ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിലേക്കുളള പരസ്യപ്രചാരണം ഇന്നവസാനിക്കും. 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് 19ന് ആദ്യഘട്ട വോട്ടെടുപ്പ്. നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുളള ദേശീയ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ വിഷയങ്ങളും പരസ്പരം വാഗ്ദാനങ്ങളുമായി പ്രചാരണത്തിലാണ്.
17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനങ്ങള്‍ വിധിയെഴുതുക. ആകെ 1625 സ്ഥാനാര്‍ത്ഥികള്‍. തമിഴ്നാട്, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായതിനാല്‍ 19ന് വോട്ടെടുപ്പ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ 39 സീറ്റുകളുളള തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ മാത്രം 950 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമില്‍ അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും ഉത്തരാഖണ്ഡില്‍ അഞ്ചും പശ്ചിമ ബംഗാള്‍ മൂന്ന്, മണിപ്പുരില്‍ രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
Also Read: ബിജെപിയും മോദിയും ആശങ്കയിലാണ്; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്: ഡി രാജ
ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും 19നാണ് വോട്ടെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രമുഖരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ നിന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആദ്യഘട്ടത്തില്‍ ജനവിധി തേടും. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ജനവിധി തേടുന്നുണ്ട്. രാജസ്ഥാനില്‍ സിക്കാര്‍ മണ്ഡലത്തില്‍ സിപിഐഎം നേതാവ് അമ്രാ റാമും ജനവിധി തേടുന്നു.
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്പത്തൂരിലും തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്തിലും ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി തൂത്തുക്കുടിയിലും ജനവിധി തേടുന്നു. പ്രചരണം ചൂടുപിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് ബിജെപി നേതാക്കളും രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറാം യെച്ചൂരി, ഡി രാജ, മമത ബാനര്‍ജി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും മറ്റ് താരപ്രചാരകരും പ്രചാരണ പരിപാടികളുടെ തിരക്കിലാണ്. മൂന്ന് മാസത്തോളം നീണ്ട വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റന്നാള്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here