ഒരു വ്യക്തി തന്റെ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു രാജ്യത്തെ ദേശീയ പദവിയുള്ള പാര്‍ട്ടി അവസരങ്ങള്‍ക്കനുസരിച്ച് തന്റെ നിലപാടുകളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഒരുപക്ഷേ നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ അര നൂറ്റാണ്ടിലധികം ഇന്ത്യ എന്ന മഹാ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇപ്പോള്‍ പല വിഷയങ്ങളിലും നിലപാടില്ലാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്നത്.
രാജ്യം ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയാണ്. പൗരത്വനിയമഭേദഗതിയിലും കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ചും നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ക്കിപ്പിടിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹത്തില്‍ പരിഹാസപാത്രമാകുകയാണ്.
54 വര്‍ഷത്തിന് മേല്‍ ഇന്ത്യ ഭരിച്ചിരുന്ന ഒരു പാര്‍ട്ടിക്ക് ചില വിഷയങ്ങളില്‍ നിലപാടില്ലാതാവുക എന്നത് ചിലപ്പോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. പാര്‍ട്ടിയുടെ മുഖമാണ് തെരഞ്ഞെടുപ്പിന് അവര്‍ പുറത്തിറക്കുന്ന പ്രകടന പത്രിക. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സിഎഎ റദ്ദാക്കുമെന്ന് കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പ്രകടപത്രികയില്‍ അതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല.
Also Read : രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണകൂടം, ജനാധിപത്യ അവസ്ഥ അപകടപ്പെടുന്നു: മുഖ്യമന്ത്രി
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ കാണുന്ന ബിജെപി സര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസിന്റെ മൗനം പ്രകടന പത്രികയിലും ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും എന്ന പരാമര്‍ശത്തില്‍ മാത്രം നിലപാട് ഒതുക്കി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പ്രതിപക്ഷളെ വേട്ടയാടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അധികാരങ്ങളെ സംബന്ധിച്ചും യുഎപിഎ, പിഎംഎല്‍എ വകുപ്പുകളുടെ ദുരുപയോഗത്തിലും പ്രകടന പത്രികയില്‍ മിണ്ടാട്ടമില്ല. പഴയ പെന്‍ഷന്‍ പദ്ധതി പുഃനസ്ഥാപിക്കുമെന്ന മുന്‍ നിലപാടും പത്രകയില്‍ മഷിയിട്ട് നോക്കിയാല്‍ കാണില്ല.
കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില വാഗ്ദാനം ചെയ്യുമ്പോഴും കാര്‍ഷിക കടങ്ങള്‍ എഴുതി തളളാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര ജീവനക്കാര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും പ്രകടന പത്രികയില്‍ ഇടംപിടിച്ചില്ല.
അപ്പോഴും അവിടെ വേറിട്ട് നില്‍ക്കുന്നത് സിപിഐഎമ്മിന്റെ പ്രകടന പത്രികയാണ്. പൗരത്വ ഭേദഗതി നിയമവും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനമാണ് സിപിഐഎം നല്‍കിയത്. 12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.ഐ.എം പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും, തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും, ഡീസല്‍-പെട്രോള്‍ വില കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ രാജ്യത്തെയും ജനങ്ങളെയും പാടെ മറന്നുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷം ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍എസ്എസ് അജണ്ടകള്‍ക്ക് ബദലായ മാര്‍ഗ്ഗനിര്‍ദേശങ്ങളോ വികസനകാഴ്ചപ്പാടുകളോ നിലപാടുകളോ ഇല്ലാതെയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ പല മോഹനവാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വിഴുങ്ങി. തെളിച്ച വഴിയേ പോകുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി തെളിച്ച വഴിയില്‍ ക്കൂടി സുഗമമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here