ഇരുപത്തിയൊന്നാം വയസ്സില്‍ പടുത്തുയര്‍ത്തിയ സംരംഭം; വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് ലിന്റോ തോമസ്

വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിലെ പഠനവും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് ഏറെ സുപരിചിതമായ ബ്രാന്‍ഡാണ് അഫിനിക്സ്. സൗഭാഗ്യവും ജോലി ഭദ്രതയും തേടി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിശ്വസ്ഥ സ്ഥാപനമായി അഫിനിക്സ് മാറിയത് ചുരുങ്ങിയ കാലയളവിലാണ്. ഇതിന് പിന്നില്‍ ലിന്റോ തോമസ് എന്ന യുവാവിന്റെ വര്‍ഷങ്ങളുടെ പ്രയത്‌നമുണ്ട്, ആഴത്തിലുളള പഠനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചതിക്കുഴികളുടെയും വിശ്വാസ്യതയുടെയും കഥകളുണ്ട്.

അഫിനിക്സിന്റെ അമരക്കാരനായ ലിന്റോ തോമസ് തന്റെ 21-ാം വയസ്സിലാണ് സംരംഭക ലോകത്തേക്ക് ചുവടുവെക്കുന്നത്. വിദേശ പഠന കണ്‍സള്‍ട്ടന്റായി തുടക്കം കുറിച്ച അഫിനിക്സ് ഇന്ന് നഴ്സസ് റിക്രൂട്ട്മെന്റ്, വിദേശ പഠന കണ്‍സള്‍ട്ടന്‍സി, പി.ആര്‍. ആന്‍ഡ് ഇമിഗ്രേഷന്‍, ഐ.ഇ.എല്‍.ടി.എസ്. പരിശീലനം എന്നീ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഏജന്‍സി കൂടിയാണ് അഫിനിക്സ്. 14 വര്‍ഷത്തെ സംരംഭക ജീവിതത്തില്‍ വലിയ പ്രതിസന്ധികളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ലിന്റോ പറയുന്നു. ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിദേശപഠനവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയില്‍ നിന്നുമുണ്ടായ കയ്പ്പേറിയ അനുഭവമാണ് ലിന്റോയ്ക്ക് ഇത്തരമൊരു സംരംഭം തുടങ്ങാന്‍ പ്രേരണയായത്.

സാധാരണ കുടുംബത്തില്‍ നിന്ന് സംരംഭകനിലേക്ക്

കൂലിപ്പണിക്കാരനായ അപ്പനും വീട്ടമ്മയായ അമ്മച്ചിയും നഴ്‌സായ സഹോദരനുമടങ്ങുന്നതാണ് തൃശൂര്‍ കൊരട്ടി സ്വദേശിയായ ലിന്റോയുടെ കുടുംബം. സഹോദരന്‍ നഴ്‌സായതോടെ ലിന്റോയ്ക്കും വേണ്ടത് നഴ്‌സിംഗ് കരിയാറാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. സംരംഭകനാകാനാണ് ലിന്റോയ്ക്ക് താത്പര്യം എന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും അതിനാവശ്യമായ വലിയ തുകയൊന്നും കണ്ടെത്താന്‍ നമുക്കാവില്ലെന്നും നഴ്‌സിംഗ് സുരക്ഷിത ജോലിയാണെന്നും വീട്ടുകാര്‍ ബോധ്യപ്പെടുത്തി. എന്നാല്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ച ലിന്റോയ്ക്ക് പ്രതീക്ഷിച്ച ശമ്പളം കണ്ടെത്താനായതുമില്ല.

2009ല്‍ നഴ്‌സിംഗ് ഡിപ്ലോമ നേടിയ ശേഷം ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് സുഹൃത്തിന്റെ സഹോദരിയായ അപര്‍ണ യു.കെയിലേക്ക് നഴ്‌സായി ജോലി അന്വേഷിക്കുന്നതിന്റെ ഭാഗമായി ലിന്റോയുടെ സഹായം തേടുന്നത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയിലെ ഒരു ഏജന്‍സിയെ സമീപിച്ച് പണം നല്‍കിയെങ്കിലും യു.കെയില്‍ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഒടുവില്‍ അപര്‍ണയ്ക്ക് തിരികെ വരേണ്ടിയും വന്നു. ലിന്റോയ്‌ക്കൊപ്പം പഠിച്ച നല്ലൊരു ഭാഗം ആളുകളും വിദേശത്ത് ജോലിക്ക് ശ്രമിക്കുകയായിരുന്നതിനാല്‍ അവര്‍ക്കൊപ്പം പേപ്പര്‍ വര്‍ക്കുകള്‍ മുതലുളള ഘട്ടങ്ങളില്‍ ലിന്റോയും പങ്കാളിയായി. അപര്‍ണയ്ക്ക് സംഭവിച്ചത് പോലെ സുഹൃത്തുക്കള്‍ക്ക് സംഭവിക്കാതിരിക്കാന്‍ ലിന്റോ ഓരോ ഘട്ടത്തിലും പ്രത്യേകം ശ്രദ്ധചെലുത്തി. അങ്ങനെ നാട്ടില്‍ നിന്നുളള പരിചയക്കാരും സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളുമെല്ലാം ക്രമേണ ലിന്റോയെ തങ്ങളുടെ അനൗദ്യോഗിക കണ്‍സട്ടന്റാക്കി മാറ്റി.

