ലൈഫ് മിഷൻ; ഇന്ത്യയിൽ വീട് വയ്ക്കാൻ ഏറ്റവുമധികം പണം നൽകുന്നത് കേരളമെന്ന് മന്ത്രി എംബി രാജേഷ്

ലൈഫ് മിഷൻ 5 ലക്ഷം വീടുകൾ വയ്ക്കാനുള്ള കരാർ പൂർത്തിയായെന്ന് മന്ത്രി എംബി രാജേഷ്. ഇതുവരെ 385145 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിൽ വീട് വയ്ക്കാൻ ഏറ്റവുമധികം പണം നൽകുന്നത് കേരളമാണ്, ഏറ്റവുമധികം വീടുകൾ നിർമ്മിച്ചതും കേരളം ആണ്. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൂടി 17209.09 കോടി രൂപ പദ്ധതിക്കായി നൽകി കഴിഞ്ഞുവെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് 12.09 ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വിഹിതം എന്നും ചൂണ്ടിക്കാട്ടി.

ബാക്കി തുക സംസ്ഥാന സർക്കാർ ആണ് നൽകിയിരിക്കുന്നത്. 72,000 രൂപ മാത്രമാണ് കേന്ദ്രം നൽകുന്ന തുക, 4 ലക്ഷത്തിലധികം രൂപയാണ് കേരളം നൽകുന്നത്. ലൈഫ് മിഷനിൽ വീട് ലഭിച്ചവരെ ബിജെപിക്കാർ ഫോണിൽ വിളിച്ച് മോഡിയുടെ വീട് കിട്ടിയോ എന്ന് ചോദിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. 2021-22 വർഷത്തിന് ശേഷം പി എംഎവൈ വീടുകൾ കേരളത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴും വീടും ഭൂമിയും ഇല്ലാത്തവരായി 8 ലക്ഷം പേർ ഇനിയും അവശേഷിക്കുന്നു.

കേരളത്തിന്റെ ക്ഷേമ പദ്ധതികളിൽ കടുംവെട്ട് ഇടുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കേന്ദ്രം പണം വെട്ടിക്കുറച്ചില്ലായിരുന്നു എങ്കിൽ ലിസ്റ്റിൽ ഉള്ള എല്ലാവർക്കും വീട് നൽകാൻ കഴിയുമായിരുന്നു എന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി ഇല്ലാത്തവർക്ക് ഭൂമി കണ്ടെത്താൻ സംസ്ഥാന സർക്കാർ പദ്ധതി നടന്നു വരുന്നുണ്ട്. 30-ലേറെ ഏക്കർ ഭൂമി സർക്കാരിന്റെ ലൈഫ് മിഷന് സംഭാവനയായി ലഭിച്ചു.

ഒരു തരത്തിലുള്ള ലോഗോയും വീടുകളിൽ പതിപ്പിക്കില്ല എന്നതാണ് കേരളത്തിന്റെ നിലപാട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം പണം നൽകുന്നത് നിർത്തിയത് ഈ നിലപാടിന്റെ പേരിലാണ്. വീടുകളിൽ ലോഗോ പതിപ്പിക്കണം എന്ന കേന്ദ്ര നിലപാട് ഭരണഘടന ഉറപ്പ് നൽകുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് എതിരാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര മന്ത്രിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെങ്കിലും അതിന് ഇതുവരെയും മറുപടി കിട്ടിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News