിന്റെ ഇടപാടുകളെല്ലാം പങ്കാളിക്ക് ചെയ്യുകയും ചെയ്യാവുന്നതുമാണ്.
സ്വവർഗ വിവാഹങ്ങൾക്ക് നിയമാനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ക്വിയർ കമ്മ്യൂണിറ്റിയിലുള്ള ആളുകൾക്ക് പല ആനുകൂല്യങ്ങളും ഇപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. റേഷൻ കാർഡ് പോലുള്ള രേഖകളിൽ ക്വിയർ പങ്കാളികളെ ഒരേ കുടുംബത്തിൽ ഉൾപ്പെടുത്താറുണ്ട്. കൂടാതെ പങ്കാളിയെ ജയിലുകളിൽ സന്ദർശിക്കാൻ അവസരം നൽകുക, സാമ്പത്തിക ആനുകൂല്യം, പിന്തുടർച്ചാവകാശം എന്നീ അവകാശങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്.
2015 ലാണ് എല്ലാ ഫോമുകളിലും ആൺ, പെൺ എന്നതിന് പുറമെ മൂന്നാം ലിംഗക്കാരെയും ഉൾപ്പെടുത്താൻ ആർബിഐ ബാങ്കുകളോട് നിർദേശിച്ചത്. ഇത് ക്വിയർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ ബാങ്ക് അക്കൗണ്ട് തുറക്കാനും ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ ജോയിന്റ് ബാങ്ക് അക്കൗണ്ടിനും തടസമൊന്നുമില്ല എന്ന് പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here