മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്തുകൾ; സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് നാളെ (ആഗസ്റ്റ് 16) തുടക്കമാവും. എറണാകുളം ജില്ലാ അദാലത്താണ് നാളെ നടക്കുന്നത്. കൊച്ചി ടൌൺ ഹാളിൽ നടക്കുന്ന അദാലത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കൊച്ചി കോർപറേഷൻ ഒഴികെയുള്ള എറണാകുളം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ഈ അദാലത്തിൽ പരിഗണിക്കുക. കൊച്ചി കോർപറേഷന് വേണ്ടിയുള്ള അദാലത്ത് ആഗസ്റ്റ് 17ന് നടക്കും. ജില്ലാ അദാലത്തുകൾക്ക് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിലുമാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; പകർപ്പ് ശനിയാഴ്ച പുറത്ത് വിടും

www.adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അദാലത്തിലേക്ക് മുൻകൂർ അപേക്ഷ നൽകാം. അദാലത്ത് ദിവസം നേരിട്ട് കേന്ദ്രത്തിലെത്തി പൊതുജനങ്ങൾക്ക് പരാതികളും നിവേദനങ്ങളും സമർപ്പിക്കാനും സൌകര്യമുണ്ട്. മുൻകൂർ ലഭിച്ച അപേക്ഷകൾ ഉദ്യോഗസ്ഥ തലത്തിലെ എല്ലാ പരിശോധനകളും പൂർത്തിയാക്കിയാകും അദാലത്തിലേക്ക് എത്തുക. പരമാവധി പരാതികൾക്ക് അദാലത്ത് ദിവസം തന്നെ പരിഹാരം ലഭിക്കുന്ന നിലയിലാണ് സൌകര്യം ഒരുക്കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും, പ്രിൻസിപ്പൽ സെക്രട്ടറിയും, സ്പെഷ്യൽ സെക്രട്ടറിയും, പ്രിൻസിപ്പൽ ഡയറക്ടറും, റൂറൽ അർബൻ ഡയറക്ടർമാരും, ചീഫ് എഞ്ചിനീയറും, ചീഫ് ടൌൺ പ്ലാനറുമുൾപ്പെടെയുള്ള ഭരണ-ഉദ്യോഗസ്ഥ നേതൃത്വമാകെയാണ് പരാതികൾ പരിഹരിക്കാൻ എത്തുന്നത്. ആവശ്യമായി വന്നാൽ പ്രത്യേക സർക്കാർ ഉത്തരവുകൾ പോലും അതേ ദിവസം തന്നെ പുറത്തിറക്കി പരാതികൾ പരിഹരിക്കാൻ അദാലത്തുകൾക്ക് കഴിയും. കൂടാതെ കെട്ടിട നിർമ്മാണ വിഷയങ്ങളിലുൾപ്പെടെ പരമാവധി ഇളവുകൾ നൽകാനും അദാലത്തുകൾക്ക് കഴിയും. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ അധികാരികൾ മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, എഞ്ചിനീയറിംഗ് മേധാവിമാർ വരെയുള്ളവരും അദാലത്തിൽ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ബാക്കി ഉദ്യോഗസ്ഥർ അതാത് സ്ഥാപനങ്ങളിൽ തുടരും. ഓരോ പരാതിയുമായി ബന്ധപ്പെട്ടും തത്സമയം വിവരം ശേഖരിക്കാനും, തീരുമാനങ്ങൾ അതാത് ദിവസം തന്നെ നടപ്പിലാക്കാനും ഈ ഉദ്യോഗസ്ഥരിലൂടെ കഴിയും.

Also Read: ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് : കാന്തപുരം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ശരിയായ നിലയിൽ അപേക്ഷ നൽകിയിട്ടും സമയപരിധിക്കകം സേവനം ലഭിച്ചിട്ടില്ലെങ്കിൽ അദാലത്തിനെ സമീപിക്കാം. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ പൊതുവായ പരാതികളും അദാലത്ത് സമിതി പരിഗണിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്. കെട്ടിട നിർമ്മാണ പെർമ്മിറ്റ് പൂർത്തീകരണം ക്രമവത്കരണം, വ്യാപാര വാണിജ്യ സേവന ലൈസൻസുകൾ, ജനന മരണ വിവാഹ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൌകര്യങ്ങൾ, ആസ്തി പരിപാലനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങളിലുള്ള പരാതികളാണ് നൽകാനാവുക. അതേസമയം ലൈഫ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി എന്നിവയിലേക്കുള്ള പുതിയ അപേക്ഷകളോ, ജീവനക്കാരുടെ സർവീസ് വിഷയങ്ങളോ അദാലത്തിൽ പരിഗണിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News