ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ; 75 ഭൂരഹിത ഭവനരഹിതർക്ക് വീടുകള്‍ നിർമ്മിച്ചു നൽകാൻ ധാരണപത്രത്തിൽ ഒപ്പിട്ടു

LIFE MISSION

ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണല്‍ ഡിസ്ട്രിക്ട് 318എ 100 കുടുംബങ്ങൾക്ക് വീടുകള്‍ വെച്ചുനൽകുന്നു. ഇതിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതരായ 75 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ധാരണാപത്രത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ടു. ലയൺസ് ഇന്റർനാഷണൽ ഡിസ്കറ്റ്318എ യുടെ ഡിസ്ടിക്റ്റ് ഗവർണർ ലയൺ എം എ വഹാബ്, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് ഷാജി, കടയ്ക്കൽ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ചിറയിൽകീഴ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് ലയൺസ്-ലൈഫ് വില്ലേജ് പദ്ധതിയുടെ ധാരണാ പത്രം(എം.ഒ.യു) ഒപ്പുവെച്ചത്.

ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 25 വീടുകളും, കടയ്ക്കൽ, കിളിമാനൂർ ഗ്രാമപഞ്ചായത്തുകളിലായി 25 വീടുകൾ വീതവും നിർമ്മിക്കുന്നതിനുള്ള ധാരണാ പത്രമാണ് ഒപ്പുവച്ചത്. അവശേഷിക്കുന്ന 25 വീടുകളുടെ നിർമ്മാണത്തിനായുളള ധാരണാപത്രത്തിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സ്ഥലത്ത് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണത്തിനായുള്ള മുഴുവൻ ചെലവും ലയൺസ് ഇന്റർനാഷണൽ ഡിസ്ടിക്റ്റ് 318 എ യാണ് നിർവ്വഹിക്കുന്നത്. 454 ച.അടി വീതം വിസ്തീർണ്ണമുള്ള വീടുകളുടെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തീകരിച്ച് അർഹരായ ലൈഫ് ഗുണഭോക്താക്കൾക്ക് കൈമാറും.

ALSO READ; മഴ ശക്തി പ്രാപിക്കുന്നു; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യെല്ലോ അലര്‍ട്ട്

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, കടക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ , കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് , ലയൺസ് ഇന്റർനാഷണൽ പ്രതിനിധികളായ ലയൺ യു പത്മകുമാർ, സക്കറിയ ദത്തോസ്, രവികുമാർ സിഎൽ, രാജൻ ആർ, സുധി എസ്പി എന്നിവർ പങ്കെടുത്തു.

ലൈഫ് മിഷനുമായി കൈകോർക്കാൻ രംഗത്തെത്തിയ ലയൺസ് ഇന്റർനാഷണലിനെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനകം തന്നെ 517199 വീടുകൾ അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതിൽ 420555 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാനായി. ലയൺസ് ഇന്റർനാഷണലിനെപ്പോലെ കൂടുതൽ സംഘടനകള്‍ ലൈഫ് മിഷനോടൊപ്പം സഹകരിക്കാൻ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News