കേരളത്തിലെ ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കി ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ കേരളത്തിലെത്തുന്നു. ഫുട്ബാളിന്‍റെ മിശിഹാ എന്നറിയപ്പെടുന്ന അർജന്‍റീനൻ ഇതിഹാസം ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ മെസി കേരളത്തിൽ ഉണ്ടാകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീം അംഗങ്ങളും കേരളത്തിൽ എത്തുമെന്ന് കഴിഞ്ഞ നവംബറിൽ മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാമെന്ന് അർജന്‍റീനിയൻ നാഷണൽ ടീം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞിരുന്നു. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായിക വകുപ്പ് നീക്കം തുടങ്ങിയത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.
ALSO READ; ലോകത്തെ ഏറ്റവും മികച്ച ജാവലിന്‍ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക്
14 വർഷങ്ങൾക്ക് മുമ്പാണ് മെസി ഇന്ത്യയിൽ ഫുട്ബോൾ കളിക്കാനെത്തിയത്. 2011 ലാണ് അർജന്റീന ഇന്ത്യയിൽ പന്ത് തട്ടാനെത്തിയത്. കൊൽക്കത്തയിലായിരുന്നു മത്സരം. എതിരാളികൾ വെനസ്വേല. ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകത്തിൽ സബലിസ്റ്റുകളുടെ പന്താട്ടത്തിന്റെ വിസ്മയം കാണാൻ ആരാധകർ കാത്തിരുന്നു. മെസിക്കൊപ്പം ഏയ്ഞ്ചൽ ഡി മരിയയും ഗോളടി വീരൻ സെർജി അഗ്വിറോ, മഷുറാനോ, ഗോണ്‍സാലോ ഹിഗ്വെയിൻ തുടങ്ങി ഫുട്ബോൾ ലോകത്തെ ഒരു പിടി നക്ഷത്രങ്ങൾ ഇന്ത്യൻ മണ്ണിലേക്കിറങ്ങി വന്ന അപൂർവ കാഴ്ചയായിരുന്നു അത്. 1-0 ന് അർജന്റീന വെനസ്വേലയെ തോൽപ്പിച്ചു. നിക്കോളാസ് ഓട്ടമെൻഡിയാണ് ഗോൾ നേടിയത് . 70,000 ത്തോളം കാണികൾക്ക് ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വിരുന്നേകിയാണ് അന്ന് അർജന്റീന മടങ്ങിയത്.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ് എന്ന് മെസി വരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here