ആദ്യ നിക്ഷേപം പതിനായിരം രൂപ

പ്രിയപ്പെട്ടവരുടെ അനൗദ്യോഗിക വിദേശ പഠന കണ്‍സള്‍ട്ടന്റെന്ന പദവി ലിന്റോയിലെ സംരംഭകന് പ്രതീക്ഷ നല്‍കി തുടങ്ങി. സംരംഭകനാവുന്നുവെങ്കിലത് വിദേശത്ത് ആയിരിക്കില്ലെന്നും ഗുണഭോക്താക്കള്‍ തന്റെ രാജ്യത്തുളളവര്‍ തന്നെയായിരിക്കണമെന്നും ലിന്റോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് 2010ല്‍ തന്റെ സമ്പാദ്യമായിരുന്ന 10,000 രൂപയുമായി ഡല്‍ഹി ആസ്ഥാനമാക്കി അഫിനിക്‌സ് എന്ന ട്രാവല്‍ ഏജന്‍സിക്ക് തുടക്കം കുറിക്കുന്നത്. ചെറിയ ലാഭമെടുത്തുകൊണ്ട് ട്രെയ്ന്‍, ഫൈ്‌ളറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കി സേവനം ആരംഭിച്ചു. അതിനോടൊപ്പം വിദേശ പഠനത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് പേപ്പര്‍ വര്‍ക്കുകളും മറ്റും ചെറിയ നിരക്കില്‍ ചെയ്ത് നല്‍കി. ഒരു വര്‍ഷം കൊണ്ട് ആയിരത്തോളം വിദ്യാര്‍ത്ഥികളെയും തൊഴിലന്വേഷകരെയുമാണ് ലിന്റോ വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ സഹായിച്ചത്.

വളര്‍ച്ചയുടെ പാതകള്‍

അന്താരാഷ്ട്ര പഠനത്തിനും വിദേശ റിക്രൂട്ടിംഗിനുമായി സ്വന്തമായൊരു സ്ഥാപനം തുടങ്ങാന്‍ പ്രാപ്തനായെന്ന് ഉറപ്പ് വന്നതോടെയാണ് 2017ല്‍ ലിന്റോ കൊച്ചിയില്‍ അഫിനിക്‌സ് ഇന്റര്‍നാഷണലിനും അഫിനിക്‌സ് സ്റ്റഡി എബ്രോഡിനും തുടക്കം കുറിക്കുന്നത്. ഇതിന് പിന്നാലെ പി.ആര്‍. ആന്‍ഡ് ഇമിഗ്രേഷന്‍, ഐ.ഇ.എല്‍.ടി.എസ്. പരിശീലനം എന്നീ മേഖലകളിലേക്കും അഫിനിക്സ് ചിറക് വിടര്‍ത്തി.

2010 മുതലുളള പരിചയസമ്പത്തിന് പുറമെ വിവിധ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളുമായും ഇതിനോടകം ലിന്റോ മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും സുരക്ഷ ഉറപ്പാക്കി. സ്‌കോളര്‍ഷിപ്പോടെ വിദേശ പഠനമെന്ന നിരവധി വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലീകരിച്ചു. ”ഓരോ വ്യക്തിയും തന്നെ സമീപിക്കുമ്പോള്‍ അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ് തന്നെ ഏല്‍പ്പിക്കുന്നതെന്ന ബോധ്യമുണ്ട്. അഫിനിക്‌സിലേക്കെത്തുന്ന ഓരോരുത്തരുടെയും മികച്ച ഭാവിക്കായി അതീവ ശ്രദ്ധയോടെയാണ് അതിനാല്‍ ഓരോ ഘട്ടത്തിലും നീങ്ങുന്നത്”, ലിന്റോ തോമസ് പറയുന്നു.

പതിനായിരത്തിലധികം പേരാണ് ഇതിനോടകം അഫിനിക്‌സിന്റെ സഹായത്തോടെ വിദേശത്തേക്ക് പറന്നത്. നൂറോളം ജീവനക്കാരുമായി കൊച്ചി,അയര്‍ലാന്‍ഡ്,ദുബായ്,കോട്ടയം,ചെന്നൈ എന്നിവിടങ്ങളിലേക്ക് ഇന്ന് അഫിനിക്‌സ് വളര്‍ന്ന് കഴിഞ്ഞു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നഴ്സുമാരെ ജി.സി.സി. രാജ്യങ്ങളിലേക്ക് റിക്രൂട് ചെയ്യുന്ന സ്ഥാപനമെന്ന നേട്ടവും അഫിനിക്സിന് സ്വന്തമാണ്.

ഭൂരിഭാഗം സമാന സ്ഥാപനങ്ങളും ഒന്നോ രണ്ടോ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ആസ്‌ട്രേലിയ, കാനഡ,അയര്‍ലാന്‍ഡ്,ജര്‍മനി, യു.കെ., ന്യൂസിലാന്‍ഡ്,യു.എസ്.എ. എന്നി രാജ്യങ്ങള്‍ക്ക് പുറമെ ജി.സി.സി. രാജ്യങ്ങളിലേക്കും അഫിനിക്‌സ് റിക്രൂട്‌മെന്റ് നടത്തുന്നുണ്ട്. സീനിയര്‍ കെയറര്‍, എന്‍.എച്ച്.എസ്. ട്രസ്റ്റ്, സൗദി സര്‍ക്കാര്‍, ഒമാന്‍ സര്‍ക്കാര്‍ എന്നിവിടങ്ങളിലേക്കുളള റിക്രൂട്മെന്റിനാണ് അഫിനിക്സില്‍ ഏറെ ആവശ്യക്കാരുളളത്. ഇതിന് പുറമൈ സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വ്യക്തികള്‍ക്ക് സൗജന്യമായി വിദേശത്ത് ജോലി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. വൈകാതെ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് അഫിനിക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here