മുട്ടിൽ പഞ്ചായത്തിലെ തെറ്റപാടി ഉന്നതിയിലെ വി കുമാരന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണത്തിനായി അനുവദിച്ച തുക തട്ടിയെടുത്ത മുസ്ലീം ലീഗ് നേതാവും മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഷ്‌റഫ് ചിറക്കൽ രാജിവെക്കണമെന്നും അദ്ദേഹത്തിന്റെ പേരിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെ എസ് കെ ടി യു വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 2022 ഫെബ്രുവരിയിലാണ് കുമാരന് നാല് സെന്റ് ഭൂമിയും വീടും സർക്കാർ അനുവദിച്ചത്. ഇതിൽ വീട് നിർമാണത്തിന് അനുവദിച്ച ആദ്യ ഗഡുതുകയായ 90000 രൂപയാണ് ലീഗ് നേതാവ് തട്ടിയെടുത്തത്.
തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ അക്കൗണ്ട് നിർമ്മിക്കാനുൾപ്പെടെ ഗൂഢാലോചന നടത്തിയാണ് അഷ്‌റഫ് തുക തട്ടിയെടുത്തത്. കല്പറ്റ യൂണിയൻ ബാങ്കിന്റെ ശാഖയിൽ കുമാരന്റെ പേരിൽ അക്കൗണ്ട് തുടങ്ങുന്നതിനു വേണ്ടി അദ്ദേഹത്തെ കൂട്ടികൊണ്ടുപോയ അഷ്‌റഫ് അക്കൗണ്ട് തുടങ്ങുമ്പോൾ കുമാരന്റെ ഫോൺ നമ്പറിന് പകരം തന്റെ ഫോൺ നമ്പർ നൽകുകയും ഇന്റർമീഡിയറ്റ് പേയ്‌മെന്റ് സർവീസ് പ്രകാരം ലഭ്യമായ തുക എസ് ബി ഐ യുടെ കോട്ടത്തറ ശാഖയിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റി നാല് ഘട്ടങ്ങളിലായി തുക തട്ടിയെടുക്കുകയാണ് ചെയ്തത്.സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ പുരയിടത്തിനുള്ള സഹായം തട്ടിയെടുത്ത അഷ്റഫിന് ഒരു നിമിഷം പോലും ജനപ്രതിനിധിയായി തുടരാൻ അർഹതയില്ല അദ്ദേഹം ഉടൻ രാജിവെക്കണം.
also read: വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് കെ സുധാകരൻ പറഞ്ഞിട്ടെന്ന് അൻവർ പറഞ്ഞു; എ എച്ച് ഹഫിസ്
പട്ടിക വർഗ്ഗ അതിക്രമ നിയമം അനുസരിച്ച് അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കണം. ഈ ആവശ്യമുന്നയിച്ച് 2025 ജനുവരി 15 ന് മുട്ടിൽ പഞ്ചായത്ത് ഓഫീസിലേക്ക് കർഷകതൊഴിലാളികൾ മാർച്ച് ചെയ്യാൻ ജില്ല കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ ഷമീർ അധ്യക്ഷം വഹിച്ചു. ജില്ല സെക്രട്ടറി സുരേഷ് താളൂർ, സംസ്ഥാന സമിതി അംഗങ്ങളായ സി കെ ശശീന്ദ്രൻ, സീത ബാലൻ,ജില്ലാ ഖജാൻജി എം ഡി സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി വി ബാവ എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here