കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ പങ്കാളിയെ നഷ്ടപ്പെട്ടു, കുടുംബത്തെ തോളിലേറ്റി പോരാളിയായി പെണ്‍വേ‍ഴാമ്പല്‍

കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ പങ്കാളിയെ നഷ്ടപ്പെട്ടു, കുടുംബത്തെ തോളിലേറ്റി പോരാളിയായി പെണ്‍വേ‍ഴാമ്പല്‍

മുട്ടവിരിഞ്ഞിറങ്ങിയ  കുഞ്ഞുങ്ങൾക്ക് തീറ്റതേടുന്നതിനിടെ  ഒരു കൂട്ടം കുരങ്ങൻമാരുമായുള്ള ഏറ്റുമുട്ടലിൽ പങ്കാളിയെ നഷ്ടപ്പെട്ട ഒരു പെണ്‍വേ‍ഴാമ്പല്‍ കുട്ടികളെ വളര്‍ത്താന്‍  പോരാടുകയാണ്. എന്നാൽ വേർപാടിന്റെ വേദനയിലും കുഞ്ഞുങ്ങൾക്കായി പോരാടുന്ന അമ്മ പക്ഷിയുടെ ദൃശ്യങ്ങള്‍  ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. തമി‍ഴ്നാട് നീലഗിരിയിലെ വനത്തിലാണ് വേ‍ഴാമ്പലും കുഞ്ഞുങ്ങളും ക‍ഴിയുന്നത്.

ആൺ വേഴാമ്പലിനെ ചത്ത നിലയിയിൽ കണ്ടെത്തിയതിനു പിന്നാലെ വനപാലകരുടെ സംഘം അതിന്റെ കൂട് കണ്ടെത്തി പെൺ പക്ഷിയെയും കുഞ്ഞുങ്ങളെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലുകള്‍ക്ക്  ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത,  ഉയരമുള്ള മരങ്ങളിലെ പൊത്തുകളാണ് ഇവ തെരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെടുക്കും. ഇത്രയും ദിവസം കൂട്ടിൽ നിന്നു പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺപക്ഷി, ചെളിയും കാഷ്ഠവും ഉപയോഗിച്ച് പൊത്ത് അടയ്ക്കുകയും ചെയ്യും. കൊക്ക് പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവുകയുള്ളൂ.

പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും. തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലുമാണ് ഇവയെ മലമുഴക്കിയാക്കിയത്. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ആൺ വേഴാമ്പലിന്റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration